വരവ് :Monday, May 30, 2011

വിശ്വാസം, അതല്ലേ എല്ലാം!!

ബര്‍ട്രാന്‍ഡ്‌ റസ്സലിന്റെ 'വൈ ഐ അം നോട്ട് എ ക്രിസ്ത്യ'നൊ റിച്ചാഡ് ഡാക്കിന്‍സിന്റെ
'ദി ഗോഡ് ഡെല്യുഷനൊ' വായിച്ചിട്ടൊന്നുമല്ല ഒന്‍പതാം ക്ലാസ്സ്‌ പ്രായത്തില്‍
ഞാന്‍ ഒരു വന്‍ യുക്തിവാദിയായത്‌.

കോവൂരിനെയോ സനല്‍ ഇടമറുകിനെയോ ആള്‍ടെ ബുള്‍ഗാന്‍ താടിയെയൊ
എന്തിനധികം?... യുക്തിവാദം എന്ന് പോലും അന്നേവരെ കേട്ടിട്ടില്ലായിരുന്നു!

ഒരു ഇംഗ്ലീഷ് ഓണപരീക്ഷേടന്ന് 'വിദേശ വസ്തുക്കള്‍ ബഹിഷക്കരിക്കാന്‍
പറഞ്ഞ ഗാന്ധിജി ഈ ഇംഗ്ലീഷ് എന്തെ നിരോധിക്ക്യാഞ്ഞാവോ?'
എന്നൊക്കെ
ചിന്തിച്ചു സ്കൂളിലേക്ക് പോവുമ്പോ അന്നത്തെ എക്സാമിനെക്കുറിച്ചോര്‍ത്തു
അകെ ഒരു സുഖല്ല്യായ്മ ഫീല്‍ ചെയ്തോണ്ടാണ്‌ കയ്യിലുണ്ടായിരുന്ന
പത്തു രൂപ അമ്പലത്തിലിട്ടേക്കാം എന്ന് വിചാരിച്ചത്.

ഭണ്ടാരത്തില്‍ ക്യാഷിട്ട് കൈ കൂപ്പി നിക്കുമ്പോ "ജയിപ്പിക്യണെ.." എന്ന അപേക്ഷ
രൂപത്തില്‍ വന്ന പ്രാര്‍ത്ഥനയെ പത്തു രൂപ അത്ര സില്ലിയല്ല എന്ന് തോന്ന്യോണ്ടാണ്
"നാല്പ്പത്തെട്ടില്‍ കുറയാത്ത മാര്‍ക്ക് കിട്ടണം! " എന്ന ഡിമാന്റിംഗ് രൂപത്തിലേക്ക്
മോഡിഫൈ ചെയ്തു കളഞ്ഞത്.

ഓണപ്പൂട്ടു കഴിഞ്ഞ് സ്കൂളില്‍ ചെന്നപ്പോ പ്രസാദന്‍ മാഷ്‌ ഒരു ദയേല്ലാണ്ട്
സിംഗിള്‍ ഡിജിറ്റ് മാര്‍ക്കിട്ട് ആ ആന്‍സര്‍ ഷീറ്റ് നേരെ കയ്യിത്തരേം,
അതും കൊണ്ട് വീട്ടി വന്നപ്പോ അച്ഛന്‍ കീചകവധം ടൈപ്പ് ഒരു പ്രകടനം
എന്റെ നെഞ്ചത്ത് നടത്തേം ചെയ്ത സീനിന്റെ ഒടുവിലാണ് ദൈവം ഇല്ലാന്നും
ആള്‍ടെ പേരില്‍ നമ്മളിടുന്ന കാശൊക്കെ അമ്പലക്കാര് പുട്ടടിക്യാണ്
എന്ന് മനസിലാക്കി ഞാന്‍ ഒരു തികഞ്ഞ അവിശ്വാസി ആയി മാറിയത്.

താടീം മുടീം നീട്ടി വളര്‍ത്തി അലക്കാത്ത ജുബ്ബേം ഇട്ട് ഒന്നിന് പുറകെ
ഒന്നായി കാജാബീഡീം വലിച്ചു നടക്കണ സ്ഥലത്തെ പ്രധാന പുരോഗമനക്കാരായ
മോഹനേട്ടനും പോളേട്ടനും പിതാംബരേട്ടനും ആണു നമുക്ക് മുട്ടാന്‍ പറ്റിയ
സമാന ചിന്താഗതിക്കാര്‍ എന്ന് തിരിച്ചറിയേം ഗ്രാമദീപം വായനശാലേണ്
പുലികളുടെ പ്രധാന വിഹാര മേഖല എന്ന് മനസിലാക്കീട്ടു അവിടെ ചെന്നിരുന്നു
യുക്തി വിചാരം മാസിക വായിക്ക്യണ ഗ്രൂപ്പില്‍ ഞാനും ജോയിന്‍ ചെയ്തെങ്കിലും
താടിയും മീശയും ജുബ്ബയുമോന്നുമില്ലത്തോണ്ട് കൂട്ടത്തിലശുവായയെന്നെയവര്‍
അര്‍ഹിക്കുന്നതില്‍ കൂടുതല്‍ അവഗണയോടെ തള്ളിക്കളയാണ് ഉണ്ടായത് .

അസ്തിത്വവാദം, സ്വത്വം തേടിയുള്ള യാത്ര,പോസ്റ്റ്‌ മോഡേനിസം, റിവിഷനിലിസം,
ഹോളോകോസ്റ്റ് ഡിനെയല്‍, സയണിസം
എന്ന് തുടങ്ങി കേള്‍ക്കുമ്പോ
ഒരു പിടിയും കിട്ടാതിരുന്ന കാര്യങ്ങളാണ് അവര് ചര്‍ച്ച ചെയ്തിരുന്നതെങ്കിലും,
'വര്‍ഗീയവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും
അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നതും, ബൂര്‍ഷാസികള്‍ തക്കം പാര്‍ത്തിരുന്നതും,
വര്‍ഗാധി പത്യവും കൊളോണിയലിസ്റ്റ് ചിന്താ സരണികളും റാഡിക്കലായിട്ടുള്ള
ഒരു മാറ്റമല്ലാത്തതു
'മൊക്കെയാണ് ആര്‍ ഡി പി തിരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍
കാരണമെന്നു ശങ്കരാടി സന്ദേശത്തില്‍ എക്സ്പ്ലയിന്‍ ചെയ്തത് കേട്ടിരുന്ന്
തലകുലുക്കിയ പാര്‍ട്ടി പ്രവര്‍ത്തകരെ പ്പോലെ പൂര്‍ണ അച്ചടക്കത്തോടെ ഞാനതെല്ലാം
ഇരുന്നു കേള്‍ക്കായിരുന്നു പതിവ്.

എങ്കിലും, വല്ലാണ്ട് അടുപ്പിക്ക്യാത്തോണ്ടു ദ്രോണര്‍ - ഏകലവ്യന്‍
ടൈപ്പ് ഗുരുശിഷ്യ ബന്ധം മാത്രേ അക്കാലത്ത് അവരോടൊക്കെ എനിക്ക് സാധിച്ചുള്ളൂവെങ്കിലും
ഈ വക കാര്യങ്ങള്‍ കേട്ടറിവ് പോലും ഉണ്ടാകില്ല എന്നുറപ്പുള്ള നാലാള് കൂടുന്നിടതെല്ലാം
ഇവരേന്നു പഠിച്ച കാര്യങ്ങള്‍ വിളിച്ച് പറഞ്ഞു ആളാവാന്‍ കിട്ടിയ ഒരവസരോം ഞാന്‍
ഒരിക്ക്യാലും പാഴാക്കാറില്ലായിരുന്നു. ആളുകള്‍ക്ക് നമ്മളെ ക്കുറിച്ച് ഒരിത് തോന്നേണ്ടേ !

ആ അധ്യയനവര്‍ഷത്തിന്റെ അവസാനം, മാര്‍ച്ച് മാസത്തിലാണ് പൊരിവെയിലത്ത്
ഒരു തമിഴത്തി കൈ നോട്ടക്കാരി അമ്മ മാത്രം വീട്ടിലുള്ള നേരത്ത് വരേം അമ്മയുടെ കൈ
നോക്കീട്ടു മകനായ എനിക്ക് രണ്ട് മാസത്തിനകം ഒരു വന്‍ വാഹനാപകടം ഉണ്ടാവാന്‍
ചാന്‍സ് ഉണ്ടെന്നും ഓണ്‍ ദി സ്പോട്ട് ആള് തട്ടിപ്പോവാന്‍ വരെ വെരി ഹൈ പ്രോബബിലിറ്റീസ്
കാണുന്നുവെന്നും പറഞ്ഞു 25 മണീസ് വാങ്ങിപ്പോയത്.

സ്കൂള് വിട്ട്‌ വീട്ടിലെത്തിയപ്പോ ഈ ന്യൂസ്‌ കേട്ടു എന്നിലെ യുക്തിവാദി സടകുടഞ്ഞു എണീക്കേം
കണ്ണിക്കണ്ട തമിഴത്തികള് ജീവിക്കാന്‍ വേണ്ടി വേഷം കെട്ടിയെഴുന്നുള്ളിക്കുന്ന വിഡ്ഢിത്തങ്ങള്‍
വിശ്വസിക്കാന്‍ മാത്രം അമ്മയുടെ ബുദ്ധി മരവിച്ചു പോയോ എന്നൊക്കെ പ്രതികരിക്കേം ചെയ്തെങ്കിലും,
പിറ്റേന്ന് അച്ഛന്‍ എന്റെ ജാതകം കൊണ്ടോയി നോക്കിച്ചപ്പോ തമിഴത്തി പറഞ്ഞ വാഹനാപകടം
അച്ചട്ടാണ്ന്ന് പണിക്ക്യര് ഉറപ്പിക്കാണുണ്ടായത്.

കാര്യം ചന്ദ്രനിലേക്ക് പോകുന്ന റോക്കറ്റും, ജമ്പോ ജെറ്റ് വിമാനോം, എസ് ക്ലാസ്സ്‌ ബെന്‍സും
വാഹനത്തിന്റെ നിര്‍വചനത്തില്‍പെടുമെങ്കിലും ആ സമയത്ത് എന്റെ കസ്റ്റഡിയിലുണ്ടായിരുന്നത്
പേരമ്മ വാങ്ങിത്തന്ന ചോന്ന പെയിന്റടിച്ച ഹീറോഹെന്‍സാന്ന് പേരുള്ള
ഒരു മുക്കാല്‍ സൈക്കിളായിരുന്നു. ആയതിനാലാണ് പ്രസ്തുത സൈക്കിള്‍ മൂന്നു മാസത്തേക്ക്
ഉപയോഗിക്കുന്നതില്‍ നിന്നും എനിക്ക് പരിപൂര്‍ണ്ണ വിലക്കേര്‍പ്പെടുത്താന്‍ അച്ഛനും അമ്മയും
ചേര്‍ന്ന ഡിവിഷന്‍ ബെഞ്ച്‌ വിധിച്ചത്.

ദൈവം വെറും കെട്ടു കഥയാണെന്നും, വിധേയത്വവും മാനസികാടിമത്വവുമാണ്
അടിസ്ഥാനപരമായി ദൈവ വിശ്വാസം ജനിപ്പിക്കുന്നതെന്നും, പ്രതിബന്ധങ്ങളെ
ആത്മവിശ്വാസത്തോടെ നേരിടുന്നതിനു പകരം വിധിക്കു കീഴടങ്ങാനാണു
മതവും ദൈവവും മനുഷ്യനെ പ്രേരിപ്പിക്കുന്നതെന്നും, അത് വഴി മനുഷ്യന്റെ
നൈസര്‍ഗ്ഗികമായതും പുരോഗമന പരമായതുമായ സ്വഭാവ വിശേഷങ്ങളായ
കര്‍മ്മശേഷിയും അന്വേഷണകൌതുകവും നശിച്ചു പോവാണ്‌ എന്നുമുണ്ടായിട്ടുള്ളതെന്നും,
ശാസ്ത്രത്തിന്റെ എല്ലാ മുന്നേറ്റങ്ങളും ദൈവ നിഷേധമാണെന്ന് ചിന്തിക്കുന്ന ദൈവ വിശ്വാസികളുടെ
പിന്തിരിപ്പന്‍ നയങ്ങള്‍ കൊണ്ടാണ് മനുഷ്യ പുരോഗതി തടസ്സപ്പെട്ടു കിടക്കുന്നതെന്നും,
നമ്മളെപ്പോലുള്ളവരെങ്കിലും ഇതിനപവാദമായി ചിന്തിച്ചില്ലെങ്കില്‍ മതവും ദൈവവും
അന്ധവിശ്വാസങ്ങളും ആള്‍ദൈവങ്ങളും കപട ദിവ്യരും വരും കാലങ്ങളിലും നമ്മളെ ചൂഷണം
ചെയ്തോണ്ടിരിക്കുമെന്നൊക്കെ പീതാംബരേട്ടന്‍ വായനശാലെടെ വാര്‍ഷികത്തിന്
ചെയ്ത പ്രസംഗത്തിന്റെ ഓര്‍മ്മയില്‍ നിന്നെടുത്തു വച്ചു കീറിയ ശേഷം,
തമിഴത്തിയും പണിക്ക്യരും ഒരേ തരം തട്ടിപ്പിന്റെ വിവിധ മുഖങ്ങള്‍ ആണെന്നും,
ഇടാക്കുന്ന ചാര്‍ജ്ജില്‍ മാത്രേ അവര് തമ്മില്‍ വ്യത്യാസ മുള്ളുവെന്നും,
സൊ യുവറോണേഴ്സ്, ദയവുണ്ടായി.. സാമ്പത്തിക ലാഭം മാത്രം മുന്നില്‍ക്കണ്ട്
കപട വിശ്വാസ പ്രചരണം നടത്തുന്ന തമിഴത്തിയും പണിക്ക്യരും പറഞ്ഞത്
മുഖവിലക്കെടുക്കാതെ തുടര്‍ന്നും സൈക്കിള്‍ ഉപയോഗിക്ക്യാന്‍ അനുവദിക്ക്യണം
എന്ന അപേക്ഷയില്‍ അവസാനിപ്പിച്ച എന്റെ അപ്പീല്‍വാദം അച്ഛനും അമ്മയും
ചേര്‍ന്നു ഇനിയോരപ്പീലിന് പോലും സാധ്യതയില്ലാത്ത വിധം ഒന്നിനെതിരെ
രണ്ട് വോട്ടിനു ശക്തമായി തള്ളിക്കളയാണുണ്ടായത്.

അതോടെ ഹി-മാന്റെയും ഫാന്റത്തിന്റെയും സ്റ്റിക്കറൊട്ടിച്ച് നാല് നേരോം പൊടി തുടച്ചു
മിനുക്കി ഞാന്‍ ഓമനിച്ചു കൊണ്ടു നടന്നിരുന്ന ആ സൈക്കള്‍ പിറ്റേന്ന് മുതല്‍
കുഞ്ഞുമുറിയില്‍ തടവിലാക്കപ്പെടേം സൈക്കിളിന്റെയും കുഞ്ഞുമുറീടെം താക്കോലുകള്‍
അമ്മേടെ കസ്റ്റഡിയിലാവേം ചെയ്തു.

ആ സമ്മര്‍ വെക്കേഷന് കൂട്ടുകാരൊക്കെക്കൂടി നടത്തിയ കാക്കത്തുരുത്തിപ്പാലം
സൈക്കള്‍ ടൂര്‍ എന്ന മെഗാ ഇവന്റില്‍ സൈക്കിളില്ലത്തോണ്ട് മാത്രം എനിക്ക്
പാര്‍ട്ടിസിപ്പേറ്റ് ചെയ്യാമ്പറ്റാണ്ടായപ്പോ തമിഴത്തിയോട് ചില്ലറ ദേഷ്യോന്നല്ല തോന്ന്യേതു.

കയ്യെത്തും ദൂരത്തുണ്ടായ്ട്ടും ഞാനും സൈക്കളും പരസപ്പരം ഒന്ന് നേരിക്കാണാബോലും പറ്റാണ്ട്
ഒന്നൊന്നര മാസത്തോളം ഹൃദയം നുറുക്കുന്ന വിരഹ വേദനയോടെ എങ്ങിനെയൊക്കെയോ തള്ളി നീക്കി.

അങ്ങിനിരിക്കെയാണ് ഒരൂസം ഓര്‍ക്കാപ്പുറത്ത് ഒരു ബന്ദ് വീണ് കിട്ടിയത്.
റോഡിലൊന്നും ഒരു വാഹനോം ഉണ്ടാവില്ല എന്ന ഉറപ്പു പറഞ്ഞ് അമ്മയോട്
കരഞ്ഞുകാലുപിടിച്ചാണ് ഒടുവില്‍ സൈക്കളുമായി പുറത്തേക്കിറങ്ങീത്‌.
സൈക്കിള് കിട്ട്യ സ്ഥിതിക്ക് കാക്കാതുരുത്തി പാലം വരെ പോയിട്ട് വരാം
എന്ന് തീരുമാനിക്കേം ജോസിന്റെ വീട്ടീന്ന് രണ്ട് ടയറിലും നിറയെ എയരടിച്ചിട്ട്
പാലം എയിം ചെയ്തു ചവിട്ടേം ചെയ്തു.
സൈക്കിള്‍ ടൂര്‍ മിസ്സായ സങ്കടം മാറാന്‍ പാലത്തില്‍ ചെന്നിട്ടു മൂന്നാല് റൌണ്ട് എടുത്ത ശേഷം
രണ്ടു മൂന്ന് കല്ലെടുത്ത്‌ വെള്ളത്തിനു മോളിലൂടെ പാളിച്ചെറിഞ്ഞു തിരിച്ചു വരാന്‍ ആയിരുന്നു പ്ലാന്‍.

തനിച്ചായോണ്ടാണോ അതോ ചൂടിന്റെ കടുപ്പംകൊണ്ടാണോന്നറിയില്ല
പാലത്തില് ചെന്ന് മൂന്നാല് റൌണ്ട് ചവിട്ട്യേപ്പോ തന്നെ തിരിച്ചു പോരാന്‍ തോന്നാണുണ്ടായത്.
സൈക്കിള് തിരിച്ചു പാലം ഇറങ്ങിക്കൊണ്ടിരിക്കുമ്പോ, ഇടത്തേ കൈകൊണ്ടു ഹാന്റിലിന്റെ വലത്തേ
ഭാഗത്തും വലത്തെ കൈകൊണ്ട് ഇടത്തെ ഭാഗത്തും പിടിച്ചിട്ട്‌ സൈക്ക്ളിങ്ങിലുള്ള വൈദഗ്ധ്യം
പരീക്ഷിക്കുമ്പോ, വലത്തേക്ക് തിരിച്ച സൈക്കിള് ഇടത്തേക്ക് തിരിഞ്ഞും,ബാലന്‍സ് മിസ്സായി
ഇടത്തേക്ക് തിരിച്ചപ്പോ വലത്തേക്ക് തിരിഞ്ഞും ഒട്ടും പ്രതീക്ഷിക്യാതെ സാധനം
എന്റെ കണ്ട്രോള് വിട്ട്‌ കുതറാണുണ്ടായതു.

കണ്ട്രോള്‍ മിസ്സായ ഞാനും സൈക്കിളും അക്കൊല്ലം തൈപ്പൂയത്തിനു വന്ന കരകാട്ടക്കാരിടെ
പോലെ ആടിയാടി പമ്പരം തിരിഞ്ഞ് ഒടുക്കം പാലത്തിന്റെ കൈവരി അവസാനിക്കുന്ന
സ്ഥലത്തെത്തീപ്പോ വണ്ടികള് പുഴയിലേക്ക് വീഴാണ്ടിരിക്ക്യാന്‍ കുഴിച്ചിട്ടിരുന്ന കറുപ്പും വെളുപ്പും
പെയിന്റടിച്ച ഒരു കരിങ്കല്‍ കുറ്റിയില്‍ ചെന്നിടിക്കേം, ഇടീടെ ആഘാതത്തില് മൂന്നാലാള്
ഉയരത്തീനു പാലത്തിന്റെ അപ്രോച്ച് റോഡിന്റെ സൈഡിലുള്ള കുത്തനെയുള്ള ഇറക്കത്തിലൂടെ
ഹൈലി റൊമാന്റിക്‌ സീനില്‍ നായകനും നായികയും ഉരുണ്ടുരുണ്ട്‌ പോണ പോലെ പോയിട്ട്,
പൊഴേടെ ആഴം കുറഞ്ഞ ഒരു ഭാഗത്ത്‌ ചെന്ന് ക്രാഷ് ലാന്‍ഡ്‌ ചെയ്യാണുണ്ടായത്.

ബന്ദു കാരണം റോഡിലൊന്നും ആരും ഉണ്ടാവാണ്ടിരുന്നോണ്ടും, അടുത്തൊന്നും വീടുകള്‍
ഇല്ലാണ്ടിരുന്നോണ്ടും, സമയം നല്ല നട്ടുച്ച ആയോണ്ടും റോഡില്‍ നിന്നും പുഴയിലേക്ക്
സഞ്ചരിക്കുന്നതിനിടെ ഞാന്‍ പുറപ്പെടുവിച്ച ഹാര്‍ട്ട്‌ ബ്രേക്കിംഗ് എസ് ഓ എസ്
ബ്രോഡ്‌ കാസ്റിംങ്ങിന്റെ പരിധിയില്‍ ആരും പെടാതിരുന്നത് നന്നായി എന്നാണു
ചണ്ടിയും പായലും വകഞ്ഞു മാറ്റി ചളിയില്‍ പുതഞ്ഞ സൈക്കിളെടുത്ത്
തോളില് വച്ചു പൊഴേന്നു കേറിപ്പോരുമ്പോ തോന്നിയത്.

കുളിച്ചു കുറിയിട്ട് കുട്ടപ്പനായി സൈക്കിളും ചവിട്ടി ജില്‍ ജിലുന്ന് പോയ ചെക്കന്‍
എട്ടു പോലെ വളഞ്ഞ ഫ്രന്റ്‌ വീലുള്ള സൈക്കിളും തോളില്‍ താങ്ങി, കാവും-കൊട്ടയുമായി
മീന്‍കാരന്‍ വാരിക്കോരി-അന്ത്രുക്ക വരുന്ന പോലെ വലിഞ്ഞു നടന്നു വരുന്ന കാഴ്ച കണ്ട അമ്മ
ആധിയോടെ വിളിച്ചു ചോദിച്ചു "എന്തൂട്ടാടാ പറ്റീത് ?"

സൈക്കിള് വിറകുപുരേമെ ചാരി വച്ചിട്ട് മേല്ന്നു ചണ്ടീം പായലും എടുത്തു കളയുമ്പോഴാണ്
ഞാനതിനു മറുപടി പറഞ്ഞത്

"ഇതാണമ്മേ....ആ തമിഴത്തി പറഞ്ഞ......വാഹനാപകടം !"


------------------------------------------------------------------------------------------------------------
വാല്‍ക്കഷ്ണം : ഈ സംഭവത്തോടെയാണ് ഞാന്‍ ഗ്രാമ ദീപം വായനശാലേലെ
ആജീവനാന്ത മെമ്പര്‍ഷിപ്പ് നിഷ്ക്കരുണം ഉപേക്ഷിച്ച് ഒരു ശരാ ശരി മലയാളിയേപ്പോലെ കൈനോട്ടം,
മഷിനോട്ടം, പക്ഷിശാസ്ത്രം, ഗൌളി ശാസ്ത്രം, ജ്യോതിഷം, ജാതകം, ധന വര്‍ധക യന്ത്രം, ഋണമോചക
യന്ത്രം, ആള്‍ ദൈവം, മാന്തിക എലസ്സു, വശ്യം, കൈവിഷം,മാരണം എന്നിവയുടെയൊക്കെ
കടുത്ത ആരാധകനായത് ഏറ്റവും ഒടുവില്‍ കുബേര്‍ കുഞ്ചിയുടെയും. ഇതൊക്കെ ഇല്ലാണ്ടിക്കാലത്ത്
നമ്മളൊക്കെ എങ്ങിനെ ജീവിക്ക്യാനാ ?
------------------------------------------------------------------------------------------------------------

3 comments:

നൂലന്‍ said...

കൊള്ളാം മാഷേ നന്നായി ഇടക്കൊക്കെ നന്നായി ചിരിപ്പിച്ചു ഇനീം ഇടക്കിടെ വരാംട്ടോ

Giri said...

yes very funny,....

ee blog facebookil available akkikoodey,
kurachu koodi publicity kittum...

i will wait for the next item

prasanth said...

കലക്കി bro..
ഏതാണ്ടിതുപോലെയോക്കെയാണ് ഞാനും ദൈവ വിശ്വാസിയായത്...