വരവ് :Tuesday, August 4, 2015

യുറേക്കാദിശകൾ എന്ന സങ്കൽപ്പത്തെ ക്കുറിച്ച്‌ ധ്രുവിനെ മനസിലാക്കിക്കാനാണ്‌ ‌ ഞാൻ ഒരു വടക്ക്‌ നോക്കി യന്ത്രം വാങ്ങിയത്‌.
കഴിഞ്ഞ ദിവസം വാങ്ങിയ ടോയ്‌ കാറിന്റെ അവസാന ത്തെ സ്ക്രൂ അഴിച്ചു കൊണ്ടിരിക്കുന്ന രൂപത്തിലാണ്‌ സിറ്റൗട്ടിൽ നിന്നും ലവനെ പിടികൂടിയത്‌.
"കുട്ടൂസേ....ദാ അച്ചൻ നിനക്ക്‌ വേണ്ടി കൊണ്ട്‌ വന്നതെന്താന്ന് കണ്ടോ???"
ആകാംക്ഷ സഹിക്ക്യാഞ്ഞ്‌ ലവൻ ഓടി വന്നു. "....ന്താ??"
"ഇതാണ്‌ വടക്ക്‌ നോക്കിയന്ത്രം......അഥവാ കോമ്പസ്സ്‌!!"
അവൻ സാധനം വാങ്ങി കയ്യിൽ വച്ചു തിരിച്ചും മറിച്ചും നോക്കി.
"കുട്ടൂന്‌ കാണാൻ പറ്റണുണ്ടൊ അതിനകത്തൊരു നീഡിൽ??"
"ഇതാണോ നീഡിൽ??"
"അതെയതെ...."
ജെയിംസ്‌ ബോണ്ടി ന്‌ പുതിയ തരം ആയുധങ്ങളും വാഹനങ്ങളും ഒക്കെ പരിചയ പ്പെടുത്തുന്ന ടെക്കിയെ പ്പോലെ തികഞ്ഞ ആധികാരികതയോടെ കോമ്പസ്സുമായി ഞാൻ ധ്രുവിന്റെ മുന്നിൽ നിന്നു.
"ആ നീഡിൽ എപ്പോഴും വടക്ക്‌ ത ന്നെ നോക്കിയിരിക്കും....കണ്ടില്ലേ........."
കോമ്പസ്സ്‌ തലങ്ങും വിലങ്ങും തിരിച്ച്‌ ഡെമോ സഹിതം ഞാൻ കാര്യം വിശദീകരിച്ചു.
അത്ഭുതം കൊണ്ട്‌ ആ മൂന്നര വയസുകാരന്റെ കണ്ണുകൾ വിടർന്ന് നിൽക്കുന്നത്‌ കണ്ട്‌ ഞാൻ കുറച്ചൂടെ സബ്ജക്റ്റ്‌ വികസിപ്പിച്ചു.
"കപ്പലോടിക്കുന്ന ആളുകൾ ഇതാണ്‌ പകലും മഴ ക്കോളുള്ള രാത്രികളിലും ദിശയറിയാൻ ഉപ യോഗിച്ചിരുന്നത്‌......ഇതിങ്ങനെ പിടിച്ചാൽ റെഡ്‌ നീഡിൽ പോയിന്റ്‌ ചെയ്യുന്നത്‌.... നോർത്ത്!‌...ആതിനെതിർവശം.... സൗത്ത്‌!!....നോർത്തിലേക്ക്‌ തിരിഞ്ഞു നിന്നാൽ റയിറ്റ്‌ സൈഡിൽ ഈസ്റ്റ്...‌ ലെഫ്റ്റിൽ വെസ്റ്റ്!!!‌ ......മനസിലായോ???"
അവ ന്റെ കണ്ണുകൾ ഒന്നൂടി വിടർന്നു.
"ഭൂമി ചുറ്റി സഞ്ചരിക്കാൻ പോയ ആദ്യത്തെ സഞ്ചാരിയില്ലെ ....മഗല്ലൻ!!.....ആൾഡെ കയ്യില്‌ ഇത്‌ പോല ത്തെ ഒരു കോമ്പസ്സ്‌ മാത്രേ ഉണ്ടായിരുന്നുള്ളൂ, ലോകം ചുറ്റി വരാനിറങ്ങിയപ്പോൾ!!"
"ആണോ ?? "എന്ന മട്ടിൽ എന്നെ നോക്കിയിട്ട്‌ അവൻ കോമ്പസ്സ്‌ ആദരപൂർവ്വം വാങ്ങി അത്ഭുതത്തോടെ അതിനകത്തേക്ക്‌ നോക്കി.
"ഇനി കുട്ടു പറഞ്ഞേ... നോർത്ത്‌ എങ്ങിനാ കണ്ട്‌ പിടിക്കുന്നേ??"
"ഹൂ....ഹും!! ...അച്ഛൻ കണ്ട്‌ പിടിക്ക്‌..."
ലവന്‌ മനസിലായില്ലെന്ന് തോന്നുന്നു ....ഞാൻ ഒന്നൂടെ ആവർത്തിച്ചു.
" റെഡ്‌ നീഡിൽ പൊയിന്റ്‌ ചെയ്യുന്നത്‌ നോർത്ത്‌....." ന്ന് പറഞ്ഞ്‌ നിർത്തുമ്പോഴേക്കും ഞാൻ അവശനായി. ഇനിയൊരാവർത്തി കൂടി പറഞ്ഞു കൊടുക്കുമ്പോഴേക്കും ഞാൻ ചത്ത്‌ മലക്കും...പ്രതീക്ഷയോടെ ഞാൻ ചോദിച്ചു
"ഇനി കുട്ടു പറയ്‌ .... എങ്ങിനാ കണ്ട്‌ പിടിക്കുന്നെ??"
പറഞ്ഞു തീരുന്നതിനു മുൻപെ ക സേരയുടെ മറവിലേക്ക്‌ മാറിയൊളിച്ചിട്ട്‌ അടുത്ത നിമിഷം എന്റെ മുന്നിലേക്ക്‌ ചാടി വരുന്നതിനിടെ ധ്രുവ്‌ വിളിച്ച്‌ പറഞ്ഞു ...
"ഇങ്ങനെ ഒളിച്ചിട്ട്‌ .....ഇങ്ങനെ കണ്ടുപിടിക്കും !! "
ഉടൻ എനിക്ക്‌ ദിവ്യമെങ്കിലും അതീവ ലളിതമായ ഒരു തിരിച്ചറിവുണ്ടായി:
"എന്താണെങ്കിലും കണ്ടു പിടിക്ക്യണമെങ്കിൽ ആദ്യം അത്‌ കാണാണ്ടാവന്നെ വേണം!!"
"യുറേക്കാ...... " എന്നലറി വിളിച്ച്‌ അവ ന്റെ കയ്യിൽ നിന്നും കോമ്പസ്‌ വാങ്ങി ഞാൻ പുറ ത്തേക്കു വലിച്ചെറിഞ്ഞ്‌ കളഞ്ഞു...എവിടെ ക്കേങ്കിലും പൊയ്ക്കോട്ടെ!!

1 comment:

സുധി അറയ്ക്കൽ said...

ഹാ ഹാ ഹാ.കണ്ടുപിടിത്തം ഉഗ്രൻ!!!