വരവ് :Friday, May 20, 2011

സെന്തിലിന്റെ യോഗ

ഒരു പണിയുമില്ലാതെ വീട്ടില്‍ ഉണ്ടും ഉറങ്ങിയും സുഖായി ജീവിക്ക്യണ കാലത്താണ് എനിക്ക് പണി കിട്ടിയത്.
ഡാ ചെക്കാ നീ ഇങ്ങോട്ട് പോരെ... ഇന്ത്യ മഹാരാജ്യത്തിന് നിന്നെ ആവശ്യ മുണ്ടെടാ എന്ന
ലൈനില്‍ ഒരു കത്താണ് വന്നത് .
ആദ്യത്തെ അഞ്ചു മാസം ട്രെയിനിംഗ് ആണു പൂനെയില്‍.
കിട്ടിയ ബസ്സീക്കേറി പുനെയിലേക്ക് ചെന്നു.
ചെന്നപ്പോ ഇന്ത്യേടെ നാനാ ഭാഗത്തൂന്നും ഇരുന്നോറോളം പേരുണ്ടായിരുന്നു
ഇതേ വിധിയുമായിട്ടവിടെ.

ലോ വേസ്റ്റ് ജീന്‍സും ഇറക്കം കുറഞ്ഞ ബോഡിഫിറ്റ്‌ ടി-ഷര്‍ട്ടും ഇട്ടു
പുറകീന്ന് നോക്കിയ നാട്ടുകാരെക്കൊണ്ട്‌ ജീന്സിനും ടി ഷര്‍ട്ട്‌നും ഇടയ്ക്കുളള
വിസ്തൃത പ്രദേശത്ത് Y എന്ന് വായിപ്പിച്ച് സമപ്രായക്കാരെക്കൊണ്ട് ' വോവ് ! '
എന്നും സീനിയര്‍ സിറ്റിസണ്സിനെക്കൊണ്ട് ' ശിവ! ശിവ! കലികാലം! ' എന്നും പറയിച്ചു
നടന്ന യോ-യോ കുമാരന്മാരുടെയും,
ലെഗ്ഗിങ്ങ്സിന്റെ അങ്ങേയറ്റം വരെ കാണാന്‍ പറ്റണ ടൈപ്പ് സ്ലിറ്റുള്ള സ്ലീവ്ലെസ്സ് ടോപും
സ്കിന്‍ ഫിറ്റ്‌ ജീന്‍സും മിനി സ്കര്‍ട്ടും ഒക്കെയിട്ട് നടന്നിരുന്ന യോ-യോ കുമാരിമാരുടെയും നെഞ്ചില്‍
ടണ്‍ കണക്കിന് തീക്കനല്‍ കോരിയിട്ട "ഫോര്‍മല്‍സ് മാത്രെ ധരിക്കാവൂ" എന്ന ഉഗ്രശാസനയായിരുന്നു
ട്രെയിനിങ്ങിന്റെ ആദ്യ ദിവസം ഒരു ഇടത്തരം പാറ്റണ്‍ ടാങ്കിന്റെ വലിപ്പമുള്ള പ്രോഗ്രാം
കോഡിനേറ്റര്‍ ആയ വിംഗ് കമാണ്ടര്‍ സ്റ്റേജില്‍ കയറിയിട്ട് ആദ്യം നടത്തിയത്.
തനി പട്ടാളം സെറ്റപ്പിലാണ് കാര്യങ്ങള്‍ എന്ന് മനസിലാക്കാന്‍ അത് മാത്രം മതിയായിരുന്നു.

എന്നും രാവിലെ എണീറ്റാല്‍ ആദ്യം ഷേവ് ചെയ്യണം...
പിന്നെ കുളിച്ചു ഒരു മണിക്കൂര്‍ യോഗ....
അത് കഴിഞ്ഞ് പിന്നെയും കുളിക്കണം...
കുളിച്ചു കഴിഞ്ഞ് തേച്ചു വടിയാക്കിയ ഡ്രസ്സ്‌ ഇടാം...
ടൈ കെട്ടിയിരിക്കണം, ഷൂസ് കണ്ണാടി പോലെ തിളങ്ങണം, ഇട്ട ഡ്രസ്സ്‌ ചുളിയരുത്....
ചായ കുടിക്ക്യാന്‍ പോലും ഫോര്‍ക്ക് ആന്‍ഡ്‌ സ്പൂണ്‍ മാത്രം.....
അത് കഴിഞ്ഞ് ക്ലാസിനു എട്ടു മണിക്ക് പ്രസന്റ് ആവണം.....
വയ്കീട്ട് നാലര വരെ തുടര്‍ച്ചയായ ക്ലാസ്സ്‌.....
അതിനിടക്ക് മുപ്പതു മിനിറ്റ് ഭക്ഷണം കഴിക്കാന്‍ ഉപയോഗിക്കാം.....
ഇതൊക്കെ പാലിക്ക്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് തരാതരം പണിഷ് മെന്റ്സ് ...
തുടങ്ങി കേള്‍ക്കാന്‍ പോലും ഒരു സുഖവും തോന്നാത്ത കാര്യങ്ങള്‍ ആയിരുന്നു
ഒന്നൊന്നര മണിക്കൂറോളം ആള് വച്ച് കീറിയ പ്രസംഗം മുഴുവന്‍.
വറ ചട്ടീന്ന് നേരെ എരിതീയിലേക്ക് വീണ അവസ്ഥ!

ഒരു നിലക്ക് വലിച്ചു കെട്ടിയുടുത്ത സാരീ എപ്പോ അഴിഞ്ഞു വീഴും എന്നാശങ്കപ്പെട്ടു
കുമാരിമാരും ഹാന്‍ഡ്‌ കഫ് പോലും ബട്ടന്‍ ഇട്ട്മുറുക്കി കൂടെ പട്ടിക്കു ബെല്‍ട്ടും
ഇട്ട പോലെ ടൈയ്യും കെട്ടി ശ്വാസം മുട്ടിയ കുമാരന്മാരും ഇനി ഒരഞ്ചു മാസം കൂടെ ഇനി
ഇതൊക്കെ സഹിക്കണമല്ലോ എന്നോര്‍ത്തും,
ഇതിനു സെലക്ഷന്‍ കിട്ടിയത് ഏതു സമയത്താണാവോ എന്ന് അത്മഗദിച്ചുമാണ്
പിറ്റേന്ന് കാലത്ത് എട്ടുമണിക്ക് ക്ലാസില്‍ റിപ്പോര്‍ട്ട്‌ ചെയ്തത്.
ചെന്ന ഉടന്‍ യോഗ ക്ലാസ്സ്‌ തുടങ്ങാന്‍ ഒരാഴ്ച കൂടെ എടുക്കും എന്നൊരു അപ്പോളജി
അനൌണ്‍സ് ചെയ്തു കേട്ടപ്പോ 'ഒരു മാസം എടുത്തോ... ആയാസത്തില്‍ മതീട്ടാ'
എന്ന് പറയാനാണ് തോന്നിയത്.

ക്ലാസ്സ്‌ നടക്കുന്നത് തൃശൂര്‍ ജോര്‍ജ്ജേട്ടസ്-രാഗം പോലെ ഒരു തിയറ്റര്‍ സെറ്റപ്പിലാണ്.
സെവന്റി എംഎം സ്ക്രീനില്‍ ഒരു പവര്‍ പോയിന്റ്‌ പ്രസന്റേഷന്‍.
സ്റ്റേജ്ന്റെ സൈഡിലായി ഒരു പോഡിയം.
പോഡിയത്തില്‍ മുകളില്‍ ഒരേ ഒരു സ്പോട്ട് ലൈറ്റ്, അവിടെ ക്ലാസ്സ്‌ എടുക്കുന്ന ആള്‍.
ചുറ്റോടു ചുറ്റും അതി ഭീകരമായ ഇരുട്ട്...
അതിനേക്കാള്‍ ഭീകരമായ ക്ലാസ്സ്‌ !!

ആസ്ഥാനത്ത് അള്‍ട്രാ വയലറ്റ് രശ്മി പതിക്കുമ്പോള്‍ ആണു നേരം വെളുക്കുന്നതെന്നും
അപ്പോള്‍ മാത്രേ ഉറക്കം എണീക്കെണ്ടൂ എന്നും വിശ്വസിച്ചിരുന്ന ഞങ്ങളോട്
ശരീരത്തിന്റെ പിന്‍ഭാഗത്ത്‌ നട്ടെല്ല് ഏന്‍ഡ് ചെയുന്ന സ്ഥലത്ത് കുണ്ടലിനി
എന്നൊരു സാധനം ഉണ്ടെന്നും ദിവസേന രാവിലെ നാല് മണിക്കുണര്‍ന്നു
യോഗ പ്രാക്ടീസ് ചെയ്‌താല്‍ അതിനെ ഉണര്‍ത്താമെന്നും
അതുണര്‍ന്നാല്‍ പിന്നെ പരമാനന്ദമാണെന്നും യോഗ ട്രെയിനര്‍ ആ ആഴ്ച
തന്നെയാണ് വന്ന് പറഞ്ഞത്.

എങ്കിപ്പിന്നെ സാധനം ഉണര്‍ത്തി നോക്കീട്ടന്നെ കാര്യം എന്ന് ആ നിമിഷത്തില്‍
ഞാന്‍ എടുത്ത തീരുമാനം ഏതോ ആസനത്തിന്റെ പേരും പറഞ്ഞ്
ആള് സ്റ്റേജില്‍ കടുംകെട്ടു വീണ കയറു കിടക്കണ പോലെ കിടന്നു കാണിച്ചപ്പോ
സംഗതി വിചാരിച്ച പോലെ എളുപ്പല്ലന്ന തിരിച്ചറിവില്‍ ആവിയാവേണുണ്ടായത്.

ഇത്ര ബുദ്ധിമുട്ടാണ് ഉണര്‍ത്താന്‍ എങ്കില്‍ അതവിടെക്കിടന്നുറങ്ങിക്കോട്ടേ എന്ന് ഞങ്ങളൊക്കെ
വിചാരിച്ചെങ്കിലും ഇടിവെട്ടു കൊണ്ടവന് ഉടനെ ഒരു പാമ്പ് കടികൂടെ ഇരിക്കട്ടെ എന്ന്
ദൈവം ഉദ്ദേശിച്ചതോണ്ടാവും പിറ്റേന്ന് മുതല്‍ യോഗ തുടങ്ങാണെന്നും
എല്ലാവരും മസ്റ്റ്‌ ആയി അറ്റന്‍ഡ് ചെയ്തിരിക്യണമെന്നുള്ള അറിയിപ്പ് ഉടന്‍ കിട്ടിയത്.

രാവിലെ നാലുമണിക്ക് അലാറം വച്ചെഴുന്നേറ്റു തണുത്ത വെള്ളത്തില്‍ കുളിച്ചെന്നു
വരുത്തി യോഗ നടക്കുന്ന ഹാളില്‍ ചെന്നപ്പോ അവിടെ തലേന്ന് വന്നു കിടപ്പായിരുന്നു
എന്ന മട്ടില്‍ കുറെയെണ്ണം ചമ്രം പടിഞ്ഞിരിക്കുന്നു, ഇവനൊന്നും ഉറക്കമൊന്നുമില്ലേ ?

എല്ലാര്‍ക്കും കൊച്ചു വെളുപ്പാന്‍ കാലത്തുള്ള ഈ ഏര്‍പ്പാടിനോടുള്ള അതീവ താല്പര്യം കൊണ്ട്
ഹാളിന്റെ പിന്‍ ഭാഗത്ത്‌ ഭയങ്കര റഷായിരുന്നു, ഏറ്റവും മുന്‍പില്‍ നേരെ
ഇന്‍സ്ട്രക്ടറുടെ മുന്‍പില്‍ ചെന്നിരിക്കേണ്ടി വന്നു എനിക്ക്.

പ്രാണായാമം ആയിരുന്നു ആദ്യം.

"ഞാന്‍ ക്ലോസ് യുവര്‍ ഐസ് എന്ന് പറയുമ്പോള്‍ കണ്ണടക്കണം....
ബ്രീത്ത്‌ ഇന്‍ ഫ്രം റൈറ്റ് എന്ന് പറയുമ്പോള്‍ ഇടത്തെ മൂക്ക് അടച്ചു പിടിക്യണം....
എന്നിട്ട്, വലത്തെ മൂക്കിലൂടെ മാക്സിമം ശ്വാസം അകത്തേക്ക് വലിക്യണം...
ഹോള്‍ഡ്‌ എന്ന് പറയുമ്പോള്‍ ശ്വാസം അടക്കി പിടിക്യണം...
ബ്രീത്ത്‌ ഔട്ട്‌ ലെഫ്റ്റ് എന്ന് പറയുമ്പോള്‍ വലത്തെ മൂക്ക് അടച്ചു പിടിച്ചു
ഇടത്തേ മൂക്കിലൂടെ ശ്വാസം പുറത്തേക്ക് വിടണം..."
ഡെമോ സഹിതം ആള് ഇംഗ്ലീഷില്‍ കാര്യം എക്സ്പ്ലൈയിന്‍ ചെയ്തു.
കേട്ടിടത്തോളം വലിയ കുഴപ്പമില്ല.
ആദ്യം വന്ന ദിവസം ആള് ഡെമോ കാണിച്ച ആസനം ഒക്കെ അവസാനം ആവും
പഠിപ്പിക്ക്യ അത് വരെ എങ്ങിനെയെങ്കിലും ഒപ്പിക്ക്യണം എന്നല്ലാതെ
യോഗ പഠിച്ചു കുണ്ടലിനിയെ ഉണര്‍ത്താന്‍ ഒന്നും എനിക്ക് പ്ലാന്‍ ഉണ്ടായിരുന്നില്ല.

അടുത്ത നിമിഷം പരിപാടി തുടങ്ങി.
ക്ലോസ് യുവര്‍ ഐസ്...ബ്രീത്ത്‌ ഇന്‍, റൈറ്റ്!! ..ഹോള്‍ഡ്‌!!...ബ്രീത്ത്‌ ഔട്ട്‌, ലെഫ്റ്റ്!!
സംഗതി കളര്‍! കളര്‍!!
എല്ലാരും നല്ല പോലെ ഉല്‍സാഹിക്കുന്നുണ്ട്.
ഹാള്‍ നിറയെ സൈക്കിള്‍ ട്യൂബിന് എയറടിക്ക്യണ പോലുള്ള ശബ്ദം മാത്രം . ശൂ.....ശൂം! ശൂ....ശൂം!!
രണ്ട് മൂന്ന് തവണ കഴിഞ്ഞപ്പോ ഉറക്കത്തിന്റെകെട്ട് പോയി കിട്ടി.

അപ്പോഴാണ്‌ തമിഴ്നാട് പ്രോഡക്റ്റ് സെന്തില്‍ വന്നു കയറിയത്..ആള് ലേറ്റാണ്‌.
നോ മോര്‍ എക്സ്ക്യൂസസ് ഫ്രം ടുമാറോ ഓണ്‍വേഡ്സ് എന്ന് വാണ്‍ ചെയ്തു ഇന്‍സ്ട്രക്ടര്‍ അവനെ കയറ്റിയിരുത്തിയതു
എന്റെ നേരെ മുന്നിലാണ്.

അവന്‍ ഇരുന്നു ഒന്ന് സെറ്റിലായപ്പോ ഇന്സ്ട്രുക്ടര്‍ ഉറക്കെ വിളിച്ചു പറഞ്ഞു
"എവെരിബഡി...... ക്ലോസ് യുവര്‍ ഐസ്".
എല്ലാരും കണ്ണടച്ചു.

നിശബ്ദതതക്ക് മീതെ ഇന്സ്ട്രക്ടരുടെ ശബ്ദം മാത്രം.
ബ്രീത്ത്‌ ഇന്‍ റൈറ്റ്.......ഹോള്‍ഡ്‌ ....ബ്രീത്ത്‌ ഔട്ട്‌ ലെഫ്റ്റ് ...
ബ്രീത്ത്‌ ഇന്‍ റൈറ്റ്.......ഹോള്‍ഡ്‌ ....ബ്രീത്ത്‌ ഔട്ട്‌ ലെഫ്റ്റ് ...
ബ്രീത്ത്‌ ഇന്‍ റൈറ്റ്.......ഹോള്‍ഡ്‌ ....ബ്രീത്ത്‌ ഔട്ട്‌ ലെഫ്റ്റ് ...

എല്ലായിടത്തും കീരി കരിമൂര്‍ഖനെ ഇന്റര്‍വ്യൂ ചെയ്യണ പോലുള്ള ശബ്ദങ്ങള്‍ മാത്രം.

അല്‍പ സമയത്തിനു ശേഷം നേരെ മുന്നീന്ന് കേള്‍ക്കുന്ന ശബ്ദത്തിന് എന്തോ ഒരു പ്രത്യേകത തോന്ന്യോണ്ടാണ്
ഇടത്തെക്കണ്ണ് ഞാന്‍ പാതി തുറന്നു നോക്കിയത്.

അപ്പോള്‍ മുന്നിലിരുന്ന സെന്തില്‍, തികഞ്ഞ ആത്മാര്‍ത്ഥതയോടെ ബ്രീത്ത്‌ ഇന്‍ ഫ്രം റൈറ്റ് എന്ന് കേട്ടിട്ട്
ഇരുന്ന ഇരുപ്പില്‍ വലത്തേക്ക് തിരിയേം ആ ഹാളിലുള്ള എയര്‍ മുഴുവന്‍ അകത്തേക്ക്
വലിച്ചു കയറ്റേം, അത് കഴിഞ്ഞ് ബ്രീത്ത്‌ ഔട്ട്‌ ലെഫ്റ്റ് കേട്ടിട്ട് പമ്പരം പോലെ
ഇടത്തേക്ക് തിരിഞ്ഞു നല്ല ഊക്കില്‍ ശ്വാസം പുറത്തേക്ക് വിടേം ചെയ്യണ കണ്ടത്.

പ്രാണായാമത്തിന്റെ സെന്തില്‍ വേര്‍ഷന്‍ കണ്ടപ്പോ
എത്ര അടക്കി പിടിച്ചിട്ടും എനിക്ക് ഉറക്കെ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

അങ്ങിനെയാണ് ഇന്‍സ്ട്രക്ടര്‍ ആ ട്രെയിനിംഗ് പ്രോഗ്രാമിലെ ആദ്യത്തെ
ഗെറ്റ് ഔട്ട്‌ എനിക്ക് ഓണ്‍ ദി സ്പോട്ട് അനുവദിച്ചു തന്നത്!!

3 comments:

Kattil Abdul Nissar said...

വളരെ നന്നായി . ഈ ശൈലി ഞാന്‍ ഏറെ ഇഷ്ട പ്പെടുന്നു

Rosh Ravindran said...

adipoli aayittundu :)

വെറുതെ...വെറും വെറുതെ ! said...

super !! enikkishtappettu. adipoli avatharanam