വരവ് :Saturday, October 7, 2017

വിക്രം ബാലആളുകളോട് ഇടപെടുന്നതിലുണ്ടായിരുന്ന പ്രത്യേകത കൊണ്ട്    ‘പട്ടാളം’ ന്ന്  നാട്ടില്‍ നിക്ക് നെയിമുണ്ടായിരുന്ന  വിശാലാക്ഷി ടീച്ചര്‍ക്ക്‌ രണ്ടു പെണ്‍കുട്ടികളായിരുന്നു.   ഇരട്ട സുന്ദരികള്‍  ഇന്ദുവും  ഗൌരിയും.  ആയ കാലത്തേ ഭര്‍ത്താവ് ഗുഡ്  ബൈ പറഞ്ഞു പോയതില്‍പ്പിന്നെയാണ്  പൂ പോലെ സൌമ്യയായിരുന്ന ടീച്ചര്‍ വിജയ ശാന്തിയുടെ ആറ്റിറ്റ്യൂഡിലേക്ക് മാറിയത്.  “നിക്ക് പെണ്‍കുട്ട്യോള് രണ്ടാ ...മൂന്ന് സ്ത്രീകള്   മാത്രം ജീവിക്യണ വീടാ....പെരുമാറ്റത്തില്‍ ഇച്ചിരി കടുപ്പം തോന്നില്ലേല്‍ സകല ലവന്മാരും കേറി നിരങ്ങില്ലേ “ ന്നായിരുന്നു  ടീച്ചര്‍ കൊളീഗായിരുന്ന നിര്‍മ്മല ടീച്ചറോട് ഒരിക്ക്യലിതിനെക്കുറിച്ച്  പറഞ്ഞത്. 

പിള്ളേര് രണ്ടും വളര്‍ന്നു  എസ് ന്‍ കോളെജ്ജില്‍ ഡിഗ്രിക്ക് ചേര്‍ന്ന  സമയത്താണ്  ടീച്ചര്‍ടെ വീടിന്റെ ജസ്റ്റ്‌ ഒപ്പോസിറ്റ്  നവധാര ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ്  ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നത്.  ക്യാരംസുകളീടെ ഗ്യാപ്പില്‍ വായ്നോട്ടോം കൂടി നടക്കോലോന്നോര്‍ത്ത്   പ്രദേശത്തെ ആണായിപ്പിറന്ന നിറ യൌവനങ്ങൾ മുഴുവനും  ട്വന്റി ഫൌര്‍ ബാര്‍ സെവന്‍  ക്ലബ്ബില്‍ അടയിരുന്നു തുടങ്ങിയപ്പോഴാണ് സംഭവത്തിലെ സെക്യൂരിറ്റി ബ്രീച്ച് മണത്തറിഞ്ഞ്  ടീച്ചര്‍  ഒരു ഡിഫന്‍സിവ് മെഷര്‍ എന്ന നിലക്ക്  ആറടിയോളം ഉയരോണ്ടായിരുന്ന, ഒരഡീഷ്നല്‍ ഫീച്ചർ എന്ന നിലക്ക് കുപ്പിച്ചില്ലോണ്ട്  ടോപ്പിങ്ങൂടി ചെയ്ത,  ഒരു   ചുറ്റുമതില്‍ വീടിന് പണിയിച്ചത്.

ആയിടക്കു തന്നെയാണ് ടീച്ചര്‍ വിക്രം എന്ന പേരുള്ള ആ നാട്ടിലെ  ആദ്യത്തെ   അല്‍സേഷ്യനെ അവതരിപ്പിക്കുന്നത്‌.  വിക്രം  പേര്  പോലെ തന്നെ അക്രമിയും വീരശൂര പരാക്രമിയുമായിരുന്നു. പട്ടിണിക്കോലങ്ങളായിരുന്ന  ശ്വാന വീരന്‍ മാരെക്കണ്ട് മാത്രം ശീലിച്ച  ലോക്കല്‍  ശ്വാന സുന്ദരികള്‍ക്ക്  അര്‍നോള്‍ഡ ഷ്വാ സ്നേഗര്‍ന്റെ  ഗറ്റപ്പുണ്ടായിരുന്ന വിക്രം  ഫസ്റ്റ് സൈറ്റില്‍ തന്നെ  ഹാര്‍ട്ട്‌ ത്രോബ് ആയി മാറി. 

ടീച്ചറുടെ പറമ്പ്  മാത്രല്ല ആ ഏരിയ മുഴുവനും  വിക്രമിന്  മുൻപും പിൻപും എന്ന രീതിയിൽ അടയാളപ്പെടുത്താമായിരുന്ന മാറ്റങ്ങളാണ് വിക്രം  വന്നതോടെ സംഭവിച്ചത്. ടീച്ചര്‍ടെ പറമ്പിലേക്ക് ബാള്‍ പോയാല്‍ അടിച്ചവന്‍ ഔട്ട്‌ ആണെന്നും പുതിയ ബാള്‍ വാങ്ങിക്കൊണ്ട് വരുന്നത്‌ വരെ  ആ ബാറ്റ്സ്മാന്‍  സസ്പെന്‍ഷനില്‍ ആയിരിക്കുമെന്നൊക്കെയുള്ള (അക്കാലത്ത് ബി സി സി   ഐ ക്ക് പോലും അജ്ഞാതമായിരുന്ന) നിയമങ്ങള്‍ നവധാരയില്‍ നിലവില്‍ വരുന്നത് വിക്രമിന്റെ ടൈമിലാണ്.  വിക്രം ചാര്‍ജ്ജെടുത്ത അന്ന് തന്നെ അതു വരെ ആ പറമ്പില്‍ സ്വൊര്യ  വിഹാരം നടത്തിയിരുന്ന  സകല ജീവികളും വാര്‍ഫൂട്ട് ബേസില്‍  അബ്സ്കോ ണ്ടായി.  ടീച്ചറെ മുന്‍പരിചയമില്ലത്ത്തത് കൊണ്ടു മാത്രം എന്തെകിലും സഹായത്തിന് ”ന്നാ പ്പിന്നെ ഇവിടെ കയറിചോദിച്ചേക്കാം” ന്ന് കരുതി  ഗേറ്റിനടുത്തേക്ക് വന്നിരുന്ന അപൂര്‍വ്വം  വഴിപോക്കര്‍  ഗേറ്റിനരികെ   വരെ ചെന്ന്  വിക്രമിന്റെ പതിനയ്യായിരം കിലോവാട്ട് ഡോള്‍ബി അറ്റ് മോസ്  കുര കേട്ട് ശബ്ദം ഇത്രേണ്ടേല്‍  സാധനത്തിന്റെ  ആക്രമണ തീവ്രത എന്തായിരിക്കും എന്നതിനെക്കുറിച്ച് ഒരു ബോള്‍ പാര്‍ക്ക്‌ എസ്റ്റിമേറ്റിട്ട് ഇനിയീ പഞ്ചായത്തിലേക്കേയില്ലെന്ന്  ഓൺ ദ സ്പോട്ട് തീരുമാനിച്ച് സ്കൂട്ടാവായിരുന്നു  പതിവ്.   

വിക്രമിന്റെ സര്‍വിലൻസ് ആന്റ് റക്കനൈസെൻസിൽ കാര്യങ്ങള്‍ സെക്വർ ആന്‍ഡ്‌ ടൈഡിയായി പോവുന്ന ടൈമിൽ  ഒരൂ ഞായറാഴ്ച ലോകം മുഴുവന്‍ ഉച്ചയുറക്കത്തിലേക്ക് സ്ലിപ് ആയ മോമെന്റില്‍  എവിടെന്നോ ആ പ്രേദേശത്ത് ആദ്യമായി എത്തിപ്പെട്ട   ഒരു കരി മൂര്‍ഖന്‍ ടീച്ചര്‍ടെ പറമ്പിലേക്ക് ഇഴഞ്ഞു കയറി. 

പറമ്പ് ക്രോസ് ചെയ്ത്  പോര്‍ച്ചിന്റെ അകത്തേക്ക്  "സുന്ദരിനീയും സുന്ദരന്‍  ഞാനും ചേര്‍ന്നിരുന്നാല്‍ തിരുവോണം”  എന്ന പാട്ടിന്റ പേസിൽ   ഇഴയുന്ന  ടൈമിലാണ്  ലഞ്ച് കഴിഞ്ഞു മെയിന്‍ എന്ട്ര്നസിനരികെ ചവിട്ടിയില്‍ ഉറങ്ങി ഉറങ്ങിയില്ല എന്ന മോഡില്‍ കിടന്നിരുന്ന  വിക്രം അപകടം മണത്തറിഞ്ഞു ചാടി യെണീറ്റ് ആദ്യത്തെ കുര  കുരച്ചത്.

ആദ്യത്തെ കുര തീരുന്നതിന് മുന്‍പേ  തന്നെ അമൽ  നീരദിന്റെ നായകനെ പോലെ  അകത്തേക്ക് ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്ന മൂര്‍ഖന്‍   വിക്രമിന് നേരെ തിരിഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു മൂര്‍ഖന്‍ പാമ്പ് ലോകത്തെവിടെ ആയിരുന്നാലും പ്രതികരിക്കുന്ന ട്രഡീഷ്നല്‍ പോസ്ച്ചറിലേക്ക്  മാറി ആദ്യത്തെ ചീറ്റ് ചീറ്റി.

ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശൂ !!! 

അത് വരെ വല്ലപ്പോഴും ഗേറ്റ് കടന്നു വരാന്‍ ശ്രമിച്ചിരുന്ന, വന്നാല്‍ ത്തന്നെ ആദ്യത്തെക്കുരക്ക് തന്നെ ചുവരിലടിച്ച പന്ത് പോലെ വന്നേലും വേഗത്തില്‍ തിരിച്ചു പോണ,  സ്ഥലത്തെ പ്രധാന ചേരയെ മാത്രം കണ്ട് ശീലിച്ച വിക്രം തന്റെ തലയ്ക്കൊപ്പം ഉയരത്തില്‍ പത്തി വിരിച്ച്  കീരിക്കാടന്‍ ജോസിന്റെ അറ്റിറ്റ്യൂഡില്‍  ആദ്യമായി തന്റെ ഡൊമൈനില്‍ ഒരു ചലഞ്ചിനെ മുഖാമുഖം കണ്ട് രണ്ട് സ്റെപ്പ് പുറകിലേക്കിറങ്ങി എന്താപ്പാനി നെക്സ്റ്റ് ന്നാ ലോചിച്ച് നിന്ന  ഗ്യാപ്പിലാണ്   “...ന്താ ഈ നായിങ്ങനെ കെടന്ന്  കൊരക്ക്യണേ” ന്നറിയാന്‍  ടീച്ചര്‍ ജനല് വഴി എത്തി നോക്കിയതും “അയ്യോ പാമ്പേ” നലറി വിളിച്ചതും.

വിതിന്‍ ഷോര്‍ട്ട് സ്പാന്‍ ഓഫ് ടൈം    ഇന്ദുവും ഗൌരിയും “ ആയ്യോ ഞങ്ങടെ വീട്ടി പാമ്പ് കേറി നാട്ടാരെ ഓടി വരണേ “  ന്നലറി വിളിച്ചു   ടീച്ചറുടെ ലീഡ് കരച്ചിലിന്  കോറസായി ച്ചേര്‍ന്നത്  സംഭവത്തിന്റെ റീച്ച് കൂടിക്കോട്ടേന്ന സദുദ്ദേശം കൊണ്ടു മാത്രാണ്.

മൂന്ന് സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ നിന്നും ഓഡ്‌ ടൈമില്‍   “എന്താപ്പൊരു കരച്ചില് ന്ന്  ക്യൂരിയസ്സായിട്ട് തന്റെ  വാര്‍ഡിലെ  ഏതോ പ്രജയുടെ കല്യാണത്തിനു പോയി മടങ്ങും വഴി മെമ്പര്‍ ബാലേട്ടന്‍   ടീച്ചറുടെ  വീടിന്റെ മുന്പില്‍ സ്കൂട്ടര്‍ നിര്‍ത്തിയിറങ്ങിയത്.

സംഭവം പാമ്പാണെന്ന് മനസിലാക്കി ഗേറ്റ് ചാടിക്കടന്നു  ഉണണക്കാനിട്ടിരുന്ന  വിറക് കൂട്ടത്തില്‍ നിന്നും തന്റെ ഓപ്പറേഷനു സ്യൂട്ടായ ഒരു പട്ട സെലക്റ്റ് ചെയ്തു ബാലേട്ടന്‍ സ്പോട്ടിലെത്തുമ്പോ വിക്രമും മൂര്ഖാനും പരസ്പരം അക്രമിക്ക്യനുള്ള പഴുതു  നോക്കി പരസ്പ്പരം പോര്‍ വിളി ജസ്റ്റ് സ്റ്റാര്‍ട്ട് ചെയ്യ്തിട്ടേണ്ടായിരുന്നുള്ളൂ.

ബാലേട്ടന് പുറകിലായാണ്  നവധാരയില്‍ ക്യാരംസ് കളിച്ചോണ്ടിരുന്ന അമ്പുവും സിനീഷും ശ്യാമും ഇന്ദൂന്റേം ഗൗരീടേം  ശബ്ദല്ലേ കേട്ടത് എന്ന ഉൾവിളിയിൽ അവരവർക്ക്  സ്യൂട്ടായിട്ടുള്ള  ഓലമടല്‍ സെലക്റ്റ് ചെയ്ത്  ഒപ്പറേഷന്‍   മൂര്ഖനില്‍ ജോയിന്‍ ചെയ്തത്.

വിക്രമിന്റെ പുറകില്‍ ആള് കൂടിയത് കണ്ടത് കൊണ്ടാണോന്നറിയില്ല ചീറ്റി നിന്നിരുന്ന മൂര്‍ഖന്‍ പത്തിയൊന്ന് താഴ്ത്തി സ്കൂട്ടാവാന്‍ സ്കോപ്പുണ്ടോന്ന് നോക്കി പരിസരം വിലയിരുത്താനിടുത്ത ആ ഒരേയൊരു  നിമിഷം...... എല്ലാ  യുദ്ധത്തിനു മുന്‍പും ഏതൊരു  പടയാളിയും കടന്നു പോകുന്ന ആ  ഓടണോ നിക്കണോ യെന്ന ക്രിട്ടിക്കൽ   മൊമന്റ് ! ആ ഗ്യാപ്പിലാണ് ഫുള്‍ ഫോക്കസില്‍  നിന്നിരുന്ന വിക്രം സറൊവ്ണ്ടിങ്ങാമ്പിയന്‍സ് എങ്ങിനുണ്ടെന്നറിയാന്‍ ജസ്റ്റ്‌ ഒന്ന്  തിരിഞ്ഞു നോക്കിയത്. 

കഴിഞ്ഞ ന്യൂ ഇയര്‍ സെലിബ്രേഷന് നവധാരയുടെ ലക്കിഡിപ്പിന്റെ  മെയിന്‍  സ്പോസാറായിരുന്ന ശേഖരേട്ടന്‍സ്  കുങ്ഫു അക്കാദമിയുടെ നോട്ടീ സിലുണ്ടായിരുന്ന   ചൈനക്കാരനെപ്പോലെ പാമ്പിനെ അടിക്ക്യാന്‍ മടലോങ്ങി പാങ്ങ്  നോക്കി വിവിധ പോസുകളില്‍ നിലയുറപ്പിച്ച് ഓപ്പറേഷന്‍  സന്നദ്ധരായി  ബാലന്‍സ് ചെയ്തു നിന്നിരുന്ന  ബാലേട്ടന്‍ ആന്‍ഡ്‌ ടീം നെ നേരില്‍ ക്കണ്ടതും ബാലേട്ടനും പിള്ളേരും   #മൂര്‍ഖന്‍ പാമ്പിനോടൊപ്പം  എന്നൊരു ഹാഷ്ടാഗ്  മിസ്സണ്ടര്‍സ്റ്റാണ്ടിംഗ്   വിക്രമിന് ഉണ്ടായി.  പാമ്പിനെ അവിടെ വിട്ട്ട്ട്  "നീയൊക്കെ വീട്ടിക്കേറി അടിക്ക്യറായോടാന്നോ ആരോട്  ചോദിച്ചിട്ടാടാ നീയൊക്കെയീപറമ്പേക്കേറിയേ” ന്നോ അര്‍ഥം വരുന്ന ഒരു ഹൈവോൾട്ടേജ്  കുര കുരച്ചു ബാലേട്ടന്റെ നെഞ്ചത്തേക്ക് വിത്തിൻ സ്പിളിറ്റോഫേ സെക്കന്റ് കൊണ്ട് കുതിച്ച്  ചാടിയ വിക്രംമില്‍ നിന്നും   മൈക്രോ സെക്കണ്ടുകളുടെ ഗ്യാപ്പില്‍ മാത്രം ഒഴിഞ്ഞ് മാറി  ആറടിയോളമുയരമുണ്ടായിരുന്ന കോമ്പൗണ്ട് വാളിന്റെ  ഉയരം കുറവാണ് എന്ന് തോന്നിയ  ഒരു ഭാഗത്തൂടെ ഒമർ മക്ലൂഡ്  ഹർഡില്‍സ്  ചാടികടക്കണ  ലാഘവത്തോടെ   ആളും പിള്ളേരും  ചാടി രക്ഷപ്പെട്ടത്,  ലാൻഡിങ്ങിൽ ചില്ലറ പരിക്ക്കൾ സംഭവിച്ചിരുന്നെങ്കിലും. ആ ഗ്യാപ്പിൽ മൂർഖൻ എത് വഴിക്ക്  പോയിയെന്ന് മാത്രം ആർക്കും ഒരു പിടീം കിട്ടീല്ല.

പിറ്റേന്ന് ഉളുക്കിയ കാല് മായി പാതി ഞൊണ്ടി ആ വഴി വന്ന ബാലേട്ടൻ ടീച്ചറുടെ വീടിന് മുൻപിൽ ഒരു ലോഡ്  ഇഷ്ടിക ഇറക്കി വച്ചത് കണ്ടിട്ട് "വീട് പണീ ണ്ടാ? ന്താ ടീച്ചറെ ഇഷ്ടിക എറക്കിവച്ചിരിക്കണേ?" ന്ന് ചോദിച്ചതിന് മറുപടിയായി

 "അല്ല  മതില് ഒരു രണ്ടടി ഉയരം കൂട്ടാനാ .... ആർക്കെങ്കിലും ഒരത്യാവശ്യം വന്നാ ചാടിക്കടക്കാവുന്ന ഉയരല്ലേപ്പോളളൂ നിന്നലല്ലേ മെമ്പ റേ  മ്മക്ക്  മനസിലായുള്ളൂ ... " ന്ന് പറഞ്ഞ് സാരീടെ തുമ്പ് വലിച്ച് എളിയിൽ കുത്തി പുത്യേ  ചങ്ങലേക്കിടന്ന വിക്രത്തേയും ഒറ്റക്കാലിൽ ബാലൻസ് ചെയ്ത് നിന്നിരുന്ന ബാലേട്ടനേയും തനിച്ചാക്കി വീട്ടിനകത്തേക്ക്  ചവിട്ടിക്കു തിച്ച് കയറിപ്പോയി.