വരവ് :Thursday, June 7, 2018

ഘരാന മാജിക് പീകോക്ക്


ഒരു പക്ഷേ നിങ്ങളിലധികപേർക്കുമറിയാത്ത ഒരു ഭൂതകാലമെനിക്കുണ്ട്, മ്യൂസിക്കില്ലാതെ ഒരു ആക്ടിവിറ്റിയുമില്ലാതിരുന്ന ഒരു ഫ്ലാഷ് ബാക്ക്!  ജീവിതവും സംഗീതവും ഇൻവാരിയബ്ലി ഇൻസെപ്പരബിളായിരുന്ന ടൈം!

തറവാടിന്റെ തെക്കേലെ ലാലു ചേട്ടന്റെ അസംബിൾഡ് പ്ലേയറിലെ 90 ന്റെ റെക്കോഡസ് കസറ്റിൽ നിന്നും  ആള് തന്നെ നിർമ്മാണ നിർവഹണം നടത്തിയ മൺകലത്തിൽ എട്ടിഞ്ചിന്റെ സ്പീക്കർ കമഴ്ത്തി യുണ്ടാക്കിയ ഹൈലി ഇൻഡിജീനസ് സൗണ്ട് സിസ്റ്റത്തിലൂടെ ഉരലിലിട്ടരിയിടിക്കണ ബീറ്റിൽ കേട്ട ബോണീയെമ്മും ആകാശവാണിക്കാര്  കാപ്പി രാഗത്തിലും മിശ്രചാപു താളത്തിലും വരെ  വച്ച്  കീച്ചിയിരുന്ന കർണ്ണാട്ടിക്ക് മ്യൂസിക്കും ഒരേ പോലെ ആസ്വദിക്കുകയും ആലപിക്കുകയും ചെയ്തിരുന്ന തരം ബാല്യം മുതൽ അഡോളസൻസ് വരെ  സ്പാൻ ചെയ്ത് കിടക്കണ അപാര റേഞ്ചിലായിരുന്ന ഒരു ഗോൾഡൻ ഇറ!

റാഫേൽ മാഷ്ടെ വിസ്ഡം ട്യൂഷൻ സെന്റെറിലെ ഒൻപതാം ക്ലാസിലെ സെൻഡോഫ് പ്രോഗ്രാമിനിടക്കാണ് സംഗീതവുമായി   ഇഴുകിച്ചേർന്ന ആ നീണ്ട ജീവിതം  വേദന കടിച്ചമർത്തി ഞാനുപേക്ഷിച്ചത്.

അന്നുവരെ ഒരുപാടവസരങ്ങളുണ്ടായിരുന്നിട്ടു കൂടി  പാട്ട്മായി ബന്ധപ്പെട്ട ഒരു പ്രോഗ്രാമിലും ഞാൻ പങ്കെടുക്കാതിരുന്നത് " സംഗിതം സാധനയാണ് കേവലം മൽസരയിനമല്ല " എന്ന അടിയുറച്ച വിശ്വാസവും  "ലോക ഹെവി വെയ്റ്റ് ചാമ്പ്യനെന്ത് നാട്ടിലെ കാട്ടാഗുസ്തി " എന്ന ആറ്റിറ്റ്യൂഡും കൊണ്ടായിരുന്നു.

വിസ്ഡത്തിലെ സെൻഡോഫ് പ്രോഗ്രാമിലെ ആ വർഷത്തെ അനുമോദനങ്ങളും ആശംസാ പ്രസംഗങ്ങളും  കഴിഞ്ഞ് ചായേടേം ബിസ്കറ്റിന്റേം ടൈമിലാണ് സജീവൻ മാഷ് ആരാ പാട്ട് പാടണേന്നൊരു ഓപ്പൺ ക്വസ്റ്റ്യനെറിഞ്ഞത്. ക്വയറിലൊക്കെപ്പാടണ ഒന്ന് രണ്ട് പേരുണ്ടായോണ്ട് അവരിലാണ് മെയിൻ ഫോക്കസ്. ചോദ്യം കേട്ടതും ക്ലാസിൽ പിൻഡ്രോപ്പ് സൈലൻസ്. ആരും മുന്നോട്ടില്ല.

എന്താ ഈ ക്വയറു കാരുടെ ഒക്കെ ജാഡ? പാട്ടെന്താ നമുക്കറിയാത്തതാണോ ? എന്നൊക്കെയുള്ള  തോന്നലുണ്ടായ ആ സ്പിളിറ്റോഫേ സെക്കന്റിൽത്തന്നെയാണ് "ഞാമ്പാടാം മാഷേ"  ന്ന് പറഞ്ഞ് ഞാനെണീറ്റതും ക്ലാസ് മുഴുവൻ ആരാധനയോടെ എന്നിലേക്ക് തിരിഞ്ഞതും.

"പാട്ട് പുസ്തകോണ്ടാ?" ന്ന് ചോദിച്ച് തീരണേന് മുൻപേ ആരോ പുസ്തകം കയ്യിലേക്ക് തന്നു.

"ഡാ വിയറ്റ്നാം കോളനീലെ പാട്ട് മതീ ട്ടാ" ന്ന് പറഞ്ഞത് ജിഫ്രിയാണ്. "ചോലക്കുരുവികളും മേടപ്പറവകളും മേളിച്ച കാട്ടിലെങ്ങോ മതീട്ടാ" ന്ന്  പാട്ട് പുസ്തകത്തിൽ വിയറ്റ്നാം  കോളനി തിരയേണേന്റെടേല് ശ്രീജുവെന്റെ തുടയിൽ നുള്ളി അടക്കിപ്പറഞ്ഞു. പക്ഷേ എന്റെ അഭിപ്രായത്തിൽ "പവനരച്ചെഴുതുന്നു കോലങ്ങളെന്നും കിഴക്കിനി കോലായിലരുണോദയ" മായിരുന്നു അതിലെ ബെസ്റ്റ് സോങ്ങ്.

പ്രാക്ടീസിന് സമയം വേണോന്ന് മാഷ് ചോദിച്ചപ്പോ "..ഇതൊക്കെ അറിയണ പാട്ടല്ലേ മാഷേ" ന്നാ ഞാൻ പറഞ്ഞത്. കാര്യം വർഷങ്ങളായി  പാടുമായി രുന്നെങ്കിലും എന്റെ  കന്നി പബ്ലിക് പെർഫോമൻസായിരുന്നത്.  അതിന്റെ ഒരു ടെൻഷനുണ്ടായിരുന്നുള്ളിൽ.

ആദ്യത്തെ വരി പാടിക്കഴിഞ്ഞപ്പോ ഓഡിയൻസ്  സൈലന്റ്   മോഡിലായി. ഏതൊരു പെർഫോമിങ്ങ് ആർട്ടിസ്റ്റിനേയും പോലെ ആദ്യത്തെ പോസറ്റിവ് സിഗ്നൽ കണ്ട് മനസൊന്നു തണുത്തു. വോവ് ! ഓഡിയൻസ് അണ്ടർ ഗ്രിപ്പ്!!  പേടി മഞ്ഞുരുകണ പോലുരുകിപ്പോയി.

സത്യത്തിൽ ആദ്യത്തെ ലൈൻ പാളിയത് പോട്ടെ രണ്ടാമത്തേത്  ഇവൻ ശരിയാക്കുമായിരിക്കുമെന്ന്  തോന്നീട്ടുള്ള  അവരുടെ പ്രതീക്ഷയായിരുന്നു  അതെന്ന്  ഊഹിക്കാൻ പോലും സാധിക്കാത്തത് കൊണ്ടാണ് രണ്ടാമത്തെ ലൈനിലേക്ക് ഞാൻ കടന്നത്.

"പകലകം പൊരുളിന്റെ ശ്രീരാജധാനി " യെന്ന സെക്കന്റ് ലൈൻ പാടി ത്തീർന്നപ്പോ   രാജധാനിയുടെ എൻഡ് പഞ്ച് കയ്യീന്ന് പോയി നൈസായിട്ട് ഒരു  ഡീറെയിലിങ്ങിണ്ടായോന്നൊരു സംശയം തോന്നി. തോന്നലാവും! എന്നാലും
കോൺഫിഡൻസിലൊരു ചെറിയ സ്ക്രാച്ച് വീഴാണ്ടിരുന്നില്ല.

മൂന്നാമത്തെ വരി "ഹരിതകമ്പളം നീർത്തി വരവേൽപ്പിനായി "  പാടിത്തീർത്തപ്പോഴാണ് ഞാമ്പാടാം മാഷേ യെന്ന് പറഞ്ഞ് ചാടിയിറങ്ങിയതിലെ റിസ്കിന്റെ  റിയൽ മാഗ്നിറ്റ്യൂഡ് ആദ്യമായെനിക്ക് ഫീൽ ചെയ്തത്. കണ്ണടയില്ലാതെ അച്ചാച്ചൻ തപ്പി തപ്പി പത്രം വായിക്കണത് ഒരാവിശോല്ലാണ്ട് ആ സമയത്ത് എനിക്കോർമ്മ വന്നു.

പുസ്തകത്തീന്ന് കണ്ണുയർത്തി ഞാൻ ഓഡിയൻസിനെയൊന്നു പാളി നോക്കി. സകലരും ചുണ്ടുകൾ വായ്ക്കുള്ളിലേക്ക് മടക്കിക്കടിച്ച് ചിരിയടക്കിപ്പിടിച്ചിരിക്കാണ്.

അടുത്ത വരി പാടി മുഴുവനാക്കാൻ സമ്മതിച്ചില്ല. "ഇതിലേ... ഇതിലേ...... വരു സാമഗാന വീണ മീട്ടിയഴകേ " എന്നതിലെ ആദ്യത്തേ ഇതിലേ ഒരു വഴിക്കും രണ്ടാമത്തേത് വേറൊരു വഴിക്കും കൂടിപോയതോടെ അടക്കിപ്പിടിച്ചിരുന്ന ഒരു പാട് ചിരികൾ പൊട്ടിച്ചിരികളായി പ്രമോട്ട ഡായി അൺ കൺട്രോളബിൾ സ്റ്റേറ്റിലേക്ക് മാറി സീൻ കബ്ലീറ്റ് പാന്റെമോണിയത്തിലായി സാമഗാനവീണ അതിൽ മുങ്ങി ചത്തു! 

ഇന്നിനി പാട്യാശരിയാവില്ലാന്ന് തോന്നീട്ട് അനുപല്ലവീം ചരണോം ഈമ്മീഡിയറ്റായി കാൻസൽ ചെയ്ത്  ചിരിയടക്കാൻ പറ്റാതെ ശ്വാസം കിട്ടാതെയിരുന്നിരുന്ന ഓഡിയൻസിനിടയിലൂടെ ആരുടേം മുഖത്ത് നോക്കാതെ  ഞാൻ സ്വന്തം സീറ്റിലേക്ക് ക്രാഷ് ലാൻഡ് ചെയ്തതായിരുന്നു നെക്സ്റ്റ് സീൻ.

"നീ ചോലക്കുരുവി പാടും ന്നല്ലേ ഞാൻ വിചാരിച്ചേ" ന്ന് ജിഫ്രി ചോദിച്ചപ്പോ "അത് ഒരുപാട് സിമ്പിളായിപ്പോവുന്ന്  വിചാരിച്ചിട്ടാ " ന്നാ ഞാൻ അപ്പൊ മറുപടി പറഞ്ഞത്.

*           *            *

അത് കഴിഞ്ഞതോടെ കര കര ശബ്ദമുണ്ടാരുന്ന കൃഷ്ണ കുമാറ് വരെ പാട്ട് പാടി കയ്യടി വാങ്ങിച്ചു. എന്റെ പാട്ടിന്റെ ധൈര്യത്തിൽ അന്നു പാടി കയ്യടി കിട്ടാത്തവരാരുമുണ്ടായിരുന്നില്ല ക്ലാസിൽ ഞാനൊഴികെ.

ക്വയറിൽ പാടണ പത്താം ക്ലാസിലെ ജിൻസി ചേച്ചി നൈസായിട്ട് "നീയെൻ   സർഗ സൗന്ദര്യമേ" പാടി തകർത്തതോടെ എത്രേം പെട്ടന്ന് ആ ഫങ്ങ്ഷൻ വിട്ടോങ്ങൊട്ടെങ്കിലും പോയാൽ മതിയെന്നായിരുന്നെനിക്ക്.

പിന്നെ ഒന്നു രണ്ട് വർഷത്തോളം ആ ഏരിയയിൽ  "പവനരച്ചെഴുതുന്നു " റേഡിയോവിൽ യേശുദാസ് പാടുമ്പോൾപ്പോലും  ആളുകൾ അടക്കി ചിരിക്കുമായിരുന്നത്രേ. വളരെ അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ  വിസ്ഡത്തിലേക്കോ   സമീപ പ്രദേശങ്ങളിലേക്കോയുള്ള റോമിങ്ങ് അക്കാലത്തൊക്കെ ഞാൻ അവോയ്ഡ് ചെയ്യാണ് ഉണ്ടായിട്ടുള്ളത്.

കാലക്രമേണ ഞങ്ങൾ വീട് മാറി പനമ്പിക്കുന്നിലേക്ക് പോയി. ഞാൻ തൃശൂർ സെന്റ് തോമസിലേക്ക് പ്രീഡിഗ്രിക്ക് പോയി. വിസ്ഡത്തിൽ പുതിയ   ബാച്ചുകൾ വന്നു. മലയാള സിനിമയിൽ പുതിയ പാട്ടുകൾ വന്നു. എല്ലാരും എല്ലാം മറന്നു.

എങ്കിലും പിന്നീട് ഒരുപാട് വർഷങ്ങൾ ക്ക് ശേഷവും വളരെ അപൂർവ്വമായി വിസ്ഡം     വഴി പോകേണ്ടി വന്നപ്പോഴൊക്കെ ഞാൻ ആ സെൻഡോഫ് ഓർത്ത് ഉൾക്കിടിലം കൊള്ളുമായിരുന്നു.

  *           *          *

വർഷങ്ങൾക്ക് ശേഷം ബിടെക്ക് കഴിഞ്ഞ് റിസൾട്ട് വരാൻ വെയ്റ്റ് ചെയ്യണ ടൈമിലൊരൂസം പനമ്പിക്കുന്നിൽ ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പോഴാണ് ഒരു ബൈക്ക് വന്ന് ചേർത്ത് നിർത്തിയത്.
എനിക്ക് പുറകിലിരിക്കണ ലേഡിയെ മാത്രേ കാണണുള്ളൂ. ഒരയ്ഡിയേ മില്ല. ഒന്നൂടെ അടുത്തെത്തിയപ്പോ ഓടിക്കുന്നതാരാന്ന് നോക്കി. ഇല്ല ഒരു പരിചയോല്ല്യ. വഴി ചോദിക്കാനാവും എന്ന് മനസിലോർക്കണേനെടേല്

"നെനക്കെന്നെ മനസിലായില്ലടാ..... ഞാനാ ജിൻസിയാടാ സായ്...."

ബൈക്കിന് പുറകിലിരുന്ന ലേഡി സ്വയം ഇൻട്രൊഡ്യൂസ് ചെയ്തു.

"ഓ.... ജിൻസി  ചേച്ചി വിസ്ഡത്തിലെ ......" വർഷങ്ങൾക്ക് ശേഷം  കണ്ട് മുട്ടിയ സന്തോഷത്തിൽ ഞങ്ങൾ ഒരു പാട് കാര്യങ്ങൾ ഷെയർ ചെയ്തു. അതിനിടയിലാണ് ബൈക്കോടി ക്കണ ചേട്ടനെ ചൂണ്ടി... "ദ് ഹസ്ബെൻഡാന്ന് " എന്നോടും...." ചേട്ടന് ആളെ മനസിലായോ.... വിസ്ഡത്തിലുണ്ടായിരുന്ന  സായി.... " ന്ന് ആളോടും പറഞ്ഞത്.

ആൾടെ അന്തം വിട്ട  നോട്ടം കണ്ടപ്പോ എനിക്ക് കാര്യം മനസിലായി
ഇല്ല ആൾക്കെന്നെ പിടി കിട്ടീട്ടില്ല!

പെട്ടന്നാണ് ജീൻസി ചേച്ചീടെ എക്സ്പ്ലനേഷൻ വന്നത്.
"അന്ന് ആ വിയറ്റ്നാം കോളനീലെ ആ പാട്ട് പാടിയ ...." ചേച്ചി മുഴുവനാക്കിയില്ല
അതിനു മുൻപേ പൂർവ്വ ജൻമങ്ങളിൽപ്പോലും എന്നെ കണ്ട് മുട്ടാൻ യാതൊരു ചാൻസുമില്ലാതിരുന്ന
ആള് കൊറെക്കാലായിട്ട് പരിചയമുള്ള ആളെപ്പോലെ എന്റെ കയ്യിൽ കയറിപ്പിടിച്ച് ഷേക്ക് ഹാൻഡ് തരുന്നതിനിടെ " ....പവനരച്ചെഴുതുന്ന പാട്യ സായി... ല്ലേ? " എന്നെന്നോട് കൺഫേം ചെയ്തു.

ദൈവമേ....ഇതിൽ നിന്നൊന്നും ഇനിയീ ജന്മം മോചനമില്ലേയെന്ന ഗദ്ഗദം ഉള്ളിലൊരുക്കി ഞാൻ മറുപടി പറഞ്ഞു.

"അതെ ചേട്ടാ.... ഞാനാണ് ആ ഘരാന മാജിക് പീക്കോക്ക് ! !""

Saturday, October 7, 2017

വിക്രം ബാലആളുകളോട് ഇടപെടുന്നതിലുണ്ടായിരുന്ന പ്രത്യേകത കൊണ്ട്    ‘പട്ടാളം’ ന്ന്  നാട്ടില്‍ നിക്ക് നെയിമുണ്ടായിരുന്ന  വിശാലാക്ഷി ടീച്ചര്‍ക്ക്‌ രണ്ടു പെണ്‍കുട്ടികളായിരുന്നു.   ഇരട്ട സുന്ദരികള്‍  ഇന്ദുവും  ഗൌരിയും.  ആയ കാലത്തേ ഭര്‍ത്താവ് ഗുഡ്  ബൈ പറഞ്ഞു പോയതില്‍പ്പിന്നെയാണ്  പൂ പോലെ സൌമ്യയായിരുന്ന ടീച്ചര്‍ വിജയ ശാന്തിയുടെ ആറ്റിറ്റ്യൂഡിലേക്ക് മാറിയത്.  “നിക്ക് പെണ്‍കുട്ട്യോള് രണ്ടാ ...മൂന്ന് സ്ത്രീകള്   മാത്രം ജീവിക്യണ വീടാ....പെരുമാറ്റത്തില്‍ ഇച്ചിരി കടുപ്പം തോന്നില്ലേല്‍ സകല ലവന്മാരും കേറി നിരങ്ങില്ലേ “ ന്നായിരുന്നു  ടീച്ചര്‍ കൊളീഗായിരുന്ന നിര്‍മ്മല ടീച്ചറോട് ഒരിക്ക്യലിതിനെക്കുറിച്ച്  പറഞ്ഞത്. 

പിള്ളേര് രണ്ടും വളര്‍ന്നു  എസ് ന്‍ കോളെജ്ജില്‍ ഡിഗ്രിക്ക് ചേര്‍ന്ന  സമയത്താണ്  ടീച്ചര്‍ടെ വീടിന്റെ ജസ്റ്റ്‌ ഒപ്പോസിറ്റ്  നവധാര ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ്  ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നത്.  ക്യാരംസുകളീടെ ഗ്യാപ്പില്‍ വായ്നോട്ടോം കൂടി നടക്കോലോന്നോര്‍ത്ത്   പ്രദേശത്തെ ആണായിപ്പിറന്ന നിറ യൌവനങ്ങൾ മുഴുവനും  ട്വന്റി ഫൌര്‍ ബാര്‍ സെവന്‍  ക്ലബ്ബില്‍ അടയിരുന്നു തുടങ്ങിയപ്പോഴാണ് സംഭവത്തിലെ സെക്യൂരിറ്റി ബ്രീച്ച് മണത്തറിഞ്ഞ്  ടീച്ചര്‍  ഒരു ഡിഫന്‍സിവ് മെഷര്‍ എന്ന നിലക്ക്  ആറടിയോളം ഉയരോണ്ടായിരുന്ന, ഒരഡീഷ്നല്‍ ഫീച്ചർ എന്ന നിലക്ക് കുപ്പിച്ചില്ലോണ്ട്  ടോപ്പിങ്ങൂടി ചെയ്ത,  ഒരു   ചുറ്റുമതില്‍ വീടിന് പണിയിച്ചത്.

ആയിടക്കു തന്നെയാണ് ടീച്ചര്‍ വിക്രം എന്ന പേരുള്ള ആ നാട്ടിലെ  ആദ്യത്തെ   അല്‍സേഷ്യനെ അവതരിപ്പിക്കുന്നത്‌.  വിക്രം  പേര്  പോലെ തന്നെ അക്രമിയും വീരശൂര പരാക്രമിയുമായിരുന്നു. പട്ടിണിക്കോലങ്ങളായിരുന്ന  ശ്വാന വീരന്‍ മാരെക്കണ്ട് മാത്രം ശീലിച്ച  ലോക്കല്‍  ശ്വാന സുന്ദരികള്‍ക്ക്  അര്‍നോള്‍ഡ ഷ്വാ സ്നേഗര്‍ന്റെ  ഗറ്റപ്പുണ്ടായിരുന്ന വിക്രം  ഫസ്റ്റ് സൈറ്റില്‍ തന്നെ  ഹാര്‍ട്ട്‌ ത്രോബ് ആയി മാറി. 

ടീച്ചറുടെ പറമ്പ്  മാത്രല്ല ആ ഏരിയ മുഴുവനും  വിക്രമിന്  മുൻപും പിൻപും എന്ന രീതിയിൽ അടയാളപ്പെടുത്താമായിരുന്ന മാറ്റങ്ങളാണ് വിക്രം  വന്നതോടെ സംഭവിച്ചത്. ടീച്ചര്‍ടെ പറമ്പിലേക്ക് ബാള്‍ പോയാല്‍ അടിച്ചവന്‍ ഔട്ട്‌ ആണെന്നും പുതിയ ബാള്‍ വാങ്ങിക്കൊണ്ട് വരുന്നത്‌ വരെ  ആ ബാറ്റ്സ്മാന്‍  സസ്പെന്‍ഷനില്‍ ആയിരിക്കുമെന്നൊക്കെയുള്ള (അക്കാലത്ത് ബി സി സി   ഐ ക്ക് പോലും അജ്ഞാതമായിരുന്ന) നിയമങ്ങള്‍ നവധാരയില്‍ നിലവില്‍ വരുന്നത് വിക്രമിന്റെ ടൈമിലാണ്.  വിക്രം ചാര്‍ജ്ജെടുത്ത അന്ന് തന്നെ അതു വരെ ആ പറമ്പില്‍ സ്വൊര്യ  വിഹാരം നടത്തിയിരുന്ന  സകല ജീവികളും വാര്‍ഫൂട്ട് ബേസില്‍  അബ്സ്കോ ണ്ടായി.  ടീച്ചറെ മുന്‍പരിചയമില്ലത്ത്തത് കൊണ്ടു മാത്രം എന്തെകിലും സഹായത്തിന് ”ന്നാ പ്പിന്നെ ഇവിടെ കയറിചോദിച്ചേക്കാം” ന്ന് കരുതി  ഗേറ്റിനടുത്തേക്ക് വന്നിരുന്ന അപൂര്‍വ്വം  വഴിപോക്കര്‍  ഗേറ്റിനരികെ   വരെ ചെന്ന്  വിക്രമിന്റെ പതിനയ്യായിരം കിലോവാട്ട് ഡോള്‍ബി അറ്റ് മോസ്  കുര കേട്ട് ശബ്ദം ഇത്രേണ്ടേല്‍  സാധനത്തിന്റെ  ആക്രമണ തീവ്രത എന്തായിരിക്കും എന്നതിനെക്കുറിച്ച് ഒരു ബോള്‍ പാര്‍ക്ക്‌ എസ്റ്റിമേറ്റിട്ട് ഇനിയീ പഞ്ചായത്തിലേക്കേയില്ലെന്ന്  ഓൺ ദ സ്പോട്ട് തീരുമാനിച്ച് സ്കൂട്ടാവായിരുന്നു  പതിവ്.   

വിക്രമിന്റെ സര്‍വിലൻസ് ആന്റ് റക്കനൈസെൻസിൽ കാര്യങ്ങള്‍ സെക്വർ ആന്‍ഡ്‌ ടൈഡിയായി പോവുന്ന ടൈമിൽ  ഒരൂ ഞായറാഴ്ച ലോകം മുഴുവന്‍ ഉച്ചയുറക്കത്തിലേക്ക് സ്ലിപ് ആയ മോമെന്റില്‍  എവിടെന്നോ ആ പ്രേദേശത്ത് ആദ്യമായി എത്തിപ്പെട്ട   ഒരു കരി മൂര്‍ഖന്‍ ടീച്ചര്‍ടെ പറമ്പിലേക്ക് ഇഴഞ്ഞു കയറി. 

പറമ്പ് ക്രോസ് ചെയ്ത്  പോര്‍ച്ചിന്റെ അകത്തേക്ക്  "സുന്ദരിനീയും സുന്ദരന്‍  ഞാനും ചേര്‍ന്നിരുന്നാല്‍ തിരുവോണം”  എന്ന പാട്ടിന്റ പേസിൽ   ഇഴയുന്ന  ടൈമിലാണ്  ലഞ്ച് കഴിഞ്ഞു മെയിന്‍ എന്ട്ര്നസിനരികെ ചവിട്ടിയില്‍ ഉറങ്ങി ഉറങ്ങിയില്ല എന്ന മോഡില്‍ കിടന്നിരുന്ന  വിക്രം അപകടം മണത്തറിഞ്ഞു ചാടി യെണീറ്റ് ആദ്യത്തെ കുര  കുരച്ചത്.

ആദ്യത്തെ കുര തീരുന്നതിന് മുന്‍പേ  തന്നെ അമൽ  നീരദിന്റെ നായകനെ പോലെ  അകത്തേക്ക് ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്ന മൂര്‍ഖന്‍   വിക്രമിന് നേരെ തിരിഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു മൂര്‍ഖന്‍ പാമ്പ് ലോകത്തെവിടെ ആയിരുന്നാലും പ്രതികരിക്കുന്ന ട്രഡീഷ്നല്‍ പോസ്ച്ചറിലേക്ക്  മാറി ആദ്യത്തെ ചീറ്റ് ചീറ്റി.

ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശൂ !!! 

അത് വരെ വല്ലപ്പോഴും ഗേറ്റ് കടന്നു വരാന്‍ ശ്രമിച്ചിരുന്ന, വന്നാല്‍ ത്തന്നെ ആദ്യത്തെക്കുരക്ക് തന്നെ ചുവരിലടിച്ച പന്ത് പോലെ വന്നേലും വേഗത്തില്‍ തിരിച്ചു പോണ,  സ്ഥലത്തെ പ്രധാന ചേരയെ മാത്രം കണ്ട് ശീലിച്ച വിക്രം തന്റെ തലയ്ക്കൊപ്പം ഉയരത്തില്‍ പത്തി വിരിച്ച്  കീരിക്കാടന്‍ ജോസിന്റെ അറ്റിറ്റ്യൂഡില്‍  ആദ്യമായി തന്റെ ഡൊമൈനില്‍ ഒരു ചലഞ്ചിനെ മുഖാമുഖം കണ്ട് രണ്ട് സ്റെപ്പ് പുറകിലേക്കിറങ്ങി എന്താപ്പാനി നെക്സ്റ്റ് ന്നാ ലോചിച്ച് നിന്ന  ഗ്യാപ്പിലാണ്   “...ന്താ ഈ നായിങ്ങനെ കെടന്ന്  കൊരക്ക്യണേ” ന്നറിയാന്‍  ടീച്ചര്‍ ജനല് വഴി എത്തി നോക്കിയതും “അയ്യോ പാമ്പേ” നലറി വിളിച്ചതും.

വിതിന്‍ ഷോര്‍ട്ട് സ്പാന്‍ ഓഫ് ടൈം    ഇന്ദുവും ഗൌരിയും “ ആയ്യോ ഞങ്ങടെ വീട്ടി പാമ്പ് കേറി നാട്ടാരെ ഓടി വരണേ “  ന്നലറി വിളിച്ചു   ടീച്ചറുടെ ലീഡ് കരച്ചിലിന്  കോറസായി ച്ചേര്‍ന്നത്  സംഭവത്തിന്റെ റീച്ച് കൂടിക്കോട്ടേന്ന സദുദ്ദേശം കൊണ്ടു മാത്രാണ്.

മൂന്ന് സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ നിന്നും ഓഡ്‌ ടൈമില്‍   “എന്താപ്പൊരു കരച്ചില് ന്ന്  ക്യൂരിയസ്സായിട്ട് തന്റെ  വാര്‍ഡിലെ  ഏതോ പ്രജയുടെ കല്യാണത്തിനു പോയി മടങ്ങും വഴി മെമ്പര്‍ ബാലേട്ടന്‍   ടീച്ചറുടെ  വീടിന്റെ മുന്പില്‍ സ്കൂട്ടര്‍ നിര്‍ത്തിയിറങ്ങിയത്.

സംഭവം പാമ്പാണെന്ന് മനസിലാക്കി ഗേറ്റ് ചാടിക്കടന്നു  ഉണണക്കാനിട്ടിരുന്ന  വിറക് കൂട്ടത്തില്‍ നിന്നും തന്റെ ഓപ്പറേഷനു സ്യൂട്ടായ ഒരു പട്ട സെലക്റ്റ് ചെയ്തു ബാലേട്ടന്‍ സ്പോട്ടിലെത്തുമ്പോ വിക്രമും മൂര്ഖാനും പരസ്പരം അക്രമിക്ക്യനുള്ള പഴുതു  നോക്കി പരസ്പ്പരം പോര്‍ വിളി ജസ്റ്റ് സ്റ്റാര്‍ട്ട് ചെയ്യ്തിട്ടേണ്ടായിരുന്നുള്ളൂ.

ബാലേട്ടന് പുറകിലായാണ്  നവധാരയില്‍ ക്യാരംസ് കളിച്ചോണ്ടിരുന്ന അമ്പുവും സിനീഷും ശ്യാമും ഇന്ദൂന്റേം ഗൗരീടേം  ശബ്ദല്ലേ കേട്ടത് എന്ന ഉൾവിളിയിൽ അവരവർക്ക്  സ്യൂട്ടായിട്ടുള്ള  ഓലമടല്‍ സെലക്റ്റ് ചെയ്ത്  ഒപ്പറേഷന്‍   മൂര്ഖനില്‍ ജോയിന്‍ ചെയ്തത്.

വിക്രമിന്റെ പുറകില്‍ ആള് കൂടിയത് കണ്ടത് കൊണ്ടാണോന്നറിയില്ല ചീറ്റി നിന്നിരുന്ന മൂര്‍ഖന്‍ പത്തിയൊന്ന് താഴ്ത്തി സ്കൂട്ടാവാന്‍ സ്കോപ്പുണ്ടോന്ന് നോക്കി പരിസരം വിലയിരുത്താനിടുത്ത ആ ഒരേയൊരു  നിമിഷം...... എല്ലാ  യുദ്ധത്തിനു മുന്‍പും ഏതൊരു  പടയാളിയും കടന്നു പോകുന്ന ആ  ഓടണോ നിക്കണോ യെന്ന ക്രിട്ടിക്കൽ   മൊമന്റ് ! ആ ഗ്യാപ്പിലാണ് ഫുള്‍ ഫോക്കസില്‍  നിന്നിരുന്ന വിക്രം സറൊവ്ണ്ടിങ്ങാമ്പിയന്‍സ് എങ്ങിനുണ്ടെന്നറിയാന്‍ ജസ്റ്റ്‌ ഒന്ന്  തിരിഞ്ഞു നോക്കിയത്. 

കഴിഞ്ഞ ന്യൂ ഇയര്‍ സെലിബ്രേഷന് നവധാരയുടെ ലക്കിഡിപ്പിന്റെ  മെയിന്‍  സ്പോസാറായിരുന്ന ശേഖരേട്ടന്‍സ്  കുങ്ഫു അക്കാദമിയുടെ നോട്ടീ സിലുണ്ടായിരുന്ന   ചൈനക്കാരനെപ്പോലെ പാമ്പിനെ അടിക്ക്യാന്‍ മടലോങ്ങി പാങ്ങ്  നോക്കി വിവിധ പോസുകളില്‍ നിലയുറപ്പിച്ച് ഓപ്പറേഷന്‍  സന്നദ്ധരായി  ബാലന്‍സ് ചെയ്തു നിന്നിരുന്ന  ബാലേട്ടന്‍ ആന്‍ഡ്‌ ടീം നെ നേരില്‍ ക്കണ്ടതും ബാലേട്ടനും പിള്ളേരും   #മൂര്‍ഖന്‍ പാമ്പിനോടൊപ്പം  എന്നൊരു ഹാഷ്ടാഗ്  മിസ്സണ്ടര്‍സ്റ്റാണ്ടിംഗ്   വിക്രമിന് ഉണ്ടായി.  പാമ്പിനെ അവിടെ വിട്ട്ട്ട്  "നീയൊക്കെ വീട്ടിക്കേറി അടിക്ക്യറായോടാന്നോ ആരോട്  ചോദിച്ചിട്ടാടാ നീയൊക്കെയീപറമ്പേക്കേറിയേ” ന്നോ അര്‍ഥം വരുന്ന ഒരു ഹൈവോൾട്ടേജ്  കുര കുരച്ചു ബാലേട്ടന്റെ നെഞ്ചത്തേക്ക് വിത്തിൻ സ്പിളിറ്റോഫേ സെക്കന്റ് കൊണ്ട് കുതിച്ച്  ചാടിയ വിക്രംമില്‍ നിന്നും   മൈക്രോ സെക്കണ്ടുകളുടെ ഗ്യാപ്പില്‍ മാത്രം ഒഴിഞ്ഞ് മാറി  ആറടിയോളമുയരമുണ്ടായിരുന്ന കോമ്പൗണ്ട് വാളിന്റെ  ഉയരം കുറവാണ് എന്ന് തോന്നിയ  ഒരു ഭാഗത്തൂടെ ഒമർ മക്ലൂഡ്  ഹർഡില്‍സ്  ചാടികടക്കണ  ലാഘവത്തോടെ   ആളും പിള്ളേരും  ചാടി രക്ഷപ്പെട്ടത്,  ലാൻഡിങ്ങിൽ ചില്ലറ പരിക്ക്കൾ സംഭവിച്ചിരുന്നെങ്കിലും. ആ ഗ്യാപ്പിൽ മൂർഖൻ എത് വഴിക്ക്  പോയിയെന്ന് മാത്രം ആർക്കും ഒരു പിടീം കിട്ടീല്ല.

പിറ്റേന്ന് ഉളുക്കിയ കാല് മായി പാതി ഞൊണ്ടി ആ വഴി വന്ന ബാലേട്ടൻ ടീച്ചറുടെ വീടിന് മുൻപിൽ ഒരു ലോഡ്  ഇഷ്ടിക ഇറക്കി വച്ചത് കണ്ടിട്ട് "വീട് പണീ ണ്ടാ? ന്താ ടീച്ചറെ ഇഷ്ടിക എറക്കിവച്ചിരിക്കണേ?" ന്ന് ചോദിച്ചതിന് മറുപടിയായി

 "അല്ല  മതില് ഒരു രണ്ടടി ഉയരം കൂട്ടാനാ .... ആർക്കെങ്കിലും ഒരത്യാവശ്യം വന്നാ ചാടിക്കടക്കാവുന്ന ഉയരല്ലേപ്പോളളൂ നിന്നലല്ലേ മെമ്പ റേ  മ്മക്ക്  മനസിലായുള്ളൂ ... " ന്ന് പറഞ്ഞ് സാരീടെ തുമ്പ് വലിച്ച് എളിയിൽ കുത്തി പുത്യേ  ചങ്ങലേക്കിടന്ന വിക്രത്തേയും ഒറ്റക്കാലിൽ ബാലൻസ് ചെയ്ത് നിന്നിരുന്ന ബാലേട്ടനേയും തനിച്ചാക്കി വീട്ടിനകത്തേക്ക്  ചവിട്ടിക്കു തിച്ച് കയറിപ്പോയി.

Friday, August 7, 2015

നിഷ്ക്കളങ്കൻ

കുളിച്ച്‌ വന്നിട്ട്‌ തല തുവർത്തിക്കൊണ്ടിരിക്കുമ്പോൾ പെട്ടന്ന് ഞാൻ ഞെട്ടി
ദൈവ മേ....ചെവികേക്കണില്ല!!
ഒരു ശബ്ദവുമില്ല!!
തൊട്ട്‌ ‌ മുന്നിലിരുന്ന് ധ്രുവ്‌ ഇന്നലെ വാങ്ങിച്ച ടോയ്‌ ട്രെയിൻ കൊണ്ട്‌ കളിക്കാണ്‌..... ഇന്നലെ രാത്രി അതിന്റെ ഥക്‌ ഥക്‌ എന്ന തുളച്ച്‌ കയറണ ശബ്ദോം ചൂൂൂൂ എന്ന ചൂളം വിളിയും കേട്ട്‌ ധ്വനി ഞെട്ടിയെണീറ്റ്‌ കരഞ്ഞതാണ്‌.....ഉറങ്ങിക്കഴിഞ്ഞാൽ ഇടത്തരം വെടിക്കെട്ടോ റിക്റ്റർ സ്കയിലിൽ ആറോ അതിൽ ത്തഴേയൊ ഉള്ള ഭൂകമ്പമോ ഉണ്ടായാൽ പോലും ഉണ്ണി വാവാവോ പാട്ടിന്റെ മൂഡിലെടുക്കണ ലവൾ ഈ ടോയ്‌ ട്രയ്നിന്റെ കർണ്ണ ക ഠോരമായ ശബ്ദം കേട്ട്‌ ഇന്നലെ എട്ട്‌ ദിക്കും പൊട്ടുമാറ്‌ അലറിക്കരഞ്ഞതാണ്‌....
അത്ര വലിയ ശബ്ദം ആണ്‌ എനിക്കിപ്പോ മിസ്സായിരിക്ക്യണേ.....
ചെവിയിൽക്കയറിയ വെള്ളം തുടച്ച്‌ മാറ്റാനുപ യോഗിച്ച ബഡ്സ്‌ ഞാൻ ഒന്നൂടി നോക്കി!! ഇനിയിപ്പോ കർണ്ണപുടം എങ്ങാനും പൊട്ടിയതാവ്വോ??
ഒരു ശബ്ദവും കേൾക്കാതെ ജീവിക്കുന്നതിനെ ക്കുറിച്ച്‌ ഇന്ന് വരെ ആലോചിച്ചിട്ടുപോലുമില്ല......ആ വിധി ഇതാ വന്നിരിക്കുന്നു...
"ശ്രീീീീ!!!!!!"
അകത്തുള്ള മുഴുവൻ ഓക്സിജനും കാർബൺ ഡ യോക്സൈഡും തീരുന്നത്‌ വ രെ ഞാൻ നീട്ടി വിളിച്ചു.....കിച്ചണിൽ നിന്നും നേരിട്ട്‌ ബെഡ്‌ റൂമിലെത്തിയ ശ്രീ കയ്യിൽ ദോശ മറിച്ചിട്ട്‌ കൊണ്ടിരുന്ന തവിയുമായാണ്‌ പ്രത്യക്ഷപ്പെട്ടത്‌....മാജിക്‌ വാന്റേന്തിയ മാലാഖ യെ പ്പോലെ!!
"എനിക്ക്‌ ചെവിക്കേക്കണില്ല ശ്രീ....ബഡ്‌സ്‌ ഉപ യോഗിച്ചപ്പോ ഇയർ ഡ്രം പൊട്ടിയതാണെന്ന് തോന്നുന്നു!!!"....എനിക്ക്‌ ഒന്നൂടി ഒച്ച വക്കണ മെന്നും ഉറ ക്കെ ക്കരയണം എന്നും തോന്നി....പ ക്ഷേ അതിനു മുൻപേ
"ഞാൻ പറഞ്ഞിട്ടുണ്ട്‌ എത്‌ നേരവും ഇയർ ബഡ്‌ സ്‌ ഇട്ട്‌ ചെവിയിൽ തിരിക്കരുതെന്ന്....ഒരൊന്ന് വരുത്തി വച്ചിട്ട്‌ "... എന്ന് ശ്രീ പറയുന്നത്‌ ഞാൻ വ്യക്തമായി കേ ട്ടു!
അപ്പോ സംഗതി കേൾക്കണുണ്ട്‌..."ശ്രീ ഇപ്പോ കേൾക്കാം...." ‌
ന്ന് പറഞ്ഞതിന്‌ മറുപടിയായി "കാലത്ത്‌ന്നെ ഒരോരൊ...." എന്ന് തുടങ്ങുന്ന എന്തോ ഡയലോഗ്‌ പറഞ്ഞു ഓഫ്‌ ടൂ കിച്ചൻ എന്ന സ്റ്റാറ്റസിട്ട്‌ ശ്രീ ഓഫ്‌ ലയിനായി ..
അപ്പോ ടോയ്‌ ട്രെയിന്റെ ശബ്ദം മാത്രാണ്‌ മിസ്സിംഗ്‌.... അത്‌ കൊടുത്തിട്ട്‌ അര മണിക്കൂറായില്ല അതിന്‌ മുൻപേ സാധനം ലവൻ മ്യൂട്ട്‌ ചെയ്തിരിക്കുന്നു..
ഡാ....എവിടെ ഇതിന്റെ ശബ്ദം??
"ശംഭം??" ട്രെയിനിൽ നിന്നും തലയുയർത്തി ധ്രുവ്‌ കൊസ്റ്റ്യൻ കൺഫേം ചെയ്തു...
യെസ്‌ ...ആ പ്പറഞ്ഞ സാധനം എവിടെ??
"ദാ.... ദവിടെ....." ലവൻ വർക്ക്‌ ഏരിയയിലേക്ക്‌ വിരൽ ചൂണ്ടി.
സ്പീക്കർ അഴിച്ച്‌ അങ്ങോട്ട്‌ എറിഞ്ഞിരിക്ക്യയാണ്.

"എവിടെ???"
ധ്രുവ്‌ ഓടിച്ചെന്ന് വർക്ക്‌ ഏരിയയിൽ നിന്നും ഒരു ചെറിയ ബക്കറ്റ്‌ എടുത്തോണ്ട്‌ വന്നു....
ദാ ഇതിനകത്തുണ്ടച്ചാ...
ഓഹോ സ്പീക്കർ അഴിച്ചു അതിനകത്തിട്ടു കാണും.....
ഞാൻ നോക്കി.....
അര ലിറ്ററോളം വെള്ളമുണ്ട്‌.....പ ക്ഷേ സ്പീക്കറൊന്നും കാണാനില്ല...
ഇതിൽ കാണാനില്ല ല്ലോഡാ.....
"ഞാൻ ട്രെയിൻ കഴുകീപ്പോ ശമ്പം അതില് പോയിട്ട്‌ കാണണില്ലാച്ചാ....."
ലവൻ സാധനം വെള്ളത്തിൽ മുക്കി സ്പീക്കർ നശിപ്പിച്ചതാണ്... എന്നിട്ടും ‌കിളിപോയ ഗെറ്റപ്പിൽ നിന്നിരുന്ന എന്നെ നോക്കി ധ്രുവ്‌ നിഷ്കളങ്കനായി!!

Thursday, August 6, 2015

ആം ആദ്മി

ഇന്നലെ മട്ടാഞ്ചേരി വരെ പോകേണ്ടി വന്നു.......‌ എന്താന്നറിയില്ല എനിക്കാ സ്ഥലം പണ്ടേ ഇഷ്ടാണ്!!

ഫേസ്‌ബുക്കിൽ "ഓഫ്‌ ടു ഇംഗ്ലണ്ട്‌ ന്ന് " സ്റ്റാറ്റസിട്ട്‌ ചുരിയുള്ള ചുരിദാറിന്റെ ബോട്ടവും, ഇട്ടുകഴിഞ്ഞാൽ ഇടത്തരം ഒരാനക്ക്‌ കൂടി സ്പേസുള്ളതും, അഴിക്കുമ്പോൾ ഏതു വഴിക്കും ഊരിയെടുക്കാവുന്ന പഴ്‌ സീൻ വല പോലുള്ള ടീ ഷർട്ടുമിട്ട്‌ കൊച്ചിക്ക്‌ പോണ എതൊ ഒരു വിമാനം കൈകാണിച്ച്‌ നിർത്തിക്കേറിപ്പോന്ന സായിപ്പന്മാരും മദാമമാരും അങ്ങാടിയിൽ പശു നടക്കണ പൊലെ പ്ര ത്യേകിച്ച്‌ ഒരാവ ശ്യോമില്ലാതെ ഇല്ലാതെ തേരാ പാരാ നടക്കണ സീൻസ്‌ ആണോ..... അതൊ വല്ല മുജ്ജന്മ ബന്ധമാണൊ എന്നറിയില്ല.... മട്ടാഞ്ചേരീന്ന് കേട്ടപ്പോഴോക്കെ അപ്പോ ത ന്നെ പോയിക്കാണണം എന്നൊരു തോന്നൽ എന്നും എനിക്കുണ്ടായിരുന്നു!!


മട്ടാഞ്ചേരിയിൽ നിന്നും ഫെറി വഴി വയ്പിനിലേക്കായിരുന്നു അടുത്ത കട്ട്‌...ഞായറാഴ്ച രാവിലെ ഉറക്കമെണീറ്റ് അന്നൊരു ഹോളി ഡേ ആയോണ്ട്‌ ഒന്നും ചെയ്യാനില്ലാതെ സുഖാലസ്യത്തിൽ പാതി കൂമ്പിയ കണ്ണുകളോടെ വെറുതെ ‌ കിടക്കുന്ന സുന്ദരിയെ പ്പോലെ ആയിരുന്ന മട്ടാഞ്ചേരിയിൽ നിന്നും കാഞ്ഞ വെ ളി ച്ചെണ്ണയിൽ കടുകിട്ട അവസ്ഥയിലായിരുന്ന വയ്പ്പിനിലെ ഒരു ഹാർബറിൽ ലാന്റ്‌ ചെയ്തതും "റാകിപ്പറക്കുന്ന ചെമ്പരുന്തേ .....നീയുണ്ടോ മാമങ്ക വേല കണ്ടു? " ഇല്ലെങ്കിൽ വായോ കാണിച്ചു തരാം എന്ന ലൈനിൽ പണ്ടു നമ്മൾ ഇൻ വിറ്റേഷൻ അയച്ചപ്പോ പരുന്ത്‌ നമ്മളെ അൺ ഫ്രണ്ട്‌ ചെയ്ത്‌ കളഞ്ഞതിനെക്കുറിച്ച്‌ ഒരു ധാരണ കിട്ടി....ബോട്ട്‌ കണക്കിന്‌ മീൻ വന്നിറങ്ങുന്ന ഹാർബറിനടുത്ത്‌ താമസിച്ച്‌ കാലത്തേ എണീച്ച്‌ രാത്രി സയിൻ ഓഫ്‌ ചെയ്യണ വരെ തൈക്കുടം ബ്രിഡ്‌ ജ്ജ്‌ കാര്‌ ഒട്ടും നേരമില്ലാത്തത്‌ കൊണ്ട്‌ ഒറ്റ ശ്വാസത്തിൽ പാടിയ .....കേൾക്കുമ്പൊഴൊക്കെ നാട്ടിലെ മീൻ കാരൻ വാരിക്കോരി അന്ത്രുക്കയെ ഓർമ്മ പ്പെടുത്തിയ ആ പാട്ടിലെ സകല ഫിഷ്‌ ഐ റ്റംസും അൺലിമ്മിറ്റഡായി കിട്ടണ ഏരിയ വിട്ട്‌ വരാൻ താൽപര്യമ്മില്ലാത്തൊണ്ടാണ്‌ "വേലയും കണ്ടു വിളക്കും കണ്ടു കുന്നത്തെ കാവിലെ പൂരോം കണ്ടു" നൊട്ട്‌ ഇന്റ്രസ്ടഡ്‌ ഇൻ കമിംഗ്‌ ഓവർ ദേർ എഗൈൻന്ന് വാളിൽ സ്ക്രാപ്പിട്ടത്‌....
ചെന്ന കാര്യം കഴിഞ്ഞപ്പൊൾ ഇഷ്ടം പോലെ ഫ്രീ ടൈം......എങ്കിൽ നാലു പടം എടുത്തേക്കാം വീട്ടിൽ ചെന്നിട്ട്‌ ധ്രുവിന്‌ മീൻ കടലിൽ നിന്നും പിടിക്കുന്നതാണെന്ന് പറഞ്ഞ്‌ കൊടുക്കുമ്പോൾ ഉപ യോഗിക്കാം.... പഞ്ച സാര ടിന്നിൽ നിന്നല്ല കരിമ്പിൽ നിന്നെടുക്കുന്നതാണെന്നും, പാൽ കവറിൽ നിന്നല്ല പശുവിനെ ക്കറന്നാണെന്നും പറഞ്ഞു മനസിലാക്കിയ പോലെ മീൻ ബൈക്ക്‌ന്‌ പുറകിലെ പ്ലാസ്റ്റിക്‌ ബോക്സിൽ നിന്നല്ല ബോട്ടിൽ കടലിൽ പോയി വലവീശിപ്പിടിക്കുന്ന താണെന്നും ധ്രുവ്‌ മനസിലാക്കട്ടെ !!
ഫൊട്ടോ എടുക്കാൻ തുടങ്ങി യ പ്പോഴാണ്‌ കഥയിലെ മെയിൻ ക്യാരക്ടറിന്റെ എന്റ്രി......
സംവിധായകൻ ജോഷിയെ ലോ ഫ്ലയ്മിൽ ഇട്ട്‌ വറ്റിച്ചെടുത്ത പോലുള്ള അപ്പിയറൻസ്‌ .... കൊടിയ വിഷാദം!! നരച്ച താടി രോമങ്ങളിലുടെ അറ്റത്തു വ രെയുണ്ട്‌ നിരാശ .....ബാബു നമ്പൂതിരിയുടെ ശബ്ദവും!!
"എവിടെന്നാന്ന് ?? " ചോദിച്ച്‌ ആള്‌ തുടങ്ങിയ കൊൺവർസേഷൻ ഞാൻ പോലുമറിയാതെ ഒരു നമ്മൾ തമ്മിൽ പരിപാടിയിലേക്ക്‌ പരിണമിച്ചു.....ഗ ണേഷ്‌ കുമാർ ഇല്ലാതിരുന്നിട്ട്‌ കൂടി....
മൽസ്യബന്ധനം എന്ന ചില വേറിയ പ്രക്രിയ.....ഡീസൽ പമ്പ്‌ കാരുടെ അളവിൽ കൃത്രിമം കാട്ടിയുള്ള വഞ്ചന.....മസ്യ ഫെഡ്‌....ഫിഷറീസ്‌ വകുപ്പ്‌ കാരുടെ ചൂഷണം......
ലക്ഷക്കണക്കിന്‌ രൂപയുടെ വല മുറിച്ച്‌കളയണ മീനുകൾ....ട്രോളിംഗ്‌ നിരോധനക്കാല ത്തെ വരുമാന മില്ലായ്മ....തുടങ്ങിയ ഒരു നൂറുകൂട്ടം കാര്യങ്ങൾ പുള്ളി ഷെയർ ചെയ്തു.....
മീൻ കുഞ്ഞിനെ വാങ്ങിക്ക്യേണ്ട....ഭക്ഷണം കൊടുക്കേണ്ട... അവയുടെ ഹെൽത്ത്‌ സ്റ്റാറ്റസ്‌ മൊണിട്ടർ ചെ യ്യേണ്ട....അസുഖം വന്നാൽ മരുന്ന് വാങ്ങി കൊടുക്കേണ്ട...... എവരിത്തിംഗ്‌ അണ്ടർ ക ണ്ട്രോൾ ഓഫ്‌ ഹേർ മജെസ്റ്റി മൈറ്റി കടലമ്മ.....മീനുകൾ വളർന്ന്‌ പ്രായപൂർത്തിയാവുമ്പോൾ ഒരു ബോട്ടുമായി അങ്ങട്‌ ചെല്ലാ.... പിടിക്കാ.....മീനിന്‌ നല്ല വിലയുമുണ്ട്‌....വൻ ടേ ണോവറുണ്ടാകെണ്ട ഒരു ഇൻ വെസ്റ്റ്‌ മെന്റ്‌ പദ്ധതി എന്ന് ഞാൻ വിചാരിചിരുന്ന ഫീൽഡ്‌ ആണ്‌...ദാ ആ മേഖലയിൽ നിന്നുള്ള ആൾ നഷ്ടക്കണ ക്കിന്റെ ബാലൻസ്‌ ഷീറ്റ്‌ നീർത്തിയിട്ട്‌ സങ്കടം പറയുന്നത്‌....എന്റെ കണ്ണുകൾ നിറഞ്ഞു....ഇനി എല്ലാ മീൻകാരോടും അലിവോടെ പെരുമാറണം...
ഒരിക്കൽ ഫിഷറീസ്‌ ഡിപാർട്ട്‌മന്റ്‌ വന്ന് ബോട്ടിന്റെ ഏതോ പേപ്പർ ശരിയല്ലെന്ന് പറഞ്ഞ്‌ പകരമായി ഒരു ചാക്ക്‌ ചെമ്മീൻ എടുത്തൊണ്ട്‌ പോയിന്ന് കേട്ടപ്പോൾ എന്റെ ചോര തിളച്ചു....."വാട്ടെ കുക്കുംബർ സിറ്റി ഹെയ്‌ ദിസ്‌ " എന്നാ പുറത്ത്‌ പറഞ്ഞതെങ്കിലും "...ഡാ!! ഫിഷറീസ്‌ വകുപ്പേ.....അടുത്ത തവണ തിരുവനന്ത പുരത്ത്‌ വരുമ്പോൾ പാവ പ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരുന്ന നിന്റെയാ കവിൾ ഞാൻ അടിച്ച്‌ പൊട്ടിച്ചിരിക്കുംന്ന് മനസാ പ്രതിഞ്ജ യെടുത്തു!!
"എന്നാപ്പിന്നേ.... ഞാനങ്ങഡ്"‌ ന്ന് പറഞ്ഞ്‌ ആള്‌ സ്കൂട്ടാവാൻ നിന്ന സീനില്‌....പഴ്സ്‌ എടുത്ത്‌ പത്തൊ ഇരുപതൊ കൊടുത്തേക്കാം എന്നെനിക്ക്‌ തോന്നി... എത്ര ദിവസായിട്ടുണ്ടാവോ വല്ലതും കഴിച്ചിട്ട്‌.... പാവം!!
പെട്ടന്ന് ഒരു ഓഡി എ എയിറ്റ്‌ എൽ വന്ന് നിന്നു....
ആളതിൽ ക്കയറിയിരുന്ന് കൈ വീശി.....
"നെക്സ്റ്റ്‌ റ്റയ്ം വരുമ്പോൾ കാണാം സാറേ" ന്ന് പറഞ്ഞ്‌ ഓഡി പാഞ്ഞ്‌ പോയി...
അതുവരെ കണ്ടതും കേട്ടതും ഈ സീനും തമ്മിൽ ബ്ലെന്റാവാതിരുന്നതു കൊണ്ട്‌ ഔട്ട്‌ ഓഫ്‌ ഫോക്കസിലായിരുന്ന എന്നോട്‌ അടുത്ത്‌ നിന്ന ആരോ പറഞ്ഞു...
"നുമ്മടെ മൊയലാളിയാ ......"
അപ്പോ ഈ കാണണ ബോട്ട്‌ കൾ മുഴുവൻ ആൾടെ ആവുംല്ലേ ന്ന് ചോദിച്ച എന്നോട്‌
"ഈ ഹാർബർന്നെ ആൾഡ്യാ ..... " ന്നാ ലവൻ പറഞ്ഞത്‌...
ഫിഷറീസ്‌ വകുപ്പേ.... ഞാൻ തിരുവനന്തപുരത്തേക്ക്‌ വരണില്ല!!
പക്ഷേ ഇത്ര ഡോവ്ൺ ടൂ എർത്തായ ഈ മനുഷ്യനെ പീഡിപ്പിക്കുന്ന നിങ്ങൾ കെടാത്ത തീയും ചാകാത്ത പുഴുക്കളുമുള്ള നരകത്തിലേക്ക്യ ല്ലാതെ വേറെങ്ങ്‌ പോവാൻ.....
അനുഭവിച്ചോളൂ!!

Tuesday, August 4, 2015

യുറേക്കാദിശകൾ എന്ന സങ്കൽപ്പത്തെ ക്കുറിച്ച്‌ ധ്രുവിനെ മനസിലാക്കിക്കാനാണ്‌ ‌ ഞാൻ ഒരു വടക്ക്‌ നോക്കി യന്ത്രം വാങ്ങിയത്‌.
കഴിഞ്ഞ ദിവസം വാങ്ങിയ ടോയ്‌ കാറിന്റെ അവസാന ത്തെ സ്ക്രൂ അഴിച്ചു കൊണ്ടിരിക്കുന്ന രൂപത്തിലാണ്‌ സിറ്റൗട്ടിൽ നിന്നും ലവനെ പിടികൂടിയത്‌.
"കുട്ടൂസേ....ദാ അച്ചൻ നിനക്ക്‌ വേണ്ടി കൊണ്ട്‌ വന്നതെന്താന്ന് കണ്ടോ???"
ആകാംക്ഷ സഹിക്ക്യാഞ്ഞ്‌ ലവൻ ഓടി വന്നു. "....ന്താ??"
"ഇതാണ്‌ വടക്ക്‌ നോക്കിയന്ത്രം......അഥവാ കോമ്പസ്സ്‌!!"
അവൻ സാധനം വാങ്ങി കയ്യിൽ വച്ചു തിരിച്ചും മറിച്ചും നോക്കി.
"കുട്ടൂന്‌ കാണാൻ പറ്റണുണ്ടൊ അതിനകത്തൊരു നീഡിൽ??"
"ഇതാണോ നീഡിൽ??"
"അതെയതെ...."
ജെയിംസ്‌ ബോണ്ടി ന്‌ പുതിയ തരം ആയുധങ്ങളും വാഹനങ്ങളും ഒക്കെ പരിചയ പ്പെടുത്തുന്ന ടെക്കിയെ പ്പോലെ തികഞ്ഞ ആധികാരികതയോടെ കോമ്പസ്സുമായി ഞാൻ ധ്രുവിന്റെ മുന്നിൽ നിന്നു.
"ആ നീഡിൽ എപ്പോഴും വടക്ക്‌ ത ന്നെ നോക്കിയിരിക്കും....കണ്ടില്ലേ........."
കോമ്പസ്സ്‌ തലങ്ങും വിലങ്ങും തിരിച്ച്‌ ഡെമോ സഹിതം ഞാൻ കാര്യം വിശദീകരിച്ചു.
അത്ഭുതം കൊണ്ട്‌ ആ മൂന്നര വയസുകാരന്റെ കണ്ണുകൾ വിടർന്ന് നിൽക്കുന്നത്‌ കണ്ട്‌ ഞാൻ കുറച്ചൂടെ സബ്ജക്റ്റ്‌ വികസിപ്പിച്ചു.
"കപ്പലോടിക്കുന്ന ആളുകൾ ഇതാണ്‌ പകലും മഴ ക്കോളുള്ള രാത്രികളിലും ദിശയറിയാൻ ഉപ യോഗിച്ചിരുന്നത്‌......ഇതിങ്ങനെ പിടിച്ചാൽ റെഡ്‌ നീഡിൽ പോയിന്റ്‌ ചെയ്യുന്നത്‌.... നോർത്ത്!‌...ആതിനെതിർവശം.... സൗത്ത്‌!!....നോർത്തിലേക്ക്‌ തിരിഞ്ഞു നിന്നാൽ റയിറ്റ്‌ സൈഡിൽ ഈസ്റ്റ്...‌ ലെഫ്റ്റിൽ വെസ്റ്റ്!!!‌ ......മനസിലായോ???"
അവ ന്റെ കണ്ണുകൾ ഒന്നൂടി വിടർന്നു.
"ഭൂമി ചുറ്റി സഞ്ചരിക്കാൻ പോയ ആദ്യത്തെ സഞ്ചാരിയില്ലെ ....മഗല്ലൻ!!.....ആൾഡെ കയ്യില്‌ ഇത്‌ പോല ത്തെ ഒരു കോമ്പസ്സ്‌ മാത്രേ ഉണ്ടായിരുന്നുള്ളൂ, ലോകം ചുറ്റി വരാനിറങ്ങിയപ്പോൾ!!"
"ആണോ ?? "എന്ന മട്ടിൽ എന്നെ നോക്കിയിട്ട്‌ അവൻ കോമ്പസ്സ്‌ ആദരപൂർവ്വം വാങ്ങി അത്ഭുതത്തോടെ അതിനകത്തേക്ക്‌ നോക്കി.
"ഇനി കുട്ടു പറഞ്ഞേ... നോർത്ത്‌ എങ്ങിനാ കണ്ട്‌ പിടിക്കുന്നേ??"
"ഹൂ....ഹും!! ...അച്ഛൻ കണ്ട്‌ പിടിക്ക്‌..."
ലവന്‌ മനസിലായില്ലെന്ന് തോന്നുന്നു ....ഞാൻ ഒന്നൂടെ ആവർത്തിച്ചു.
" റെഡ്‌ നീഡിൽ പൊയിന്റ്‌ ചെയ്യുന്നത്‌ നോർത്ത്‌....." ന്ന് പറഞ്ഞ്‌ നിർത്തുമ്പോഴേക്കും ഞാൻ അവശനായി. ഇനിയൊരാവർത്തി കൂടി പറഞ്ഞു കൊടുക്കുമ്പോഴേക്കും ഞാൻ ചത്ത്‌ മലക്കും...പ്രതീക്ഷയോടെ ഞാൻ ചോദിച്ചു
"ഇനി കുട്ടു പറയ്‌ .... എങ്ങിനാ കണ്ട്‌ പിടിക്കുന്നെ??"
പറഞ്ഞു തീരുന്നതിനു മുൻപെ ക സേരയുടെ മറവിലേക്ക്‌ മാറിയൊളിച്ചിട്ട്‌ അടുത്ത നിമിഷം എന്റെ മുന്നിലേക്ക്‌ ചാടി വരുന്നതിനിടെ ധ്രുവ്‌ വിളിച്ച്‌ പറഞ്ഞു ...
"ഇങ്ങനെ ഒളിച്ചിട്ട്‌ .....ഇങ്ങനെ കണ്ടുപിടിക്കും !! "
ഉടൻ എനിക്ക്‌ ദിവ്യമെങ്കിലും അതീവ ലളിതമായ ഒരു തിരിച്ചറിവുണ്ടായി:
"എന്താണെങ്കിലും കണ്ടു പിടിക്ക്യണമെങ്കിൽ ആദ്യം അത്‌ കാണാണ്ടാവന്നെ വേണം!!"
"യുറേക്കാ...... " എന്നലറി വിളിച്ച്‌ അവ ന്റെ കയ്യിൽ നിന്നും കോമ്പസ്‌ വാങ്ങി ഞാൻ പുറ ത്തേക്കു വലിച്ചെറിഞ്ഞ്‌ കളഞ്ഞു...എവിടെ ക്കേങ്കിലും പൊയ്ക്കോട്ടെ!!

മുംബൈ സി എസ്‌ റ്റി


വയ്കീട്ട്‌ ഇച്ചിരി ഫ്രീ ടൈം കിട്ടീപ്പോ ഇത്തവണ നടക്കാനിറങ്ങിയത്‌ സി എസ്‌ റ്റി യിലേക്കാണ്‌....മുംബൈ മുഴുവൻ ഓടി നടക്കണ സബർബൻ ട്രെയിനു കൾ പല നിറത്തിലുള്ളവ അടുത്ത ഓട്ടത്തിനുള്ള വിസിലും കാത്ത്‌ കിടക്കുന്നു....ഒരെണ്ണം മാത്രം മാറി കിടക്കുന്നത്‌ കണ്ടാ ‌ ചെന്ന് നോക്കിയത്‌....
ആദ്യായിട്ടാ ഒരു ട്രെയിൻ ലൈറ്റും ഓഫ്‌ ചെയ്ത്‌ വാശീ ന്ന് ബോഡും വച്ച്‌ കിടക്കണ കണ്ടത്‌...
വാശിയാണ്‌ പോലും വാശി!! ട്രെയിനായാലും വാശിക്ക്‌ ഒരു പരിധിയൊക്കെ വേ ണ്ടേ!!...

ഒരച്ഛ ന്റെ രോദനം


പത്രത്തിൽ ചെറിയ കുട്ടികളെ തട്ടിയെടുത്ത്‌ അന്യസംസ്ഥാനങ്ങളിൽ ക്കൊണ്ട്‌ പോയി ഭിക്ഷാടനത്തിനുപയോഗിക്കുന്നു എന്ന വാർത്ത വായിച്ചപ്പോൾ ധ്രുവിനെ ഒന്ന് ബോധവൽക്കരിച്ച്‌ കളയാം എന്ന് തോന്നീട്ടാണ്‌ അവ നെ അതിരാവിലെ ഉറക്കമെ ണീറ്റ്‌ വരുന്ന വഴിക്ക്‌ തന്നെ കസ്റ്റഡിയിലെടുത്തത്‌....
ഭിക്ഷക്കാരാൽ തട്ടി എടുക്കപ്പെട്ട ഒരു കുട്ടിയുടെ സാങ്കൽപ്പിക കഥയുണ്ടാക്കി .....കം ബ്ലീറ്റ്‌ എക്സ്‌പ്ര ഷൻസ്‌ ഇട്ട്‌ ഡ്രമാറ്റിക്‌ ആയിട്ടായിരുന്നു സോദാഹരണ കഥയുടെ അവതരണം.........

പണ്ട്‌ സാക്ഷരതാ ജാഥക്ക്‌ തെരുവ്‌ നാടകം കളിച്ചത്‌ ഉപകാരമായി......
മയക്കുപൊടി വിതറിയ മിഠായി കൊടുത്ത്‌ മയക്കിയ കൊച്ചുകുട്ടിയെ മാഫിയക്കാർ കണ്ണ്‌ കുത്തി പൊട്ടിച്ച്‌ മേലാസകലം പോള്ളിച്ച്‌ കയ്യും കാലും ഒടിച്ച്‌ ഭിക്ഷക്ക്‌ നടത്തണ സീൻ ഒക്കെ അഭിനയിച്ച്‌ കാണിച്ചപ്പോൾ ധ്രുവിന്റെ മുഖത്ത്‌ ഭയം നിഴലിക്കുന്നത്‌ കണ്ട്‌ ഞാൻ അഭിനയത്തിന്റെ തീവ്രത ഒന്നൂടി കൂട്ടി......
ഇത്‌ പരിപാടി കൊള്ളാം....
"എല്ലാ മാതാ പിതാക്കൾക്കും ഒന്നു ശ്രദ്ധിച്ചാൽ ഇത്തരം ബോധവൽക്കരണങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുവുന്നതേയുള്ളൂ.... വിവരണത്തിനോപ്പം അഭിനയം കൂടിയാവുമ്പോൾ കാര്യങ്ങൾ കുട്ടികൾക്ക്‌ എത്ര എളുപ്പത്തിൽ ആണ്‌ മനസിലാവുന്നത്...."‌ എന്നൊക്കെ ശ്രീയും കൂടികേൾക്കാൻ വേണ്ടിയാണ്‌ ഞാനൽപ്പം ഉറ ക്കെ ത്തന്നെ ആത്മഗദിച്ചത്‌. അല്ലെങ്കിലും വടി യേക്ക്കാളും കുട്ടി ക ളെ ബോധവൽക്കരിക്ക്യതന്നെയാണ്‌ നല്ല ആശയം!!

കാര്യങ്ങൾ കൺക്ലൂഡ്‌ ചെയ്യാം എന്നായ പ്പോൾ ധ്രുവിനോട്‌ ".......അതോണ്ട്‌ കുട്ടു പരിചയമില്ലാത്ത ആരുടെയും കയ്യീന്ന് ഒന്നും വാങ്ങി ക്കഴിക്ക്യരുത്‌.....കുട്ടൂസിന്‌ മിട്ടായിയോ, ഐസ്ക്രീമോ, ഫ്രൂട്ടിയൊ,
മായോ ഒക്കെ വേണന്ന് തോന്നുകയാണെങ്കിൽ അച്ചനോട്‌ പറഞ്ഞാൽ മതി....അച്ഛൻ വാങ്ങി ത്തരാം ......" ന്ന് പറഞ്ഞ്‌ തീരും മുൻപെ ലവന്റെ ആവിശ്യം വന്നു..."അച്ച്ഛാ....എനിക്ക്‌ ടൂ ഐക്കീമും വൺ മിട്ടായീം...."

മയക്കു പോടീമ്മില്ല കുട്ട്യോളെ പിടിച്ചോണ്ട്‌ പോണ ആളേളൂല്ല്യാ....മിഠായീം ഐസ്ക്രീമും മാത്രണ്ട്‌...
"എണീച്ച്‌ പോടാ!!! ഇത്ര നേരം ഞാനിവിടെ കിടന്ന് തലകുത്തി മറിഞ്ഞിട്ട്‌ ഇത്‌ മാത്രാണോടാ നിനക്ക് ‌ മനസിലായേ ???? "‌ ചായയുമായി വന്ന ശ്രീ കേട്ടത് ഒരലർച്ച തന്നെയായിരുന്നു ‌!!!!‌

കടുവ യെ പിടിച്ച പുലിഇന്നലെ സൺഡേ യായിരുന്നില്ലേ.....ധ്രുവിന്റെ പ്രായോഗിക ജ്ഞാനം വർദ്ധിപ്പിക്കാൻ കിട്ടിയ ഒരു ദിവസം എന്ന് കരുതി ലവ നേയും പൊക്കിയെടുത്ത്‌ സ്കൂട്ടറിൽ ഞാൻ ത്രിശ്ശൂർ സൂ കാണിക്കാൻ പോയി.....കടുവ യെക്കണ്ട ധീരൻ ഒറ്റ ചാട്ടത്തിന്‌ എന്റെ കഴുത്തിൽ കയറി ഇരുന്നു....എന്നിട്ട്‌ കടുവ യെ ഒളികണ്ണിട്ട്‌ എന്നൊടൊരു ചോദ്യം.......
"അച്ഛാ കടുവ ഒരു പുലിയാണ ല്ലേ ??"
ദൈവ മേ ഇവൻ തൃശ്ശൂർ സ്ലാങ്ങ്‌ ആൻഡ്‌ ഫ്രൈയ്‌സസ്‌ ഇത്ര പെട്ടന്ന് പഠിച്ചോ?
ഞങ്ങൾ തൃശ്ശൂർ ക്കാർക്ക്‌ അസാമാന്യമായതെന്തും പുലിയുമായി ബന്ധപെടുത്തിപ്പറയണ ശീലം ശക്തൻ തമ്പുരാന്റെ കാലം മുതൽക്കെ ശക്തിയായി ഉണ്ട്‌. ധ്രുവിന്റെ ഭാഷാപാടവത്തിൽ എനിക്ക്‌ അഭിമാനം തോന്നി....പത്തിരുപത്‌ കൊല്ലം കഴിഞ്ഞ്‌ സാഹിത്യത്തിനുള്ള നൊബേൽ ഞങ്ങളുടേ വീടിന്റെ ഷോ ക്കേസിലിരിക്കുന്നത്‌ മനസാ കണ്ട്‌ ഞാൻ നിർ വൃതി യടഞ്ഞു.
വീട്ടിൽ ചെന്ന് ഈ സ ന്തോഷ വാർത്ത ശ്രീയോട്‌ പറഞ്ഞപ്പോഴാ കാര്യം മനസിലായത്‌....സിംഹം, കടുവ, പുലി ഒക്കെ അവന്‌ പുലി മാത്രാണ്‌ വെറും പുലി !!.....ശ്രീ കഴിഞ്ഞ ആറ്‌ മാസായിട്ട്‌ അത്‌ മാത്രാ പഠിപ്പിക്ക്യണതത്രെ!!
ഒരിംപ്രൂവ്‌ മെന്റും ഇല്ല!

എക്സ്‌പ്ലനേഷൻ


അല്ലെങ്കിലും ജീവിതത്തിൽ ചില കാര്യങ്ങൾ ആർക്കും ആരോടും എക്സ്‌ പ്ലയിൻ ചെയ്ത്‌ കൊടുക്കാൻ പറ്റീന്ന്‌ വരില്ല....ഇതൊക്കെ എക്സ്‌ പ്ലയിൻ ചെയ്ത്‌ കൊടുക്കെണ്ടി വരൂന്നൊർത്താണോ എല്ലാരും എല്ലാം ചെയ്യണേ?
ഒരു പാതിരാക്ക്‌ ഞങ്ങളുടെ ഹോസ്റ്റെൽ വാർഡനും ഇതാ സംഭവിച്ചേ....ഒരിക്ക്യലും ആളത്‌ ചെയ്യുമ്പോ വീണ്ടും വീണ്ടുമതോർത്തെടുത്ത്‌ ആരോടെങ്കിലും എക്സ്‌ പ്ലയിൻ ചെയ്യണോന്ന് ആൾ സ്വപ്നേപി വിചാരിച്ചു കാണില്ല...
അന്ന് ഒരു പന്ത്രണ്ടു പന്ത്രണ്ടര ആയതേയുള്ളൂ വീരപ്പൻ എന്ന ഇരട്ടപ്പേരുള്ള ഞങ്ങളുടെ വാർഡൻ ഒരു തീ ഗോളം (പുതിയ പ്ര യോഗം ആണ്‌) പോലെ പാഞ്ഞ്‌ വന്നാണ്‌ ഹോസ്റ്റൽ പോർട്ടിക്കോയിൽ ആൾടെ സ്കൂട്ടർ ബ്രേക്കിട്ടത്‌....
ദൈവമേ സർ പ്രൈസെ് ചെക്ക്‌!!!കിളികൾ പലവഴി പാഞ്ഞു....
സാധാരണ കാറില്‌ വരണ ഇയാളെന്താന്ന്‌ സ്കൂട്ടരിൽന്ന്‌ ചിന്തിച്ച്‌
ആൾടെ കണ്ണിൽപ്പെടാണ്ട്‌ ആരുടേയൊ മുറിയിലെക്ക്‌ ഓടിക്കേറുന്നതിനിടയിലാണ്‌ ശത്രുക്കളുടെ പോലും കണ്ണു നനയിക്കുന്ന ആ കാഴ്ച കണ്ടത്‌ ......
വീരപ്പൻ സ്കൂട്ടരിൽ നിന്നും അതിദയനീയമാം വിധം ത ലേം തല്ലി വീണ്‌ കിടക്കുന്നു!!
"അയ്യൊ.... അയ്യൊ "എന്നു ലോ വോള്യ ത്തില്ലാണെങ്കിലും ആളു എസ്‌ ഒ എസ്‌ അയക്ക്യണൂണ്ട്.....‌
എന്താ സംഭവിച്ചേന്ന്‌ മനസിലായില്ലെങ്കിലും ടയർ സ്ലിപ്പായതാവും എന്ന അസ്സംഷനിൽ ഞങ്ങളോരൊരുത്തരും ഒറ്റക്ക്‌ ഒറ്റക്ക്‌ എത്തി ച്ചേർന്നു......
ഇതിപ്പെങ്ങനാ ണ്ടായെ മത്തായീ നുള്ള വിജയൻ ഡോക്ടറുടെ ചോദ്യത്തിന്റെ ഉത്തരം ആള്‌ പ റേണ കേൾക്കണ വരേയേ ഞങ്ങളുടെ പ്രാഥമിക നിഗമന ത്തിന്‌ ആയുസ്സുണ്ടായിരുന്നുള്ളൂ..
"കാറിലാ വ ന്നേന്ന് ഓർത്ത്‌ ബ്രേക്കിട്ട ശേഷം കാല്‌ നിലത്ത്‌ കുത്തിയില്ല ഡോക്ട റേ" ന്ന് ആള്‌ എക്സ്‌പ്ലയിൻ ചെയ്യണവരെ മാത്രം!!

Monday, February 11, 2013

മേലെ വിണ്ണില്‍: A Song dedicated to my son DHRUV

മനു എന്ന് കേള്‍ക്കുമ്പോള്‍ ഒരു ന്യൂ ജനറേഷന്‍ പേരാണെങ്കിലും സംഭവം വെരി വെരി ഓള്‍ഡ്‌ സാധനം ആണ്. ആളായിരുന്നൂത്രേ ഭൂമിയിലെ ആദ്യത്തെ രാജാവ്. മഹാ വിഷ്ണുവുമായി ആള് നല്ല ടേംസില്‍ ആയിരുന്നൂന്നും അതോണ്ടാണ്  പണ്ട് മഹാ വിഷ്ണു മത്സ്യാവതാരമെടുത്ത ടൈമില്‍ മനൂനു ആള്  ഒരു ഫ്ലെഡ്  അലെര്‍ട്ട് കൊടുക്കേം അലേര്‍ട്ട് കിട്ട്യെന്റെ പിറ്റെന്നെന്നെ ആള് വല്ല്യേ ഒരു ബോട്ട് ഉണ്ടാകി സകല പ്രജകളെയും അവരുടെ ജങ്കമങ്ങളെയും സേവ് ചെയ്തോന്നും ഒക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. ശരിയാവും പറഞ്ഞു കേട്ടിടത്തോളം ആള്‍ടെ പോലെ ഡീസന്റ് ആയ ഒരു രാജാവ് ആള്‍ക്ക് ശേഷം മാവേലി മാത്രാണ് ഉണ്ടായതെന്ന് തോന്നുന്നു.

ഈ മനു രാജാവിന്റെ മൂത്ത പുത്രന്‍ ആയിരുന്നു ഉത്തനപാദന്‍. അച്ഛനെപ്പോലെ സത്സ്വഭാവിയും പ്രജാക്ഷേമതല്പരനും ആയിരുന്ന ആള്‍ക്ക്  സുനീതി എന്നും സുരുചി എന്ന് പേരുള്ള രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു എന്ന് പറയുമ്പോള്‍ത്തനെ ആള്‍ടെ ധീരതയുടെ ഒരു ഡെപ്ത് നമുക്ക് മനസിലാവേണ്ടതാണ് . തെലുഗില്‍ ഇത്തരം ആളുകളെ മഗധീര എന്നാ പറയുന്നത് പോലും.  ഉത്താനപാദനു  സുനിതിയില്‍ ധ്രുവ് എന്നും സുനീതിയില്‍ ഉത്തമന്‍  എന്നും പേരായ രണ്ടു ബോയ്സ് ജനിച്ചിരുന്നു. ഒരൂസം അച്ഛന്റെ മടിയിലേക്ക്‌ ചുമ്മാ ഓടിക്കയറാന്‍ ധ്രുവ് നോക്കുന്നത് കണ്ടു സുനീതി ഇറിറ്റെറ്റടാവേം ചെക്കനെ കണ്ണ് പൊട്ടണ ചീത്ത വിളിക്കേം ചെയ്തുത്രെ. നിനക്ക്  ഉത്തമനെ പോലെ അച്ഛന്റെ മടിയില്‍ കയറി ഇരിക്കണമെങ്കില്‍  വിഷ്ണുവിന്റെ അനുഗ്രഹോം വാങ്ങി വാടാ ചെക്കാ എന്ന് അപമാനിക്കേം കൂടി ചെയ്തളഞ്ഞു സുരുചി.

ചീത്ത കേട്ട ധൃവിന്റെ അഞ്ചു വയസുള്ള പിഞ്ചു നെഞ്ച് തകരേം  എന്നാപ്പിന്നെ അനുഗ്രഹം വാങ്ങീട്ടേ  ഒള്ളൂന്നു എയിം ചെയ്തു ഓണ്‍ ദി സ്പോട്ട് തപസു ചെയ്യാന്‍ കാട്ടിലേക്ക് വച്ച് പിടിക്കേം ചെയ്തു പുള്ളി. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ വിഷ്ണു പ്രത്യക്ഷപ്പെടെം ധ്രുവ് നെ ചിരഞ്ജീവി ആയി പ്രഖാപിച്ചു ആകാശത്തിലെ ഉയരത്തില്‍ കൊണ്ട് പോസ്റ്റ്‌ ചെയ്യേം ചെയ്തു. സപ്തര്‍ഷികള്‍ എന്ന് നാം വിളിക്കുന്ന ഏഴു നക്ഷത്രങ്ങള്‍ക്കിടയില്‍ ധ്രുവ നക്ഷത്രമായി മാനവ രാശി ഉള്ളിടത്തോളം കാലം ധ്രുവ് ആകാശത്തുണ്ടാവും.

സൌകര്യത്തിനു യദുവെന്നും, കുട്ടൂസ് എന്നും അല്ലൂസ്  എന്നും ഒക്കെ വിളിക്കുന്ന ഞങ്ങളുടെ കുഞ്ഞു വാവക്ക് പേരിടാന്‍ ഞങ്ങള്‍ക്ക് വേറൊന്നും ആലോചിക്കേണ്ടി വന്നില്ല..90 ദിവസം തികഞ്ഞ പ്പോള്‍ അവന്റെ അച്ചാച്ചന്‍ മടിയിലിരുത്തി ഒരു ചെവി തളിര്‍വെത്തില കൊണ്ടടച്ച്   മറു ചെവിയില്‍ വിളിച്ചു...ധ്രുവ് !!

അവന്റെ ഒന്നാം പിറന്നാള്‍ വന്ന ദിവസം ഞങ്ങള്‍ അവനു വേണ്ടി എഴുതിയ പാട്ടാണ് ഇത് ..കവിതയും ഞാനും തമ്മില്‍ വലിയ ബന്ധമൊന്നുമില്ല കണ്ടിട്ടുണ്ട് .....ജസ്റ്റ്‌ അറിയാം ...എന്ന ലൈനില്‍ ആണ് കാര്യങ്ങള്‍...എന്നാലും ചെക്കന്‍ ഉണ്ടാവേം കയ്യോടെ അവന്റെ പിറന്നാള് വരേം ചെയ്തപ്പോ രണ്ടു വരി എഴുതി നോക്ക്യാലോ എന്നൊരു ദുരാലോചന വരാണ്ടിരുന്നില്ല ..ആ  ആവേശപ്പുറത്ത് എഴുതിയതാണ് ഈ വരികള്‍... തെറ്റുകള്‍ കയ്യോടെ കണ്ടു കമന്റാക്കി ഇടുമല്ലോ ... വായിച്ചിട്ട് തരക്കേടില്ല ...നന്നാക്കായിരുന്നു ....എന്നൊക്കെ പറയാം ...ട്യൂണ്‍ ചെയ്തു ഡ്യുയറ്റായി പാടിയിട്ടുണ്ട്...മനക്കട്ടിയുള്ളവര്‍ക്ക് യൂ ടുബില്‍ കയറി കാണാം ..ലിങ്ക് ഇതാ ഇവിടെ http://www.youtube.com/watch?v=2EyK5tXfKEY
മേലെ വിണ്ണില്‍ താരയായ് പൂത്ത ചെല്ലപ്പൂവ് നീ
നെഞ്ചിലെയിളം കാറ്റുനീയാര്‍ദ്ര   സ്നേഹശില്പമേ...

വന്നൂ നീ മണ്ണിലാദ്യമായ് വിരുന്നുവന്നനാള്‍
എല്ലാരും ആറ്റുനോറ്റിരുന്നു നീ പിറന്നനാള്‍
                       

                                                          (മേലെ വിണ്ണില്‍ ..)

നിന്‍ മൊഴിയില്‍ പുഞ്ചിരിയില്‍ ആര്‍ദ്രസ്നേഹ മന്ത്രണം 

പെയ്തൊഴിയാ കുസൃതികളില്‍ എന്‍ ജീവരാഗ സ്പന്ദനം

കണ്ണേ കണ്മണി നീ വളരേണം
എങ്ങും കേമനായ്  നീയുയരേണം

പീലി ചൂടും
ഗോപാലന്‍
കളരൂപനായി നിന്നില്‍ വേണം
കണികണ്ടു പുലരികളിലുണരാന്‍
ഇനി നിന്റെ പുഞ്ചിരികള്‍ വേണം.

എങ്ങും പൂക്കും മന്ദാരത്തിന്‍ പൂപോല്‍ നീ വാവേ
നീയിന്നീയോമല്‍ പാട്ടിന്‍ കൂടെയാടാന്‍ വാവാവോ 

                                                          (മേലെ വിണ്ണില്‍ ..)

നിന്‍ കൈവളര് കാല്‍  വളര് പൊന്നുടല്‍ പൂവളര്
പൊന്‍ കണിയായ് നീയുണര്  ഈ രാവലിഞ്ഞു തീരവേ

നാടിന്‍ വീരനായ് നീ വളരേണം
എന്നും നേരിനായ് നീ പൊരുതേണം


കാറൊഴിഞ്ഞ കുളിര്‍ വാനില്‍
മഴവില്ല് പോലെ
വിരിയേണം 
സാന്ദ്ര സന്ധ്യകളിലെന്നും
മതിലേഖ പോലെ തെളിയേണംഎന്നും വീടിന്നാനന്ദത്തിന്‍ നാളം നീ വാവേ... 

എന്നുള്ളില്‍ പൂക്കും സായൂജ്യത്തിന്‍ മലരാം കുഞ്ഞാവേ .
.

                                                                     (മേലെ വിണ്ണില്‍ ..)

Tuesday, January 15, 2013

അനന്ത നീല വിഹായസ്

മുഖവുര : 

ലോകത്തില്‍ ഗൗതമ ബുദ്ധനൊഴികെ എണ്ണം പറഞ്ഞ സകല ടീംസിനും 
ഉന്നതങ്ങളില്‍ വച്ചാണത്രേ വെളിപാടുണ്ടായത്!!


പൂര്‍വ കഥ :

ജോലിക്ക് ജോയിന്‍ ചെയ്തിട്ട് ആദ്യത്തെ ഔദ്യോതിക ആകാശ യാത്ര.
അതിനു മുന്‍പ് പോയത് വിമാനത്തില്‍ കയറിയത് ചില സ്ക്രാപ്പ് സ്വപ്നങ്ങളില്‍ മാത്രം.
 
പണ്ടൊരിക്കല്‍ കയ്യീന്ന് കാശിറക്കി പൂനെയില്‍ നിന്നും ബാംഗ്ലൂര്‍ വരെ വന്നിട്ടുണ്ട്.
അന്ന് വിന്‍ഡോ സീറ്റ്‌ കിട്ടിയില്ല...... നടുവിലാണ്..... വിന്‍ഡോ സീറ്റില്‍
ലളിതമായ മേക്കപ്പില്‍ ഒരു സഹയാത്രിക.....
ലിപ്സ്റ്റിക്.... റൂഷ്....ഐ ലൈനര്‍.....ലോ നെക്ക് ടി ഷര്‍ട്ട്‌ ...മിനി ...ജഗപൊഗ!!
മുഖ്യമന്ത്രിയുടെ സുതാര്യ കേരളത്തിന് മോഡലാക്കാവുന്ന അംഗലാവണ്യം.

"ഞാന്‍ ആദ്യായിട്ടാണ്‌ വിമാനത്തില്‍ ...... മാഡത്തിന് വിരോധം
ഇല്ലെങ്കില്‍ വിന്‍ഡോ സീറ്റില്‍ ഇരുന്നോട്ടെ ?" എന്ന് ഞാന്‍ അന്ന് ഇംഗ്ലീഷില്‍
ചോദിച്ചത് മനസാലാവഞ്ഞിട്ടാണോ,
അതോ അന്നത്തെ നമ്മുടെ ഇംഗ്ലീഷിന്റെ പരിതാപകരമായ അവസ്ഥ
കൊണ്ടാണോ എന്നറിയില്ല മാരുതി 800 ന്റെ വിന്‍ഡോയിലൂടെ ഫുഡ്‌ പാത്തിലൂടെ
നടന്നു പോവണ നാടന്‍ നായയെ പോമെറേനിയന്‍ നോക്കണ ടൈപ്പ് ഒരു നോട്ടം
നോക്കി സഹയാത്രിക. വേണ്ടെങ്കില്‍ വേണ്ട !! നമ്മള്‍ ചോദിച്ചില്ല എന്ന് വേണ്ട !!!
മിനിയിട്ടു നടന്നിട്ടെന്താ കാര്യം ?? ഹൃദയവിശാലത വേണം... ഹൃദയവിശാലത ....
(ഇതൊക്കെ എവിടുന്ന് കുറ്റിയും പറിച്ചു വരുന്നോ ആവോ ??? )

അവരെ പറഞ്ഞിട്ട് കാര്യമില്ല ...കിബ്രൊ യിലെ ബാബുവേട്ടന്‍ തയ്ച്ച മെയിഡ് ഇന്‍
കൈപ്പമംഗലം പാന്റ്സ് ആന്‍ഡ്‌ ഷര്‍ട്ട്‌ ആണ്.........
അലന്‍ സോളിയോ പാര്‍ക്ക്‌ അവന്യൂവോ ആകേണ്ടിയിരുന്നു....അടുത്ത ഇന്ക്രിമെന്റ് വരട്ടെ !!

വായു വാഹനം പറന്നു പൊങ്ങുമ്പോള്‍ വിന്‍ഡോ സീറിലൂടെ ഏന്തി വലിഞ്ഞു
നോക്കി പുറം ലോകം കണ്ടളയാം എന്നാ ചിന്ത അക്കാലത്തു അങ്ങനെയെന്തോ
ചെയ്ത മന്ത്രിക്കു വന്നു ഭവിച്ച മാനഭംഗമോര്‍ത്തും പോമെരെനിയന്റെ നമ്മളോടുള്ള
അനുഭാവത്തിന്റെ തീവ്രതയോര്‍ത്തും വേണ്ടന്നു വച്ചു.
ഇനിയിപ്പോ അത് ചെയ്തിട്ട് ചീത്തപ്പേരുണ്ടാക്കേണ്ട ആവശ്യമെനിക്കില്ല!!
              
 
               *             *             *

ഉത്തര ഖണ്ഡം :

പറഞ്ഞു വന്നത് "ജോലിക്ക് ജോയിന്‍ ചെയ്തിട്ട് ആദ്യത്തെ ഔദ്യോതിക ആകാശ യാത്ര".
ബാംഗ്ലൂര്‍ എയര്‍ പോര്‍ട്ടില്‍ നിന്നും വിമാനം പറന്നു പൊങ്ങി...
ഇത്തവണ വിന്‍ഡോ സൈഡ് തന്നെ ബോര്‍ഡിംഗ് പാസ് എഴുതാന്‍ ഇരുന്ന പെങ്കൊച്ചിന്റെ
അടുത്തു കരഞ്ഞു പറഞ്ഞു ഒപ്പിച്ചെടുത്തു ...
വിമാനം ഒരു 35000 അടി ഉയരത്തില്‍ ആയപ്പോള്‍ ...ദൈവമേ 'കിര്‍.... കിര്‍' എന്ന് ഇടയ്ക്കു
ഓരോ ശബ്ദം കേള്‍ക്കണത് ചിറകിന്റെ ചെറിയ വല്ല സ്ക്രൂവും ലൂസാവണതാവോ
എന്നൊക്കെ ഒരു തോന്നലുണ്ടായെങ്കിലും ... എങ്കിലും നമ്മള്‍ ഇതൊക്കെ എത്ര കണ്ടതാ ലൈനില്‍
ആ ഏരിയയില്‍ ന്യൂനമര്‍ദ്ദം സൃഷ്ട്ടിച്ചാണ് ഇരുപ്പു.
അടുത്തിരുന്ന പസ്സെന്‍ജ്ജര്‍ക്ക് ഒരു 60 യില്‍ കൂടുതല്‍ പ്രായം കാണും ...
(റൂഷ് ഇടുന്ന വംശത്തിനു വംശനാശം സംഭവിച്ചോ ?? അല്ലെങ്കിലും നമ്മള് അലെന്‍ സോളി
ഇടുമ്പോള്‍ ആരും കാണില്ല. )

"എവിടുന്ന് വരുന്നു? എങ്ങോട്ട് പോണു??" എന്നൊക്കെ
ആള് നമ്മളോട് ചോദിച്ചത് ചുമ്മാ പരിചയപ്പെടാന്‍ ആണെന്ന് മനസിലായി
(ആരെങ്കിലും കൊച്ചിയില്‍ നിന്നും ചെന്നൈക്ക് പോകാന്‍ ബാംഗ്ലൂര്‍-ഡല്‍ഹി
വിമാനത്തില്‍ കയറി ഇരിക്കോ?) എന്താ ചെയ്യണേ? എന്നൊക്കെ ആള് ചോദിച്ചതൊന്നും
എനിക്ക് ഇഷ്ടമായില്ലെങ്കിലും നമ്മള് അത്ര ചില്ലറക്കാരനല്ല എന്ന
ലൈനില്‍ നമ്മള്‍ കാര്യം പറഞ്ഞു.

"ഐ വാസ് ഇന്‍ ആര്‍മി...ആന്‍ഡ്‌ റിട്ടയേര്‍ഡ്‌ ആസ് എ കേണേല്‍ ..." ആള് പറഞ്ഞു.

"ഹ്മ്മ് !!" അഹങ്കാരം ഒട്ടും കുറയ്ക്കാതെ ഞാന്‍ മൂളി ..നമ്മളെക്കാള്‍ വലിയ ടീം ആണെന്ന അഹങ്കാരം 
ഇല്ലേ ആ പറച്ചിലില്‍??..... സട കൊഴിഞ്ഞ സിംഹം ആണ് .....പട്ടാളക്കാരെ നമ്മള്‍ ആദ്യായിട്ടു
കാണല്ലല്ലോ എന്നൊക്കെ  മനസ്സില്‍ വിചാരിക്കേം ചെയ്തു.
അല്ലെങ്കിലും പ്രിയദര്‍ശന്റെ 'മേഘം' കണ്ടതില്‍
പിന്നെ കേണേല്‍മാരോടു പൊതുവെ എനിക്കങ്ങിനെ മതിപ്പില്ല.
 

"വാട്ട്‌ ഈസ്‌ യുവര്‍ പ്ലാന്‍ ഫോര്‍ ദി നെക്സ്റ്റ് ഫൈവ് ഇയര്സ് ??" കേണേല്‍ വിടു
ന്ന മട്ടില്ല.

ഇയാളെന്താ സെമസ്റെര്‍ എക്സാമിന്റെ കൊസ്റ്യന്‍ പേപ്പറോ ?? മനുഷ്യനെ ചുമ്മാ ഇരിക്കാനും സമ്മതിക്കില്ലേ???
എന്നൊക്കെ മനസ്സില്‍ പറഞ്ഞു ഒട്ടിച്ചു വച്ച ഒരു ചിരിയോടെ ഞാന്‍ പറഞ്ഞു

"ഇപ്പൊ ചെയ്യണ ജോലിയില്‍ സന്തോഷം ഉണ്ട്.... എനിക്കിതു മതി കൂടുതല്‍ ഒന്നും വേണ്ട !!"
(തട്ടീം മുട്ടീം അങ്ങിനെയങ്ങ് പോയാ മതി എന്നതിനു ഇംഗ്ലീഷില്‍ ഒരു പ്രോപ്പര്‍ ഫ്രൈസ് എനിക്ക്യപ്പോ
ഓര്‍മ്മ വന്നില്ല....അല്ലെങ്കില്‍ ഫ്രൈസിട്ടു ഇമ്പ്രെസ്സ് ചെയ്യായിരുന്നു ..)

അപ്പോഴായിരുന്നു ആളുടെ ആ ഡയലോഗ് "കാന്‍ യു ലുക്ക്‌ അപ്പ്‌ ത്രൂ ദി വിന്‍ഡോ ??"

ഞാന്‍ നോക്കി. ആകാശം മാത്രം ...അനന്തമായ ആകാശം .... ... അനന്ത നീല വിഹായസ് !!!

അപ്പൊ ആ റിട്ടയേര്‍ഡ്‌ കേണലിന്റെ ശബ്ദം കാതില്‍ ...മിലിട്ടറി റേഡിയോ മെസ്സേജ് പോലെ പരുപരുത്തു കേട്ടു .

" വീ ആര്‍ അറൌണ്ട് 35000 ഫീട്ട്സ് അബോവ് ദി സീ ലെവല്‍ ...
ബട്ട്‌ സ്റ്റില്‍ ദി സ്കൈ ഈസ്‌ സൊ ഹൈ...ആന്റ് ഇറ്റ്‌ വില്‍ ബി ലൈക്‌ ദാറ്റ്‌ ആള്‍വൈസ്
ഇവന്‍ ഇഫ്‌ യു ഗോ അപ് വേര്‍ഡ്സ് മോര്‍ ആന്‍ഡ്‌ മോര്‍...... "

ആ നിമിഷത്തില്‍ തലച്ചോറില്‍ എവിടെയോ ഒരു ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായി ....സ്പാര്‍ക്ക്
രണ്ടുമൂന്നെണ്ണം പലവഴി പാഞ്ഞു. ദൈവമേ ഇതാണോ സൊ കോള്‍ഡ്...  ബോധോദയം ??

അതിനു ശേഷം ഡല്‍ഹിയില്‍ ലാന്‍ഡ്  ചെയ്യണ വരെ ഒരു പാട് കാര്യങ്ങള്‍
അദ്ദേഹം പറഞ്ഞു പക്ഷേ ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങി അദ്ദേഹത്തോട്
യാത്ര പറഞ്ഞു ഒരു ടാക്സിക്ക് കൈ കാണിച്ചു "ഗസ്റ്റ് ഹൌസ് " എന്ന് പറഞ്ഞു പിന്‍
സീറ്റില്‍ ചാഞ്ഞു കിടന്നു  കണ്ണടച്ചപ്പോള്‍ എന്റെ മനസ്സില്‍ കേണലിന്റെ രണ്ടേ രണ്ടു
ഡയലോഗ്സ് മാത്രെ ഉണ്ടായിരുന്നുള്ളൂ......

"...നൗ വീ ആര്‍ അറൌണ്ട് 35000 ഫീട്ട്സ് അബോവ് ദി സീ ലെവല്‍ ...
  ബട്ട്‌ സ്റ്റില്‍ ദി സ്കൈ ഈസ്‌ സൊ ഹൈ.......ആന്റ് ഇറ്റ്‌ വില്‍ ബി ലൈക്‌ ദാറ്റ്‌
  ആള്‍വൈസ് ...ഇവന്‍ ഇഫ്‌ യു ഗോ അപ് വേര്‍ഡ്സ് മോര്‍ ആന്‍ഡ്‌ മോര്‍......
  ..........................
  വാട്ട്‌ ഈസ്‌ യുവര്‍ പ്ലാന്‍ ഫോര്‍ ദി നെക്സ്റ്റ് ഫൈവ് ഇയര്സ് ?? "

ഡല്‍ഹി 'ഫീവര്‍ 104 "എഫ് എം സ്റ്റേഷനിലെ റേഡിയോ ജോക്കിയുടെ മധുര ശബ്ദത്തിന്
മുകളിലൂടെ ഡോള്‍ബി ഡിജിറ്റല്‍ സിക്സ് ട്രാക്ക് ല്‍ അത് വീണ്ടും വീണ്ടും കിടന്നു മുഴങ്ങി.

                    *             *             *

യപ്പ് !! വാട്ട്‌ മറ്റേഴ്സ് ഈസ്‌ .... ആറ്റിറ്റ്യൂഡ് !!!


............................................................................................................................
വാല്‍ക്കഷ്ണം:

സന്ദര്‍ഭവും കാരണവും വേറെയാണെങ്കിലും മിലിട്ടറി ക്വാട്ട റം അടിച്ചിട്ട്
നാട്ടിലെ രാഘവേട്ടന്‍ പറയണ ഡയലോഗ് ഞാന്‍ ഇവിടെ
കോപ്പി പേസ്റ്റ് ചെയ്യാണ്
".......ന്തൊക്കെ പറഞ്ഞാലും പട്ടാളം പട്ടാളം തന്ന്യാണ് !!!"
...........................................................................................................................