വരവ് :Wednesday, March 23, 2011

വിഷമവൃത്തം

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോ ഒരൂസം ഉച്ചക്കാണ്
നല്ല ഷേപ്പില് വട്ടം വരക്കെണെങ്ങിനാണ് എന്ന സൂത്രം
ഞാന്‍ രാജേഷിനു കൈമാറിയത്.


"ആദ്യം ഒരു ചതുരം വരക്കണം ...
പിന്നെ അതിനകത്ത് ചതുരത്തിന്റെ നാലരികും ചേര്‍ത്ത് ...
മൂലയൊക്കെ ഒഴിവാക്കി..... ദിങ്ങനെ വട്ടം വരച്ച ശേഷം....
ചതുരത്തിന്റെ മൂലകളൊക്കെ ദിത് പോലെ മാച്ചു കളഞ്ഞാ..
ക്ലീന്‍, ക്ലീന്‍ ആയി... നല്ല ഷേപ്പില് വട്ടം കിട്ടൂടാ.." ന്ന് പറഞ്ഞു ബ്ലാക്ക്‌ ബോര്‍ഡില്‍
ഡെമോ സഹിതം ആയിരുന്നു ടെക്നോളജി ട്രാന്‍സ്ഫര്‍.

ബോര്‍ഡില്‍ കിടന്ന നല്ല സുന്ദരന്‍ വൃത്തത്തെ നോക്കി
'നീയാള് കൊള്ളാലോ' എന്ന ലൈനില്‍ അവന്‍ എന്നെ ഒരു നോട്ടം നോക്കീപ്പോ
എനിക്ക് എന്നെക്കുറിച്ച് തന്നെ ഒരു മതിപ്പ് തോന്നേം
അന്ന് ശരീരത്തില്‍ ഉണ്ടായിരുന്ന രോമത്രേം എഴുന്നേറ്റു നിക്കേം ചെയ്തു.


ഇന്റെര്‍വല്‍ കഴിഞ്ഞു ഉച്ചക്ക് ശേഷമുള്ള ഫസ്റ്റ് പീരീഡില്‍
വിരല് കൊണ്ട് വായിലിട്ടാല്‍ പോലും കടിക്ക്യാത്ത അശോകന്‍ മാഷുടെ കണക്കു ക്ലാസ്സ്‌
പിന്‍ഡ്രോപ്പ് സൈലന്‍സില്‍ നടന്നോണ്ടിരിക്കെ,
മാഷ് ഒരു മുന്നറിയിപ്പൂല്ലാണ്ട് "ഠപ്പേ" ന്ന്
ആരെയോ ഒന്ന് പൊട്ടിച്ചതു കേട്ട്, "ആര്യാവോ? എന്താവോ?"
എന്നൊക്കെ അറിയാനായി ഞാനും തലയുയര്‍ത്തി നോക്കി.

അപ്പൊ, രാജേഷ്ന്റെ നോട്ട് ബുക്ക്‌ എടുത്ത് ക്ലാസിനു പുറത്തെക്കെറിഞ്ഞിട്ട്
ഷാജി കൈലാസിന്റെ സിനിമേലെ സുരേഷ്ഗോപിയെപ്പോലെ മാഷവനോടലറുകായിരുന്നു....

"ഫ ! വൃത്തം വരയ്ക്കാന്‍ പറഞ്ഞിട്ട് ചതുരം വരച്ചു വച്ചിരിക്കുന്നോടാ...യൂസ് ലെസ്സ് !!"

ആ 'മൂഡില്‍' മാഷിനു നമ്മുടെ വട്ടം വരക്ക്യണ ടെക്നോളജിയില്‍ ഒരു താല്‍പര്യോം ഉണ്ടാവില്ലാന്ന്
മനസിലാക്കി ഞാന്‍ "മാഷേ അവന്‍ വൃത്തം വരച്ചു തുടങ്ങ്യെ ഒള്ളു " ന്ന് എക്സ് പ്ലയിന്‍ ചെയ്യാന്‍ പോയില്ല,
രാജേഷ്ന്റെ അവസ്ഥ ഓര്‍ത്ത് വിഷമവൃത്തത്തിലായെങ്കിലും!!

No comments: