വരവ് :Saturday, April 2, 2011

ഒരിടത്തൊരു യക്ഷി

സ്ഥലത്ത് അത്ര മോശമല്ലാത്ത ഗെറ്റപ്പില്‍ രണ്ട് ഇടത്തരം കുന്നുകള്‍ ഉണ്ടായിരുന്നോണ്ടും, വില്ലജ് ഓഫീസില്‍ നിന്നും സ്ഥിരമായി ആ ഏരിയയുടെ കരമടച്ചു റസ്സീറ്റ് വാങ്ങിയിരുന്നത് 'പനമ്പി' എന്ന് വീട്ടുപേരുള്ള ആരോ ആയിരുന്നതിനാലുമാണ് പനമ്പിക്കുന്നിന് ആ പേര് കിട്ടിയതെന്ന കാര്യത്തില്‍ പരിസരവാസികള്‍ക്ക് തന്നെ ഒന്നിലധികം അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, പോസ്റ്റ്‌ ഓഫീസ് മുതല്‍ പണ്ട് ചന്ദ്രേട്ടന്റെ കാര്‍ വര്‍ക്ക്ഷോപ്പ് ഉണ്ടായിരുന്ന സ്ഥലംവരെ വ്യാപിച്ച്, നമിത കമിഴ്ന്നു കിടക്കുന്ന പോലെ ഒരപ്പിയറന്‍സുള്ള ആ പ്രദേശം "....ത്തിരി പെശകാ " ണെന്നുള്ള കാര്യത്തില്‍ അസമയത്ത് അതുവഴി പോകേണ്ടി വന്ന ഭൂരിപക്ഷത്തിനും ഒരേ അഭിപ്രായമായിരുന്നു.

ഹൈവേ വന്ന സമയത്ത് ഒരുവിധം ഇടിച്ചു നിരപ്പാക്കിയെങ്കിലും ഇവിടെ രണ്ട് കുന്നുകളുണ്ടായിരുന്നുന്നോര്‍മ്മിപ്പിക്കുന്ന കയറ്റിറക്കങ്ങളും അടുത്തടുത്ത രണ്ട് വളവുകളുമാണ് രാപ്പകലന്യേ വാഹനങ്ങള്‍ അവിടെയെത്തുമ്പോ മാത്രം കണ്ട്രോള്‍ മിസ്സായി ഇടിച്ചു തലകുത്തി മറിയാന്‍ കാരണം എന്ന് പോലീസ് പറഞ്ഞിരുന്നെങ്കിലും, ചന്ദ്രേട്ടന്റെ വര്‍ക്ക്‌ ഷോപ്പിന്റെമുന്നിലുണ്ടായിരുന പാലയില്‍ പണ്ടാരോ ഒരു യക്ഷിയെ ആണിയടിച്ചു ബന്ധിച്ചിരുന്നൂന്നും, ആള്‍ ഒരൂസം പണിയൊന്നില്ലാണ്ടിരിക്കുമ്പോ ആ ആണി വലിച്ചൂരിയപ്പോ വെള്ളം തീര്‍ന്ന കാര്ബ്യുറെറ്ററീന്നു പുക വരും പോലെ ഗുമാഗുമാന്നു പുക വന്നത് കണ്ട് ആള് ഓണ്‍ ദി സ്പോട്ട് ബോധം കെട്ടു വീണൂന്നും, അന്ന് സ്വാതന്ത്രം കിട്ടിയ യക്ഷിയാണ് ബസ്റ്റോപ്പില്‍ നിന്ന് അസമയത്ത് ലിഫ്റ്റ്‌ ചോദിക്കേം,
നൂറെ നൂറില്‍ പാഞ്ഞു വരുന്ന വണ്ടികള്‍ക്ക് കുറുകെ ചാടി അപകടം ഉണ്ടാക്കേം ചെയ്യുന്നേന്നുള്ള ഒരു റൂമര്‍ നാട്ടില്‍ പ്രചരിക്കേം പോലീസിന്റെ കഥയെക്കാള്‍ ലീഡ് അതിനു കിട്ടേം ആണുണ്ടായത്.

ഒരു വെള്ളിയാഴ്ച്ച രാത്രി പത്തു പത്തര നേരത്ത് വഴിയമ്പലത്തുള്ള മോള്‍ടെ വീട്ടിപ്പോയി തിരിച്ചു ബസ്‌ കിട്ടാതെ നടന്നു വരുമ്പോഴാണ് കൊച്ചപ്പേട്ടന്‍ യക്ഷിയെ നേരില്‍ കാണുന്നത്. ചെന്ത്രാപ്പിന്നി ക്കാരനായ ആള് പനമ്പിക്കുന്ന് ബസ്‌ സ്റ്റോപ്പിലെത്തിയപ്പോ "ചെന്ത്രപ്പിന്നിക്കാണെങ്കി ഞാനൂണ്ട് " ന്ന് പറഞ്ഞു ഒരു സുന്ദരി കൂടെക്കൂടീത്രേ.
രണ്ട് പേരും നടന്നു പോസ്റ്റ്‌ ഓഫീസ് എത്തിയപ്പോ പെട്ടന്ന് ആള്‍ക്ക് സ്ഥലം പനമ്പിക്കുന്നാണെന്ന് ഓര്‍മ്മ വരേം, തിരിഞ്ഞു നോക്കാന്‍ പോലും ടൈം എടുക്കാതെ തുടങ്ങിയ ഓട്ടം മൂന്നര കിലോമീറ്ററോളം അകലയുള്ള ആള്‍ടെ വീട്ടില്‍ ചെന്നാണ് അവസാനിച്ഛതെന്നുമുള്ളത് പനമ്പിക്കുന്നുകാര്‍ അറിഞ്ഞത് പിറ്റേന്ന് രാവിലെ റോഡില്‍ അനാഥമായി കിടന്നിരുന്ന ഒരു മുണ്ടെടുത്തോണ്ട് പോകാന്‍ ആള്‍ടെ മോന്‍ വന്നപ്പോഴാണ്.

കൊച്ചപ്പേട്ടന്‍ കണ്ടത് തലയ്ക്കു സുഖമില്ലാതെ നടക്കുന്ന രുക്മണിയെ ആണെന്നും വീനസ് വില്ലിംസിനു ജപ്പാന്‍ ബ്ലാക്കും കൂടി അടിച്ചതു പോലുള്ള ആ രൂപം സുന്ദരിയായി തോന്നിച്ചത് ആള്‍ടെ ഇമാജിനേഷന്റെ പവര്‍ കൊണ്ടാണെന്നും ആരോ പറഞ്ഞു മനസിലാക്കിയെങ്കിലും സംഭവത്തെ തുടര്‍ന്ന് ഒരാഴ്ച്ചയോളം പനിപിടിച്ചു കിടന്ന കൊച്ചപ്പേട്ടന്‍ പനമ്പിക്കുന്ന് വഴിയുള്ള യാത്രകള്‍ പിന്നീട് അവോയിഡ് ചെയ്യാണുണ്ടായത്.

ഒരൂസം രാത്രി പത്തു മണി കഴിഞ്ഞപ്പോ ഹൈവേ ബാറീന്ന് രണ്ട് പെഗ്ഗുമടിച്ച് ചിക്കു പുക്കു ചിക്കു പുക്കു റയിലെ പാടി സൈക്ലീക്കേറി വീട്ടിപ്പോയ ജോസപ്പേട്ടന്‍ കൃത്യം ചന്ദ്രേട്ടന്റെ കാര്‍ വര്‍ക്ക്‌ ഷോപ്പിന്റെ അടുത്തെത്തിയപ്പോ എതിര്‍ ദിശയില്‍ നിന്നും വന്ന റോഡ്‌ റോളറിനടിയിലേക്ക് സൈക്കിള്‍ ഓടിച്ചു കയറ്റേം, ആള്‍ടെ സൈക്കിളിനൊപ്പം വലത്തെ കാലിന്റെ തള്ള വിരല്‍ ഉള്‍പ്പെടെ മൂന്ന് വിരലുകള്‍ കൂടി ചതഞ്ഞു ബിയോണ്ട് റിപ്പയര്‍ സ്റ്റേറ്റിലാവേം ചെയ്തു.

കള്ള് കുടിച്ചാ വയറ്റീക്കിടക്കണം റോഡിക്കിടന്നാ ഇതും ഇതിലപ്പുറോം പറ്റും എന്ന് റോഡ്‌ റോളര്‍ ഓടിച്ചിരുന്ന കാഞാണിക്കാരന്‍ ഡ്രൈവര് പറഞ്ഞതാണ് എല്ലാ പനമ്പിക്കുന്നുകാരും ആദ്യം വിശ്വസിച്ചത്.

സൈക്കള് വര്‍ക്ഷോപ്പിന്റെവിടെത്ത്യപ്പോ പാലേന്നും ഒരാറ്... ആറര അടി ഉയരോളള ഒരു ഭീകര രൂപം മുടിയഴിച്ചിട്ട്, നാക്ക് നീട്ടി ആള്‍ടെ മോള്‍ലേക്ക് "ഭും" ന്നു ചാടീന്നും, പെട്ടന്ന്‍ സൈക്കിള് വലത്തേ സൈഡിലേക്ക് വെട്ടിച്ചോണ്ട് മാത്രാണ് ജസ്റ്റ്‌ രക്ഷപ്പെട്ടേന്നും രണ്ടാഴ്ച്ച കഴിഞ്ഞ് ചാമക്കാല പി എച്ച് സീന്ന്‍ ഡിസ്ചാര്‍ജ് ആയി വന്നിട്ട് വസേട്ടന്റെ ചായക്കടേലിരുന്ന് ജോസപ്പേട്ടന്‍ പറഞ്ഞപ്പോഴാണ് യക്ഷിക്ക് സംഭവത്തില്ലുള്ള ഇന്‍വോള്‍വ്മെന്റ് പനമ്പിക്കുന്ന്കാര്‍ക്ക് മനസിലായത്.

തക്ക സമയത്ത് ആള്‍ടെ ബുദ്ധി ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലായിരുന്നെങ്കില്‍ പിറ്റേന്ന് പലേടെ ചോട്ടീന്ന് ജോസപ്പേട്ടന്റെ നഖം, എല്ല്, പല്ല്, മുടി, ഓറഞ്ച് ടി ഷര്‍ട്ട്, കരിമ്പച്ച ലുങ്കി , വരയന്‍ ടൌസര്‍ എന്നിവയോടൊപ്പം ലൂണാറിന്റെ തേഞ്ഞു തീരാറായ ഒരു ജോഡി ചെരുപ്പും പോലീസിന് പെറുക്കി എടുത്തോണ്ട് പോകേണ്ടി വന്നേനെ എന്നോര്‍ത്ത് "ഇതിപ്പോ മൂന്ന് വെരലല്ലേ പോയുള്ളൂ ജോസ്പ്പേ .....കണ്ണീ കൊള്ളേണ്ടത്‌ പുരികത്തില്‍ തട്ടി ഒഴിഞ്ഞൂന്ന് വിചാരിക്ക്‌ " ന്നാണ് വലത്തെക്കാല് വലിച്ചു വച്ചു നടന്നു പോയ ജോസപ്പേട്ടനെ വസേട്ടന്‍ ആശ്വസിപ്പിച്ച്ത്.

സാധാരണയായി ചൊവ്വ, വെള്ളി എന്നീ ദിവസങ്ങളില്‍ രാത്രി മാത്രം ആക്ടീവാകാറുള്ള യക്ഷിയെ ചില സീസണില്‍ ഞായറാഴ്ച നട്ടുച്ചക്ക് വരെ നേരില്‍ക്കണ്ടവര്‍ ഉണ്ടത്രേ.

കറുത്ത വാവും വെള്ളിയാഴ്ച്ചെം ഒരുമിച്ചു വന്ന ഒരൂസം രാത്രി ഏതോ ദുസ്വപ്നം കണ്ട് എന്നീറ്റപ്പോ ഒന്നിന് പോണം എന്ന് തോന്ന്യേതോണ്ട് അടുക്കള വാതില്‍ തുറന്നു പുറത്തിറങ്ങി അമ്മിത്തറയോടു ചേര്‍ന്നു നിന്നിരുന്ന ചെന്തെങ്ങിന്റെ ചോട്ടില് സ്റ്റാന്റര്‍റ്റീസില് നിന്ന് നല്ല ഫ്ലൌയില് ഒന്നിന് പോയ്ക്കൊണ്ടിരിക്യെയാണ് കുമാരേട്ടന്‍ ആ കാഴ്ച കണ്ടത്.

തന്റെ പറമ്പിന്റെ തെക്കേ അതിരിനോട് ചേര്‍ന്നുള്ള ഇടവഴിയില്‍ ഒരു ചുവന്ന പ്രകാശം!!

സംഭവം ഇടയ്ക്കു തെളിയേം അണയേം ചെയ്യുന്നുണ്ട്.

ക്യൂരിയോസിറ്റി കൊണ്ട് ആള് ചെയ്തുകൊണ്ടിരുന്ന അക്ടിവിറ്റി സസ്പന്റ് ചെയ്യേം സ്റ്റാന്റര്‍റ്റീസ്‌ വിട്ട് അറ്റന്‍ഷനിലേക്ക് മാറി വിജിലന്റാവേം ചെയ്തു .

എന്തായാലും വീടിനെ എയിം ചെയ്തു വന്നോണ്ടിരിക്ക്യണ സാധനം കള്ളിയങ്കാട്ടു നീലിടെ വകുപ്പില്‍ പെട്ട ഏതോ യക്ഷിയാണ് എന്ന് ഒറ്റ നോട്ടത്തില്‍ കുമാരേട്ടന്‌ മനസിലായി.

ആളുകളെ പറഞ്ഞു വശീകരിച്ചും, അതില് വീഴാത്തവരെ പേടിപ്പിച്ചും പനമുകളില്‍ കയറ്റി പിള്ളേര് സിപ്അപ്പ്‌ വലിച്ചു കുടിക്ക്യണ പോലെ ചോര കുടിക്കേം ചക്ക പൊളിച്ചു വച്ച് ചുള പറിച്ചു തിന്നണ പോലെ നെഞ്ഞുംകൂട് വലിച്ചു പൊളിച്ചു തിന്നേം ചെയ്യണ ഫാമിലിയില്‍ പെട്ട ഒന്നാന്തരം യക്ഷി!


പേടിച്ചു നിന്നാല്‍ യക്ഷി പിച്ചി ചീന്തി പീസ്‌ പീസാക്കുംന്ന് കരുതീട്ടോ എന്തോ ഏറ്റവുമടുത്ത് ലഭ്യമായ ആയുധമായ അമ്മിക്കൊഴയെടുത്തു "വടക്കൂട്ട് കുമാരനോടാണോടീ നിന്റെ കളി....ഇന്നവസാനിപ്പിക്കോടീ നിന്റെ തേര്‍വാഴ്ച !" എന്നും പറഞ്ഞ് അതിനകം പടിക്ക്യലോളം എത്തിയ യക്ഷീടെ നേര്‍ക്ക്‌ ഒറ്റയേറായിരുന്നു കുമാരേട്ടന്‍.

ഏറു കൊണ്ട യക്ഷി " ഹയ്യോ .." എന്ന് ഉറക്കെ നിലവിളിച്ചതും എറിഞ്ഞ കുമാരേട്ടന്‍ ചാടി വീട്ടിക്കേറി അടുക്കള വാതില്‍ "ട്ടപ്പേ" ന്നടച്ചതും ഒന്നിച്ചായിരുന്നു കിതപ്പാറിയപ്പോ യക്ഷി കരഞ്ഞത് പരിചയം ഉള്ള ശബ്ദത്തിലാണല്ലോ എന്ന് കുമാരേട്ടന് തോന്നേം അഞ്ചു കട്ടേടെ ഏവറഡി ടോര്‍ച്ചെടുത്ത്‌ പോയടിച്ച് നോക്കേം ചെയ്തു.

അപ്പൊ, പുകഞ്ഞു കൊണ്ടിരിക്കുന്ന കത്തിത്തീരാറായ ഒരു വില്‍സും കയ്യില്‍പ്പിടിച്ച് പടിക്കല്‍ ബോധം കെട്ടു തലേംതല്ലി വീണു കിടക്കാണ് ആള്‍ടെ അളിയന്‍ ഫല്‍ഗുനന്‍!!!

ആറടി ഉയരോം ആര്‍നോള്‍ഡിന്റെ ബോഡിഷേപ്പും 'ആയിരം ഗുണ്ടക്കര ഫല്‍ഗുനന്‍' എന്ന് നാട്ടുകാരെക്കൊണ്ട് പറയിക്കേം ചെയ്തിട്ടുള്ള ഒന്നാംതരം ചെത്തുകാരന്‍ ആയിരുന്നു ഫല്‍ഗുനന്‍ ചേട്ടനെങ്കിലും അസമയത്ത് അസ്ഥാനത്ത് അമ്മിക്കൊഴോണ്ടുള്ള ആ വീക്ക് പുള്ളി എക്സ്പക്റ്റ് ചെയ്യത്തോണ്ടാവും ഒറ്റയടിക്ക് തന്നെ വീണ് പടായത്.


ശ്രീ മുരുകനില്‍ സെക്കന്റ് ഷോക്ക് പോയിട്ട് തിരിച്ചു വരുമ്പോള്‍ ഫല്‍ഗുനന്‍ ചേട്ടന് പനമ്പിക്കുന്നിലെ യക്ഷീടെ കാര്യം ഓര്‍മ്മ വരേം, അസമയത്ത് ആ വഴി ക്രോസ് ചെയ്തു റിസ്ക്‌ എടുക്കേണ്ട എന്ന് വിചാരിച്ച് ഒരു വില്‍സും വലിച്ചോണ്ട് 'ഇന്ന് പെങ്ങളോടെ കെടന്നിട്ട്‌ നാളെ കാലത്ത് വീട്ടിപ്പൂവാം' ന്നു കരുതി വന്ന വരവിലാണ് കുമാരേട്ടന്‍ ആളെ എറിഞ്ഞു വീഴ്ത്തിക്കളഞ്ഞത്.

ആ സംഭവത്തോടെ "യെ ദോസ്തി ഹം നഹി ചോടെങ്കെ" എന്ന ലൈനില്‍ നടന്നിരുന്ന കുമാരേട്ടനും ഫല്‍ഗുനന്‍ ചേട്ടനും "ഞാന്‍ അടിച്ചാ താങ്ക മാട്ടെ നാല് മാസം തൂങ്ക മാട്ടെ" എന്ന ലൈനിലാവേം എന്തിന് പോയി? എങ്ങോട്ട് പോയി? എന്നൊക്കെയുള്ള ഞങ്ങളുടെ നൂറു നൂറു ചോദ്യങ്ങള്‍ക്ക് ഒരു ക്ലൂ പോലും തരാതെ ഏതോ പാണ്ടി ലോറിക്ക് കൈ കാണിച്ചു യക്ഷി പനമ്പിക്കുന്ന് വിട്ട്‌ പോകേം ഉണ്ടായി എന്നൊക്കെയാണ് ചരിത്ര പുസ്തകത്തില്‍ കാണുന്നത്.

1 comment:

Rosh Ravindran said...

Nice one...

Your writing style is a bit of Kodakapuranam, but still unique and a great read.

Write more!