വരവ് :Wednesday, March 23, 2011

എന്റെ സ്വന്തം മീനാക്ഷി

കണ്ണിനു കണ്ണ്, മൂക്കിനു മൂക്ക്, നിറത്തിന് നിറം, സ്വഭാവത്തിന് സ്വഭാവം
എന്നു വേണ്ട ഇടത്തേ കയ്യില്‍ ഐശ്വര്യറായിക്ക് ഉള്ള അതേ സ്പോട്ടില്‍
മറുകിനു മറുക് വരെയുള്ള ഒരു സുന്ദരിയായിരുന്നു മീനാക്ഷി.

അച്ഛനും അച്ഛച്ചനും തമ്മിലുണ്ടായ എന്തോ ഒരാഭ്യന്തര പ്രശ്നത്തിന്റെ
അനന്തര ഫലമായി, ഫുട്ബാള്‍ കോര്‍ട്ട് പോലെയുള്ള തറവാടിന്റെ വിശാലതയില്‍
നിന്നും ഒറ്റമുറിയും കുഞ്ഞടുക്കളയും മാത്രമുള്ള കുടുസു
വാടക വീട്ടിലേക്കു താമസം മാറ്റിയതിന്റെ മൂന്നാം ദിവസാണ് അടുപ്പില്‍
ചാരത്തില്‍ കുളിച്ച നിലയില്‍ അമ്മ ഒരു പൂച്ചക്കുഞ്ഞിനെ കണ്ടു പിടിക്കുന്നത്‌.

രണ്ടും കൈകളുംകൂട്ടിപ്പിണച്ച് ശരീരത്തിലെ ഉയര്‍ന്നതാപനിലയുള്ള ഒരു പ്രദേശത്ത്
സ്ഥാപിച്ച് ഇനീം ഒന്നൊന്നര മണിക്കൂര്‍ കൂടി സുഖായി ഉറങ്ങാം എന്ന് വിചാരിച്ചു കിടക്കുമ്പോഴാണ്
അമ്മ യുടെ അനൌണ്‍സ്മെന്റ്

"ദേ... എല്ലാരും വന്നു നോക്ക്യേ.... നമ്മുടെ അടുപ്പില് ..... ഒരു പൂച്ച !".

"കിട്ടിയ മൊതലിനെ എന്ത് ചെയ്യണം ?" എന്ന് ചര്‍ച്ച ചെയ്യാനായി അടുപ്പിനു ചുറ്റും ഉടന്‍ ഒരു ആഡ്ഹോക്ക്
മീറ്റിംഗ് ചെരേം, "ചാക്കില്‍ കെട്ടി സൈക്കിളില്‍ വച്ച് ദൂരെ കൊണ്ട് കളയാം" എന്ന എന്റെ സജഷന്‍,
"പൂച്ച വന്നു കേറ്യാ ഭാഗ്യം പുറകെ കേറി വരും" എന്ന അനോണിമസ് സേയിംഗ് ക്യോട്ട് ചെയ്തു അമ്മ ഇന്‍വാലിഡ്‌ ആക്കേം,
ഒടുക്കം "...മക്കിതിനെ അങ്കട് വളര്‍ത്താം" എന്ന് തീരുമാനിക്ക്യപ്പെടേം ചെയ്തു.

പൂച്ചക്കുഞ്ഞിനെ അടുപ്പില്‍ നിന്നും പുറത്തിറക്കി , ചിരട്ടയില്‍ പാലൊഴിച്ചു കൊടുത്തിട്ട് ,
"ഇനി മുതല്‍ ഇവള്‍ മീനാക്ഷി എന്നറിയപ്പെടും" എന്ന് അമ്മ പ്രസ്താവിച്ച ആ അഡോപ്ഷന്‍ സീനോട് കൂടിയാണ്,
വീറ്റോ പവര്‍ അടക്കമുള്ള അധികാരങ്ങളോടുകൂടിയുള്ള മീനാക്ഷിയുടെ മെമ്പര്‍ഷിപ്പ് വീട്ടില്‍ ആക്റ്റിവേറ്റഡാവുന്നത്.

ആദ്യം നമ്മള് വലിയ അടുപ്പം കാണിച്ചില്ലെങ്കിലും 'സ്കൂളില്‍ പോയി വരുന്ന വഴീല്‍ വെയിറ്റ് ചെയ്യാ',
'കാലില്‍ വന്നുരുംമ്മിനില്ക്കാ', 'അയ്യോ പാവം മോഡല്‍ മ്യാവൂ കരയാ' ഒക്കെ ഒരുപാടൊരുപാട് റിപീറ്റ് ചെയ്തു
വിത്ത്‌ ഇന്‍ എ ഷോര്‍ട്ട് സ്പാന്‍ ഓഫ് ടൈം മീനാക്ഷി വീട്ടിലെ എന്റെ മോസ്റ്റ്‌ ഫേവറെറ്റ് മെമ്പര്‍ എന്ന പദവിയിലേക്കുയര്‍ന്നു.
പതുകെ, പതുക്കെ എനിക്ക് എന്തിനും ഏതിനും മീനാക്ഷിയില്ലാതെ ഒരു 'എയ്മി'ല്ലായ്മ ഫീല്‍ ചെയ്തു തുടങ്ങി.


സാമ്പാര്‍, അവിയല്‍, കയ്പക്കുപ്പേരി, മീങ്കൂട്ടാന്‍ ,ചോറ്, പപ്പടം, ഗ്ലൂക്കോസ് ബിസ്ക്കറ്റ്, എലയ്റ്റ് ബ്രെഡ്‌, പശൂം പാല്, മുട്ട
തുടങ്ങിയ പോഷകാഹാരങ്ങള്‍ നമ്മുടെ വീട്ടിന്നും പോര്‍ക്ക്‌, ബീഫ്, മട്ടണ്‍, ചിക്കന്‍ തുടങ്ങി
ഹൈ പ്രോട്ടീന്‍ കണ്ടെന്റ് ഉള്ള നോണ്‍വെജ് ഐറ്റംസ് സിബീടെ വീട്ടീന്നും കഴിച്ച്,
നൂല് പോലെ വന്നു കേറ്യ മീനാക്ഷി, തടിച്ചുരുണ്ട്, സമീപ പ്രദേശങ്ങളിലെ കണ്ടന്‍
പൂച്ചകളുടെ 'ഡ്രീം ഗേള്‍' ആയി മാറിയത് കണ്ണടച്ച് തുറക്കണ ഗ്യാപ്പോണ്ടാര്‍ന്നു.

കാലം അങ്ങിനെ സുന്ദര സുരഭിലമായി മുന്നോട്ടു പോയ്ക്കൊണ്ടിരിക്ക്യെ
ഇടിത്തീ പോലെയാണ് ആ അപകടം ഉണ്ടായത് !

അന്ന് ഒരൂസം രാത്രി ഒരു പത്തര കഴിഞ്ഞ സമയത്ത് , പതിവ് പോലെ
മീനാക്ഷിയെ മുകളിലെക്കെറിഞ്ഞു താഴേക്കു വരുമ്പോള്‍ പിടിച്ചു പിന്നേം മുകളിലെക്കെറിഞ്ഞു
പാരാഡൈവിംഗ് ക്ലാസ്സ്‌ എടുത്തുകൊണ്ടിരുന്ന സമയത്ത്... പെട്ടന്ന് എന്റെ കണ്ട്രോള്‍ മിസ്സായി
മുകളിലേക്ക് പോയ, ഓവര്‍ വെയിറ്റടായിരുന്ന, മീനാക്ഷി തലേം കുത്തി താഴെ സിമന്റ് തറയില്‍ !

ഒരേ ഒരു പിടച്ചില്‍ മാത്രം! ......പിന്നെല്ലാം നിശ്ചലം!!

ദൈവമേ!!!

കാലിലൂടെ ഒരു തരിപ്പരിച്ചു കയറുന്നു....
ഗ്ലൂക്കോസ് ബിസ്ക്കറ്റ് തിന്നാന്‍... പശൂംപാല് ഷെയര്‍ ചെയ്യാന്‍ ....കാലില്‍ തൊട്ടു ഉരുമ്മി നില്ക്കാന്‍.....
സ്കൂള് വിട്ടു വരുമ്പോ വഴിക്കണ്ണ്മായി കാത്തു നില്ക്കാന്‍ ....ഒന്നിനും മീനാക്ഷി ഇനിയില്ല ! ഇനി വരില്ല !!
ലോകത്തിന്റെ തന്നെ ചലനം നിലച്ചു പോയ നിമിഷം...അകത്തെന്തോ ഉരുണ്ടു കൂടുന്നു.

ആദ്യത്തെ ഞെട്ടലില്‍ നിന്ന് മോചിതനായപ്പോ സങ്കടം മുഴുവന്‍
ദിഗന്തങ്ങള്‍ ഭേദിച്ച ഒരലറിക്കരച്ചിലായി.
അസമയത്ത് എന്റെ ഫുള്‍വോള്യത്തില്‍ ഉള്ള കരച്ചില്‍ കേട്ട് എന്തോ
അപകടം മണത്ത്, യമുനയില്‍ ഏതോ തമിഴ് പടത്തിന്റെ ഫസ്റ്റ് ഷോയും
കഴിഞ്ഞു മൂളിപ്പാട്ടും പാടി ആ വഴിക്ക് പോകായിരുന്ന യൂണിയന്‍കാരന്‍ രാജേട്ടനാണ്
"എന്തിറ്റാ ഉണ്ടായേ ?" എന്ന് ചോദിച്ചോണ്ട് ആദ്യം ഓടി വന്നത്.
നൊടിയിടെ കരച്ചിലിന്റെ 'കവറേജ് ഏരിയയില്‍' പെട്ടവരൊക്കെ രാജേട്ടനുണ്ടായ അതെ ക്യൂരിയോസിറ്റിയോടെ
നടന്നും ഓടിയും സ്പോട്ടിലെത്തിയതോടെ മുറ്റത്ത്‌ ജനസമുദ്രമായി.

സംഭവിച്ചതിനെക്കുറിച്ച് ഏറ്റവും ആദ്യം ഒരൈഡിയ കിട്ടിയ രാജേട്ടനാണ്
"ഇത്രെള്ളോ കേസ് .....പാതിരാക്ക് മനുഷ്യരെ പേടിപ്പിക്യാനായിട്ടു!!!..." എന്ന് പറഞ്ഞിട്ട്
ചലനമറ്റു കിടക്കുന്ന മീനാക്ഷിയുടെ ദേഹത്ത് ഒരു പഴേ ചാക്കെടുത്തിട്ടത്.

ബാക്കി എല്ലാര്‍ക്കും മീനാക്ഷി വെറും ഒരു പൂച്ചയായിരിക്കും...
എനിക്ക്യതല്ലല്ലോ! എനിക്ക്യങ്ങിനെ പറ്റില്ലല്ലോ !!
ഓര്‍ക്കുംതോറും കരച്ചിലടക്കാന്‍ കഴിഞ്ഞില്ല.

ഞാന്‍ മീനാക്ഷിയെ പുതപ്പിച്ച ചാക്കിനരികെ തന്നെ ഇരിക്യാണ്
കുറ്റബോധം കൊണ്ട് പ്രാണന്‍ ഉരുകാണ് ...

"എന്റെ മീനാക്ഷിയെ ...എന്റെ ഈ കൈ കൊണ്ട് ....ഞാന്‍ കൊന്നു....
എത്ര ബിസ്ക്കറ്റ് കൊടുത്തു വളര്‍ത്തിയതാണ്, എന്തോരം പാല് കൊടുത്തു വളര്‍ത്തീതാണ് ..എന്നിട്ട്
ഒടുക്കം ഞാന്‍ തന്നെ.....ഈ കൈ കൊണ്ട് തന്നെ ....കൊന്നൂലോ....എനിക്ക് വയ്യേ....."
ഒരു മരണ വീടിന്റെ എഫക്റ്റ് ഒട്ടും ചോര്‍ന്നു പോവാണ്ടിരിക്കാന്‍,
ഫുള്‍ വോള്യത്തില്‍ എണ്ണിപ്പെറുക്കിത്തന്നെയാണ് കരച്ചില്‍.

ആരൊക്കെയോ വന്നു ആശ്വസിപ്പിക്കുനുണ്ട്, അമ്മയാണോ അച്ഛനാണോ എന്നറിയില്ല.
"ഇനീം വച്ചോണ്ടിരിക്യാണ്ട് ...അതിനെ എടുത്തു കുഴിച്ചിടാന്‍ നോക്ക് !" ആരോ പറയുന്നത് കേട്ടു.

ഈശ്വരാ .....തീര്‍ന്നോ! അപ്പൊ ഇനി കാണില്ല ഞാന്‍ എന്റെ മീനാക്ഷിയെ..
സങ്കടം തിരയടിച്ചുയരുന്നു.
കണ്ണീരു ചാലിട്ടൊഴുകി ഇട്ടിരിക്കുന്ന ഷര്‍ട്ട്‌ നനഞ്ഞു കുതിര്‍ന്നിട്ടുണ്ട്
പുറത്തു സകല ആളുകളും വന്നു നില്‍പ്പുണ്ട്....അതിനെന്താ ?
അറിയട്ടെ, എല്ലാരും കാണട്ടെ ഞാന്‍ എന്റെ 'മീനൂ'നെ എത്രമേല്‍ സ്നേഹിച്ചിരുന്നൂന്ന്.


കരഞ്ഞു കരഞ്ഞു 'ആമ്പിയര്‍' തീര്‍ന്നപ്പോള്‍ ഇനി കുറച്ചു നേരം റെസ്റ്റ്‌ എടുത്തിട്ട് കരയാംന്ന് കരുതി
അമ്മയുടെ മടിയില്‍ കിടക്കുമ്പോഴാണ് ഞാന്‍.... ആ കാഴ്ച കണ്ടത്...

മീനാക്ഷിയെ പുതച്ച ചാക്ക് എണീറ്റ്‌ നില്‍ക്കുന്നു !

അമ്പരപ്പ് മാറുന്നതിനു മുന്‍പേ എണീറ്റ്‌ നിന്ന ചാക്ക് നടക്കേം ചെയ്തു !!

എല്ലാരും ശ്വാസമടക്കി നില്‍ക്കെ
നടന്നു പൊയ്ക്കൊണ്ടിരുന്ന ചാക്ക് പെട്ടന്ന് നില്‍ക്കേം,
എം ടിവീല്‍ കണ്ട ഒരു മ്യൂസിക്‌ ആല്‍ബത്തില്‍ ബ്രിട്നിസ്പിയെര്സ് ഓവര്‍കോട്ട്
അഴിക്കുന്ന പോലെ, പുതച്ചിരുന്ന ചാക്കഴിച്ചുമാറ്റി പുറത്തിറങ്ങി
മീനാക്ഷി തിരിഞ്ഞു നിന്ന് നോക്കിയപ്പോ, ഒരു പഞ്ചായത്ത് മുഴുവന്‍ വീട്ടുമുറ്റത്ത് വന്നു നിക്കണ കണ്ട്,
'ശ്ശെടാ.... ഒന്ന് ബോധം കെടാനും സമ്മതിക്കില്ലേ ഇവനൊന്നും ' എന്നര്‍ത്ഥം വരുന്ന ഒരു നോട്ടം നോക്കേം,
"മ്യാവൂ " എന്ന് നീട്ടികരഞ്ഞു അടുക്കള വഴിക്ക് നടക്കേം ചെയ്തു!!


കിടന്നിടത്ത് നിന്നും താഴേക്ക്‌ ഒരു കുഴി കുഴിച്ചു ആ വഴിക്ക് ഏതു
നരകത്തിലേക്കാണെങ്കിലും പോയാ മതി എന്ന്‍ ആത്മാര്‍ത്ഥമായി
ഞാന്‍ ആഗ്രഹിച്ച നിമിഷായിരുന്നു അത് !!.
_______________________________________________________________________
വാല്‍ :ഈ പൂച്ചക്കൊക്കെ ഒന്‍പതു ജന്മാത്രേ!!
സ്റ്റാറ്റ്യൂട്ടറി വാണിംഗ്: ഈ സംഭവത്തിന്‌ ശേഷം ഞാന്‍ രണ്ടാഴ്ചയോളം വീടിനു പുറത്തിറങ്ങുന്ന സമയത്ത്
തലവഴി മുണ്ടിട്ടു നടന്നൂന്നു പറയുന്നോരുടെ തലപൊട്ടി തെറിച്ചു പോവും ട്ടാ ...
പറഞ്ഞില്ലാന്നു വേണ്ട !!

2 comments:

homi said...

ethu nadannathano evideyo oru ormayil nilkunnu......

സുധി അറയ്ക്കൽ said...

ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫയങ്കരാ.കുറച്ചൊക്കെ തമാശയെഴുതുന്ന എനിയ്ക്ക്‌ അസൂയ തോന്നുന്നു.എന്നാ എഴുത്താ ശാസ്ത്രകാരാ !!!!a !!!!